കണ്ണുകള്‍ക്ക് ഉത്സവം പകരുന്ന കല്‍ക്കൊട്ടാരം

പാറയ്ക്ക് മുകളില്‍ വളര്‍ന്നു വന്നത് പോലെയാണ് കൊട്ടാരം ആദ്യത്തെ കാഴ്ചയില്‍ തോന്നുക.

ലോകത്തിലെ ഏറ്റവും മനോഹരമായ നിര്‍മിതികളില്‍ ഒന്നാണ് യെമനിലെ ദര്‍ അല്‍ ഹാജര്‍ എന്ന് പേരുള്ള കല്‍ക്കൊട്ടാരം. അഞ്ചു നിലകളുള്ള ഈ കൊട്ടാരം ഏതു കോണില്‍ നിന്ന് നോക്കിയാലും കണ്ണുകള്‍ക്ക് ഉത്സവം പകരുന്ന കാഴ്ചയാണ്. ഏറെ ചരിത്രപ്രാധാന്യമുള്ളതിനാല്‍ യെമന്‍റെ മുഖമുദ്രകളില്‍ ഒന്നുകൂടിയാണ്  ഈ കെട്ടിടം. കൊട്ടാരത്തിന്‍റെ ചിത്രം യെമന്‍റെ 500 റിയാല്‍ നോട്ടില്‍ അച്ചടിച്ചിട്ടുണ്ട്. ഒരു പെയിന്‍റിങ് പോലെ മനോഹരമായ ഈ കൊട്ടാരം കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വര്‍ഷംതോറും നിരവധി സഞ്ചാരികള്‍ എത്തുന്നു.

യെമനിലെ ഏറ്റവും വലിയ നഗരമായ സനയില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെയായി വാദി ധര്‍ എന്ന സ്ഥലത്താണ്  ദര്‍ അല്‍ ഹാജര്‍ കൊട്ടാരം സ്ഥിതിചെയ്യുന്നത്. 1920- കളിലാണ് ഈ കൊട്ടാരം നിര്‍മിച്ചത്. അക്കാലത്ത് യെമന്‍ ഭരിച്ചിരുന്ന യാഹ്യ മുഹമ്മദ്‌ ഹമീദ് എഡ് ദിന്‍ എന്ന ഭരണാധികാരിയുടെ വേനല്‍ക്കാല വസതിയായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇമാം മൻസൂർ എന്ന പണ്ഡിതനുവേണ്ടി നിർമ്മിച്ച കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലായാണ് ഇത് പണിതുയര്‍ത്തിയത്. 1962 ലെ യമൻ വിപ്ലവം വരെ രാജകുടുംബത്തിന്‍റെ കീഴിലായിരുന്നു കൊട്ടാരം. ഇപ്പോള്‍ ഇതൊരു മ്യൂസിയമാണ്. 


ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി ഒരു കോട്ട പോലെയാണ് കൊട്ടാരം നിര്‍മിച്ചിട്ടുള്ളത്. യെമനി വസ്തുവിദ്യയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നതാണ് ഇതിന്‍റെ നിര്‍മാണ ശൈലി. കെട്ടിടത്തിനടിയിലുള്ള ഭൂഗര്‍ഭ ജലം പ്രത്യേക സംവിധാനം വഴി മുകളിലെക്കെത്തിച്ചാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പ്രത്യേക മണ്‍പാത്രങ്ങളില്‍ വെള്ളം തണുപ്പിക്കുന്നതിനായുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.

പാറയ്ക്ക് മുകളില്‍ വളര്‍ന്നു വന്നത് പോലെയാണ് കൊട്ടാരം ആദ്യത്തെ കാഴ്ചയില്‍ തോന്നുക. ജാലകങ്ങള്‍ക്ക് ചുറ്റുമായി വെളുത്ത നിറത്തില്‍ പ്രത്യേക തരം ചിത്രപ്പണികള്‍ കാണാം. ഉള്ളിലാകട്ടെ, സ്റ്റോറേജ് റൂമുകളും അതിഥികള്‍ക്കായുള്ള സ്വീകരണ മുറികളും ധാരാളം കിടപ്പുമുറികളും അടുക്കളയും എല്ലാമുണ്ട്. കൂടാതെ, രാജാവിന്‌ പത്നിമാര്‍ക്കൊപ്പം ശയിക്കുന്നതിനായി നിര്‍മിച്ച പ്രത്യേക പള്ളിയറയും ഇവിടെയുണ്ട്. ഇപ്പോള്‍ ഈ കെട്ടിടം മ്യൂസിയമായി പ്രവര്‍ത്തിക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് ഇവയെല്ലാം കാണുന്നതിനുള്ള അവസരമുണ്ട്.

കടപ്പാട്

കൊലയാളികളുടെ കൊലയാളി

Author
Sub-Editor

Sabira Muhammed

No description...

You May Also Like