വഴിമാറി ഒഴുകുന്ന ഉള്ളുലച്ചിലുകൾ

സ്വന്തം വീടുകളിലെങ്കിലും പെയ്തൊഴിയാനുള്ള സ്വാതന്ത്ര്യം ഇല്ലാതെ പോകുന്നുണ്ട് പലപ്പോഴും സ്ത്രീകൾക്ക്

          "എന്റെ ക്ഷോഭങ്ങൾ എന്റെ പരിസരത്തിൽ യാതൊരുവിധ മാറ്റവും അവശേഷിപ്പിക്കാതെ പോകുമ്പോൾ എനിക്ക് എന്നോടെങ്കിലും കലഹിക്കാതെ തരമില്ല. തിരിച്ചുവിട്ട ക്ഷോഭമാണ് ആത്മഹത്യയെന്ന് ഒരു നിരീക്ഷണമുണ്ട്. ക്ഷോഭമാകട്ടെ പലപ്പോഴും ഒരാളുടെ മറച്ചുവച്ച സങ്കടവും. " എന്നോ വായിച്ച വരികളാണ്.  

 കലഹിച്ചിരിക്കുന്ന സ്ത്രീകൾ ഓരോരുത്തരും വളരെ വ്യത്യസ്തമായാണ് അവരുടെ ദേഷ്യവും സങ്കടവും തീർക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാൻ എന്റെ ഫ്രണ്ട് ഒരു ചേച്ചിയോട് ഫോണിൽ സംസാരിക്കുകയായിരുന്നു. സംസാരത്തിനിടയിൽ പുള്ളിക്കാരി പറയുകയുണ്ടായി . "ഞാൻ ഇന്ന്  മുഴുവൻ ഫ്രീയാണ് , ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ ജോലികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു." എന്തേ ചേച്ചിക്ക് സുഖമില്ലേ എന്ന് ഞാൻ ചോദിച്ചു. " സുഖമില്ല ശരീരത്തിനല്ല മനസ്സിന് . ഇന്നലെ ഞാൻ എന്റെ കെട്ടിയോനുമായി ഒന്നുടക്കി. അതുകൊണ്ട് ഞാനിന്ന് പാചകം ചെയ്യേണ്ട എന്ന് തിരുമാനിച്ചു . എനിക്ക്  ഇഷ്ടമുള്ള വരെയൊക്കെ വിളിച്ച് സംസാരിക്കാമെന്ന് വച്ചു. നമ്മൾ വഴക്കിട്ട് സങ്കടപ്പെട്ടിരുന്നാലും ഇവിടെ ആരെയും ഒന്നും ബാധിക്കില്ലെന്നു ഞാൻ മനസിലിക്കി തുടങ്ങിയത് കുറച്ചു കാലം മുൻപാണ്.  കാരണം നമ്മക്കു എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യും കുറച്ച് ദിവസം വഴക്കിട്ട് ആരോടും മിണ്ടാതെ മുഖം വീപ്പിച്ചു നടക്കും. വിശേഷാൽ ഒന്നും സംഭവിക്കില്ല. അവസാനം സഹികെട്ട് നമ്മൾ തന്നെ വഴക്കവസാനിപ്പിക്കേണ്ടി വരും. എന്തിനു വേണ്ടി വഴക്കിട്ടോ അതുമായി നമ്മൾ ഒത്തുതീർപ്പിൽ എത്തേണ്ടി വരും. അങ്ങനെ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഞാൻ മാത്രം അനുഭവിച്ച്, ഞാൻ തന്നെ പരിഹരിച്ച് എന്നെ തന്നെ സമാധാനിപ്പിക്കുന്ന പണി നിർത്തി. ഇന്ന്  കാരണങ്ങൾ മാനസികമായി എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നതു കൊണ്ട്   ഞാൻ മാനസിക നില വീണ്ടെടുക്കുന്നതു വരെ എന്റെ സേവനം ഈ വീട്ടിൽ ഉണ്ടായിരിക്കുന്നതല്ല. വേണമെങ്കിൽ സ്വയം പാചകം ചെയ്തു കഴിക്കാം അല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങിക്കാം എന്നൊരു നോട്ടീസ് കൊടുക്കും . ചിലപ്പൊ ഞാൻ എന്തിനു വേണ്ടി വഴക്കിട്ടോ ആ കാര്യം നടന്നില്ലെന്നു വന്നാലും രണ്ടു ദിവസം കഴിയുമ്പോൾ പുള്ളിക്കാരനും മക്കളും കൂടി ഇങ്ങോട് ഒത്തുതീർപ്പിനു വരും. കുറച്ചു ബുദ്ധിമുട്ടൊക്കെ തിരിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ വെറും വിഢികളായി പോവില്ലേ?

 ചേച്ചിയോട് സംസാരിച്ച്  ഫോൺവച്ചു കഴിഞ്ഞപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു. സങ്കടവും ദേഷ്യവുമൊക്കെ വരുമ്പോൾ അതിനെ വഴി തിരിച്ചു  വിടുവാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ച് എന്റെ സുഹൃത്തുക്കൾ പലരും മനസ്സു തുറന്നതിനെ പറ്റി. ഭർത്താവിനോട് ഏതെങ്കിലും കാര്യത്തിൽ ദേഷ്യം തോന്നിയാൽ ഉടനെ പോയി മുടി മുറിക്കുന്ന ഒരു കൂട്ടുകാരിയുണ്ട് എനിക്ക് . അവളോട് വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ എപ്പോഴോ അദ്ദേഹം പറഞ്ഞത്രേ നീണ്ട്  ഇടതൂർന്ന മുടി കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് അയാൾ അവളെ വിവാഹം കഴിച്ചതെന്ന് . ഇപ്പൊ ഓരോ ദേഷ്യത്തിനും മുറിച്ചു മുറിച്ച്  കഴുത്തൊപ്പം നീളം മാത്രമായി ആ മുടിക്ക്...

മറ്റൊരുവൾ കലി കയറിയാൽ വണ്ടിയും എടുത്ത് തുണി കടയിലേക്ക് ഒറ്റ വിടലാണ്. അവിടെ നിന്ന് കുറച്ച് ഡ്രസ്സൊക്കെ തപ്പിയെടുത്ത് കഴിയുമ്പോൾ അവൾക്ക് കുറച്ചൊരാശ്വാസം കിട്ടുമത്രേ. അങ്ങനെ വാങ്ങിക്കൂട്ടിയ വസ്ത്രങ്ങൾ മൂന്ന് അലമാരയും കഴിഞ്ഞ് അടുത്ത അടുത്ത മുറിയുടെ കബോഡുകളിലേക്കും സ്ഥലം പിടിച്ചു തുടങ്ങി. അവളുടെ മറവിയിലേക്ക് പോയ കുറെ വസ്ത്രങ്ങൾ ആ അലമാരകളിൽ നിത്യ വിശ്രമം കൊള്ളുനുണ്ട്.

എന്റെ ഒരു അനിയത്തികുട്ടി ഒരിക്കൽ പറയുകയുണ്ടായി അവൾക്ക് എന്തെങ്കിലും സങ്കടമോ ദേഷ്യമോ വന്നാൽ  ഏതെങ്കിലും ഭാഷയിലെ കോമഡി സിനിമകൾ കാണുമെന്ന്. കുറഞ്ഞത് ഒരു ദിവസം മൂന്ന്  സിനിമ എന്ന കണക്കിൽ കാണും. ജീവിതമോ ട്രാജഡി സിനിമയിലെ കോമഡിയെങ്കിലും കണ്ട് സന്തോഷിക്കാം എന്നാണ് അവൾ പറയുന്നത്. ഞാനും ചിന്തിക്കുകയായിരുന്നു എന്റെ ദേഷ്യങ്ങളെ ഞാൻ എങ്ങനെയാണ് വഴിതിരിച്ചു വിടുന്നതെന്ന് .  അത്തരം ഭാരപ്പെട്ട ദിവസങ്ങളിൽ  കൂടുതൽ സമയം വീടു വൃത്തിയാക്കുന്നതിൽ എർപ്പെടും. ക്ഷീണിക്കുന്നതു വരെ അത് തുടരും. പിന്നെ ഐസ്ക്രിം വാങ്ങിച്ച് ആർക്കും കൊടുക്കാതെ കഴിക്കും. അങ്ങനെയൊക്കെയാണ് ഞാൻ എന്റെ ക്ഷോഭങ്ങളിൽ എന്നോടു തന്നെ കലഹിക്കുന്നത്.

കെ ആർ മീരയുടെ മിരാസാധു വിനെ ഓർമ്മവരുന്നു. ഉടലിന്റെ വശ്യത തേടിയെത്തുന്ന ആൺ കാമത്തിന് എല്ലാം സമർപ്പിക്കുകയും . അതേ സമർപ്പണത്തോടെ തന്നെ ഉടലും ഉയിരും കൊണ്ട് ആൺ വഞ്ചനയ്ക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്യുന്ന മീരാസാധു.  മാധവനോട് അവൾക്ക് അന്ധമായ പ്രണയമായിരുന്നു. അല്ല, അത്തരം ഒരു അന്ധതയിലേക്ക് അയാൾ അവളെ എത്തിക്കുകയായിരുന്നു. പക്ഷെ അയാളുടെ ജീവിതത്തിലെ ഇരുപത്തി എട്ടാമത്തെ കാമുകി മാത്രമായിരുന്നു അവളെന്ന തിരിച്ചറിവിലേക്ക് എത്തുമ്പോഴേക്കും അവർക്ക്  നഷ്ടപ്പെട്ടത് ഒരുപാടായിരുന്നു. മാധവൻറെ പ്രണയ ചൂടിൽ തുളസി വെന്തു മരിച്ചു. നൊന്തു പ്രസവിച്ച് പാലൂട്ടി വളർത്തിയ അയാളുടെ പ്രണയ സമ്മാനങ്ങളായ രണ്ടു കുഞ്ഞുക്കളെ ഐസ്ക്രീമിൽ വിഷം ചേർത്തു നൽകി ശവം തീനി ഉറുമ്പുകൾക്ക് ഭക്ഷണമായി നൽകികൊണ്ട്. പ്രണയത്തിൻറെ ശിക്ഷ അവൾ സ്വയം ഏറ്റു വാങ്ങുന്നു.  മനസ്സിനേയും ശരീരത്തെയും കഠിനമായി സ്വയം ശിക്ഷിച്ച്.ഒരു ഭിക്ഷാംദേഹിയായി  മാറിക്കൊണ്ട് അവളുടെ പ്രണയത്തോട് അവൾ തന്നെ പ്രതികാരം ചെയ്യുന്നു.

മാധവിക്കുട്ടിയുടെ 'കുറച്ചുമണ്ണ് ' എന്ന കഥയിലെ നായികയെയും മറക്കാൻ കഴിയില്ല. ഗർഭകാലത്തിലെ അവശതകളും പട്ടിണിയും കോലം കെടുത്തികളഞ്ഞ അവളുടെ  സങ്കടങ്ങളെ വകവയ്ക്കാതെ അയൽ വീട്ടിലെ സുന്ദരിയെ തേടിപ്പോകുന്ന അവളുടെ ഭർത്താവിന്റെ ചെയ്തികൾ അവളെ ഭ്രാന്തിയാക്കുന്നു. അയൽ വീട്ടിലെ മണ്ണു മോഷ്ടിച്ചു തിന്നുന്ന മുത്തച്ഛനെ എത്ര നിസാരവും നിശബ്ദവും നിർവികാരവുമായാണ് അവൾ കിണറ്റിൽ തള്ളിയിട്ട് കൊല്ലുന്നത്. തന്റെ വൈരൂപ്യവും കാർക്കശ്യവും കൊണ്ടാണ് അയാൾ മറ്റൊരു പെണ്ണിനെ തേടി പോകു ന്നത് എന്ന ചിന്തയുടെ പാരവശ്യം കൂടിയാണ് അവളെ ആ കൊലയ്ക്ക് പ്രേരിപ്പിക്കുന്നത്. അത് ഒരു തരത്തിൽ ആത്മബലി തന്നെയാണ്.  മുത്തച്ഛൻ കിണറ്റിൽ വീഴുന്ന ശബ്ദം കേട്ട് അവളുടെ വയറിനുള്ളിലുള്ള കുഞ്ഞ് ഞെട്ടുന്നു. ഇവിടെ ഒന്നുമില്ല മോൻ പേടിക്കാതെ ഉറങ്ങിക്കോളൂ  എന്ന് വയറിൽ കൈതൊട്ട് അവൾ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നു. ..

ക്ഷോഭങ്ങളുടെ വഴിതിരിച്ചു വിടൽ ഭ്രാന്തമായ പ്രതികാരങ്ങളിലേക്ക് എത്തിക്കുന്ന പല സ്ത്രീകളെയും ഇന്ന് സമൂഹത്തിൽ കണ്ടു കഴിഞ്ഞു. സ്വന്തം വീടുകളിലെങ്കിലും പെയ്തൊഴിയാനുള്ള സ്വാതന്ത്ര്യം ഇല്ലാതെ പോകുന്നുണ്ട് പലപ്പോഴും സ്ത്രീകൾക്ക്. അയാളുടെ കൈക്കുള്ളിൽ കിടന്ന് ശ്വാസം കിട്ടാതെ പിടയുമ്പോളും തേങ്ങലുകൾ അവൾ കടിച്ചമർത്തുന്നത് അടുത്ത മുറിയിലിരുന്നു പഠിക്കുന്ന  കുഞ്ഞിനെ ഓർത്താവും.  അവളുടെ  പ്രാധാന്യങ്ങളിൽ സ്വന്തം പേര് ഒരുപാട് താഴെ കിടന്ന് ശ്വാസം കിട്ടാതെ പിടയുന്നത് തിരിച്ചറിയുമ്പോഴേക്കും വൈകി പോയിട്ടുണ്ടാവും.....



Author
No Image
Journalist

Dency Dominic

No description...

You May Also Like