യക്ഷഗാന പാവകളി കലാകാരന്മാർ അരങ്ങിലാടുമ്പോൾ

സ്വന്തമായി ലക്ഷങ്ങൾ ചെലവിട്ട് യക്ഷഗാന കലാകാരൻ പണി തീർത്ത യക്ഷഗാന പാവകളി മ്യൂസിയം നിത്യചെലവിനു വകയില്ലാതെ പ്രതിസന്ധിയിലായിരുന്നു

വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ കാസർഗോഡ്, കർണ്ണാടകയോട് ചേർന്ന് കിടക്കുന്നതിനാൽ 'യക്ഷഗാനം'എന്ന കലാരൂപവും കലാകാരരെയും ഇവിടേയും കാണാം. കോവിഡ് കാലഘട്ടം ഏറെ പ്രതിസന്ധിയിലായിരുന്ന ഈ കലാരൂപവും കലാകാരന്മാരും വീണ്ടും അരങ്ങിലെത്തി തുടങ്ങിയിട്ടുണ്ട്.
കോവിഡിൽ കുരുങ്ങിയ യക്ഷഗാന പാവകളി മ്യൂസിയവും
ഉണർവായി വരുകയാണ്.
സ്വന്തമായി ലക്ഷങ്ങൾ ചെലവിട്ട് യക്ഷഗാന കലാകാരൻ പണി തീർത്ത യക്ഷഗാന പാവകളി മ്യൂസിയം നിത്യചെലവിനു വകയില്ലാതെ പ്രതിസന്ധിയിലായിരുന്നു. പുതിയ തലമുറയിലുള്ളവർക്കു സൗജന്യ യക്ഷഗാന പാവകളി പരിശീലനം, പാവ നിർമാണത്തിൽ പരിശീലനം, പാവകളി പ്രദർശനം തുടങ്ങിയവ കോർത്തിണക്കി യക്ഷഗാന കലാകാരൻ കെ.വി.രമേഷാണ് പാവകളി നിലനിർത്താനായി മ്യൂസിയം തുടങ്ങിയത്.
യക്ഷഗാന കലയെ വിദേശങ്ങളിലെത്തിച്ച കലാകാരനാണ് രമേഷ്. 1981ൽ വടക്കു -തെൻകു തിട്ടുകളിലായി 8 യക്ഷഗാന പാവകളി സംഘമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് രണ്ടെണ്ണം മാത്രമായി ചുരുങ്ങി. ഈ സാഹചര്യത്തിലാണ് തന്റെ കാല ശേഷവും ഈ കലാരൂപം നിലനിർത്താൻ 2013ൽ കാസർകോട് പുലിക്കുന്നിലെ വീടിനോടു ചേർന്ന് മ്യൂസിയം പണിതത്. 20 ലക്ഷം രൂപ വായ്പയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സഹായവും ചേർത്തായിരുന്നു ആരംഭം. കോവിഡ് കുടുക്കിയ കുരുക്ക് വല്ലാത്ത കുരുക്കായി.
200 പേർക്കു പ്രദർശനം കാണാനുള്ള സൗകര്യമൊരുക്കിയിട്ടുള്ള മ്യൂസിയത്തിൽ വിദേശികളുൾപ്പെടെ എത്തിയിരുന്നു. രാമായണം, ഭാഗവതം, മഹാഭാരതം, ദേവിമഹാത്മ്യം തുടങ്ങി വിവിധ പുരാണ കഥാഭാഗങ്ങളിലെ കഥാപാത്രങ്ങളായി 100 പാവകളെ കൊത്തി വച്ചിട്ടുണ്ട് രമേഷും സംഘവും. 90 സെന്റീമീറ്റർ ഉയരത്തിലുള്ള 1000 പാവകളെ കൊത്തിവയ്ക്കാനായിരുന്നു പദ്ധതി. തേക്കു തടിയിലുള്ള ഒരു പാവ തയ്യാറാക്കുന്നതിനു 30000 രൂപയാണ് ചെലവ് വരും. ശ്രീരാമന്റെ എട്ടും രാവണന്റെ ആറും തുടങ്ങി വ്യത്യസ്ത കഥാപാത്രങ്ങളെയാണ് തടിയിൽ കൊത്തിയെടുക്കുന്നത്.
കോവിഡ് കാലത്ത് പാവകളി അവതരണത്തിനു വേദികൾ നഷ്ടമായതോടെ വരുമാനം നിലച്ചു. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശ കയറി കട ബാധ്യത തരണം ചെയ്യാൻ കഴിയാതെയായി. കോവിഡ് കാലത്തിനു മുൻപ് വർഷം തോറും 20 പാവകളി പ്രദർശനം വരെ അവതരിപ്പിച്ചിരുന്നു. സമീപ പ്രദേശങ്ങളിൽ പരിപാടിക്ക് 20,000 രൂപയാണ് ലഭിക്കുക. ചെലവ് കഴിഞ്ഞു 5000 രൂപ വരെ മിച്ചം ലഭിക്കുമായിരുന്നു. കോവിഡ് ഇതെല്ലാം തകർത്തു. മ്യൂസിയം പൂർണതയിലെത്താത്ത വിഷമത്തിലാണ് രമേഷ്.
രമേഷ് 1981 മുതൽ ഈ രംഗത്തുണ്ട്.
പിതാവ് വെങ്കട കൃഷ്ണയ്യയുടെയും മുത്തച്ഛൻ ലക്ഷ്മി നാരായണയ്യയുടെയും സഹായത്തോടെയാണ് 1981ൽ യക്ഷഗാന പാവകളി പ്രദർശനവുമായി രമേഷ് രംഗത്തു വന്നത്. വിവിധ സംസ്ഥാനങ്ങളിലും പാക്കിസ്ഥാൻ, ചൈന, ദുബായ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലുമായി 3000ത്തോളം വേദികളിൽ പാവകളി പ്രദർശനം നടത്തിയിരുന്നു. നരകാസുര വധം, ഗരുഡ ഗർവ്വ ഭംഗം, ദേവി മഹാത്മ്യം, പഞ്ചവടി, ബാലിവധം, ലങ്കാദഹനം തുടങ്ങി 12 കഥാഭാഗങ്ങളാണ് അവതരിപ്പിച്ചിരുന്നത്. പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കെ.വി.രമേഷിന്റെ നേതൃത്വത്തിലുള്ള കാസർഗോഡ് പുലിക്കുന്ന് ഗോപാലകൃഷ്ണ യക്ഷഗാന ബൊംബെയാട്ട സംഘമാണ് തെൻകു തിട്ടുവിൽ നിലവിലുള്ള ഏക യക്ഷഗാന പാവകളി സംഘം. വടകു തിട്ടുവിൽ കുന്താപുരം ഉപ്പിന കുതിരുവിലെ ഗണേശ യക്ഷഗാന സംഘമാണുള്ളത്.
പൈതൃകവും സംസ്കാരവും ചരിത്രവും ലയിക്കുന്ന യക്ഷഗാനം കലാരൂപം നില നിർത്താൻ നാം ഓരോർത്തർക്കും അധികാരികൾക്കും ഉത്തരവാദിത്തമുണ്ട്.
Author
Journalist

Dency Dominic

No description...

You May Also Like