അധ്യാപകരാണ്, ദൈവങ്ങളല്ല

അധ്യാപകരും മനുഷ്യരാണെന്നും, മറ്റേത്  തൊഴിലും പോലെ അധ്യാപനവും ഒരു തൊഴിലാണെന്നും നമ്മൾ മറക്കാറുണ്ട്. 

ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നാൽ ആദ്യം വന്ദിക്കേണ്ടത് ഗുരുവിനെയാണെന്ന് കേട്ട് വളർന്നവരാണ് നാം. വരുന്നവരെയും പോകുന്നവരെയും ദൈവങ്ങളാക്കുന്ന നമ്മുടെ നാട്ടിൽ, അധ്യാപകരെക്കൂടി ദൈവതുല്യമായി കാണാനുള്ള ശ്രമം പണ്ട് മുതലേ ഉള്ളതാണ്. ചോദ്യം ചെയ്യപ്പെടാത്ത ദൈവങ്ങളുടെ അതെ സ്ഥാനമാണ് അധ്യാപകർക്കും. എന്നാൽ അധ്യാപകരും മനുഷ്യരാണെന്നും, മറ്റേത്  തൊഴിലും പോലെ അധ്യാപനവും ഒരു തൊഴിലാണെന്നും നമ്മൾ മറക്കാറുണ്ട്. 

നല്ല അധ്യാപകരും മോശം അധ്യാപകരുമുണ്ട്. എന്നാൽ ദൈവതുല്യമായ സ്ഥാനമുള്ളതുകൊണ്ടും, 'ഏല്ലാം കുട്ടികളുടെ നന്മയ്ക്ക്' എന്ന ടാഗ്‌ലൈൻ ഉള്ളത് കൊണ്ടും, അധ്യാപകർ ചെയ്യുന്നതൊന്നും ചിലപ്പോഴൊന്നും ചോദ്യം ചെയ്യപ്പെടാറില്ല. എത്രയോ നല്ല അധ്യാപകരെ നാം കണ്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെ ജീവിതത്തിൽ വെളിച്ചമാകുന്ന, വളർച്ചയിൽ അവരോടൊപ്പം നിൽക്കുന്ന നല്ല അധ്യാപകരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഒരു മോശം അദ്ധ്യാപകൻ മാത്രം മതി കുട്ടികളുടെ വളർച്ചയെ ഇരുട്ടിലേക്ക് നയിക്കാൻ.

ജാതി മത ലിംഗ വർണ്ണ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും ചേർത്ത് നിർത്താൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ പഴയ സിലബസിൽ നിന്നും മോചനം കിട്ടാത്ത അധ്യാപകർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. മുസഫർ നഗറിൽ സഹപാഠിയെ വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ച അധ്യാപികയും, അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണവും, അധ്യാപകരിൽ നിന്ന് മോശമായ പെരുമാറ്റങ്ങൾ, ലൈംഗികമായ പീഡനങ്ങൾ എന്നിവ നേരിടേണ്ടി വന്ന വിദ്യാർത്ഥികളും  നമ്മെ ഓർമപ്പെടുത്തുന്ന ഒന്നുണ്ട്. അധ്യാപകർ മനുഷ്യരാണ്, ദൈവങ്ങളല്ല. തെറ്റും കുറ്റങ്ങളും, ഒപ്പം നന്മകളും ഉള്ള സാധാരണ മനുഷ്യർ. 

അധ്യാപകരെ ദൈവങ്ങളാക്കാനുള്ള ശ്രമത്തിൽ സമ്മർദ്ധം അനുഭവിക്കുന്ന അധ്യാപകരുമുണ്ട്. അധ്യാപകരുടെ  സ്വകാര്യ ജീവിതം, സാമൂഹിക ജീവിതം, വസ്ത്രധാരണം, തിരഞ്ഞെടുപ്പുകൾ, ഇഷ്ടങ്ങൾ എന്നിവയിലെല്ലാം കടന്നുകയറി മോറൽ ക്ലസ്സെടുക്കുന്നവരും, ഒരു അധ്യാപകൻ ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും പോലും അധ്യാപകനായിരിക്കണം എന്നും വാശിപിടിക്കുന്നവരുമുണ്ട്. ഇതിനിടയിലും എറണാകുളം മഹാരാജാസ് കോളേജിലെ ഡോ. പ്രിയേഷ് സാറിനെപ്പോലെയുള്ളവർ നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട്. തന്നോട് മോശമായി പെരുമാറിയ കുട്ടികളോട് ക്ഷമിക്കുകയും, അവർക്ക് ഒരവസരം കൂടി നൽകുകയും ചെയ്ത പ്രിയേഷ് സാറിനെപ്പോലെയുള്ള ഒരു കൂട്ടം അധ്യാപകർ ഉള്ളത് കൊണ്ട് കൂടിയാണ്  വെളിച്ചമുള്ള ഒരു തലമുറ ഇവിടെ നിലനിൽക്കുന്നത്. മനുഷ്യരായ എല്ലാ അധ്യാപകർക്കും അധ്യാപകദിനാശംസകൾ.          

Author
Journalist

Dency Dominic

No description...

You May Also Like