യാത്രാമൊഴി

ദൃശ്യമാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലം, റേഡിയോ പോലും അപൂർവ വസ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആചാരങ്ങളും, ഭാഷയും, ജീവിത രീതിയുമൊക്ക മലയാളി കേട്ടറിഞ്ഞത് കൃതഹസ്തനായ ഈ സഞ്ചാരിയുടെ രചനകളിലൂടെയാണ്

""ബാലിയിലെ മഴയും, ബാലിപ്പെണ്ണിന്റ മനസ്സും ഒരു പോലെയാണ് ', എട്ടാം ക്ലാസ്സിലെ മലയാളം പാഠാവലിയിൽ എസ്. കെ. പൊറ്റക്കാട്ടിന്റെ 'ബാലിദ്വീപി'ൽ നിന്നും ഒരു ഭാഗമുണ്ടായിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നു ഈ വാചകം. പഠിപ്പിച്ച അധ്യാപകന്റെ പ്രേരണയാൽ 'ബാലിദ്വീപ് 'വായിച്ചു. പിന്നെ ദേശങ്ങളെയും, യാത്രകളെയും പ്രണയിച്ച പൊറ്റക്കാടിനൊപ്പം ലോകത്തിന്റെ എത്രയോ ഭാഗങ്ങളിലേക്കു യാത്ര പോയി. 'കാപ്പിരികളുടെ നാട്ടി'ലേക്ക്, ഹിമാലയൻ സാമ്രാജ്യത്തിലേക്ക്, യൂറോപ്പിലേക്ക്, അങ്ങിനെ അങ്ങിനെ,,,,

          ദൃശ്യമാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലം, റേഡിയോ പോലും അപൂർവ വസ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആചാരങ്ങളും, ഭാഷയും, ജീവിത രീതിയുമൊക്ക മലയാളി കേട്ടറിഞ്ഞത് കൃതഹസ്തനായ ഈ സഞ്ചാരിയുടെ രചനകളിലൂടെയാണ്. തീവണ്ടിയിൽ, കപ്പലിൽ, വിമാനത്തിൽ അങ്ങിനെ ലോകമാകെ സ്വന്തം ചെലവിൽ യാത്ര ചെയ്ത ഈ മഹാമനുഷ്യൻ ആ യാത്രകളുടെ എല്ലാസുഖവും, ആസ്വാദ്യതയും, ബുദ്ധിമുട്ടുകളും തന്റെ പൊൻതൂലികയിലൂടെ നമുക്ക് പകർന്നു തന്നു. നാമതു ഹൃദ്യമായി സ്വീകരിക്കുകയും ചെയ്തു. എന്നാൽ എല്ലായാത്രകളെക്കാളും അദ്ദേഹം ഇഷ്ടപ്പെട്ടത് മക്കളോടൊപ്പം കോഴിക്കോട്ടെ 'മിഠായി തെരുവി 'ലൂടെയുള്ള നടത്തമായിരുന്നു., ഒപ്പം ജന്മനാട്ടിലേ ക്കുള്ള മടക്ക യാത്രകളും,, അതിലൂടെ 'ഒരു തെരുവിന്റെ കഥയും 'ഒരു ദേശത്തിന്റെ കഥയും, നമ്മുടെ മുമ്പിലെത്തി.'നാടൻ പ്രേമം, വിഷകന്യക,,, കൂടാതെ എത്രയോ മനോഹര ചെറുകഥകൾ,. എല്ലാ കഥകളിലുംകൂടി  എഴുത്തുകാരന്റെ മൂലധനം ആത്‍മാർഥയും, ജീവിതാനുഭവങ്ങളുമാണെന്ന് കാട്ടിത്തന്നു.

      അദ്ദേഹത്തിൽ നിന്നും നമുക്ക് നഷ്ടപ്പെട്ടത് 'നോർത്ത് അവന്യു "എന്ന ഗംഭീരമായ നോവലാണ്. അതിന്റ കുറെ ഭാഗങ്ങൾ നമുക്ക് കിട്ടിയിരുന്നു. പൂർത്തിയാക്കാൻ കഴി ഞ്ഞി രുന്നെങ്കിൽ പൊറ്റക്കാടിന്റെ മാസ്റ്റർ പീസ് ആകുമായിരുന്നു ഈ നോവൽ. വിമോചന സമരം, ചൈനീസ് ആക്രമണം, നെഹ്‌റുവിന്റ അന്ത്യ നാളുകൾ, കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ പിളർപ്പ്, പാർലമെന്റിലെ ഉൾനാട കങ്ങൾ ഇവയെല്ലാം ഇതിവൃത്ത മായിരുന്ന ആ നോവൽ പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം കടന്നു പോയത് നമ്മുടെ നിർഭാഗ്യം.

    ആലപ്പുഴ S. D. കോളേജിൽ pre -degree  വിദ്യാർത്ഥിയായി ചേർന്ന വർഷം കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തത് എസ്. കെ. പൊറ്റക്കാട്ടാണ്. അങ്ങിനെ മനസ്സിൽ അതിനകം തന്നെ ഒരു വിഗ്രഹമായി മാറിയിരുന്ന ഈ എഴുത്തുകാരനെ നേരിട്ട് കാണാനും ശാന്തവും, സരസവുമായ ആ വാഗ്ദ്ധോരണി കേൾക്കാൻ കഴിഞ്ഞതും ഓർമ്മയുടെ സുഗന്ധമായി മനസ്സിലുണ്ട്.

      തസ്റാക്ക്, മയ്യഴി, തകഴി, തൃക്കോട്ടൂർ, കുണ്ടസ്സാം കടവ്, ഇങ്ങിനെ ഒരുപാട് പ്രദേശങ്ങൾ സാഹിത്യസൃഷ്ടികളിലൂടെ നമ്മുടെ മനസ്സിൽ കുടിയേറിയിട്ടുണ്ട്. പക്ഷെ എസ്. കെ. പൊറ്റക്കാട്ടു സൃഷ്ടിച്ച 'അതിരാണിപ്പാടം 'എന്ന മായാലോകം വ്യത്യസ്ത മായി നിലനിൽക്കുന്നു.

     പൊറ്റക്കാടിന്റെ കഥാ പാത്രങ്ങളിൽ തെരുവിന്റെ കഥ യിലെ 'ഓമഞ്ചി 'യെയാണ് എനിക്ക് ഏറെ ഇഷ്ടം. എന്നാൽ മടക്ക യാത്രയിൽ അതിരാണിപ്പാടത്തെത്തി 'അതിരാണി പ്പാടത്തെ പുതിയ തലമുറയുടെ കാവൽക്കാരാ, പാഴ് വസ്തുക്കൾ തേടി നടക്കുന്ന ഒരു പാവം പരദേശി മാത്രമാണ് ഞാൻ 'എന്ന് പറഞ്ഞു ശ്രീധരൻ മടങ്ങുന്നത് വായിക്കുമ്പോൾ ഗൃഹാതുരതയു ടെ ഊഷ്മളത ഒരു തൂവൽ സ്പർശമായി നമ്മെ തലോടും.

         വായന തുടങ്ങിയ കാലം മുതൽ നെഞ്ചേറ്റിയ,ഒരു വിഗ്രഹമാണ് എസ്. കെ. പൊറ്റക്കാട്ട്. എഴുത്തിനെയും, യാത്രയെയും ആഴത്തിൽ പ്രണയിച്ച ഈ സഞ്ചാരിയുടെ 108ആം ജന്മദിനമാണ് മാർച്ച്‌ 14. ആദരവോടെ പ്രണമിക്കുന്നു.

കടപ്പാട് 

സഹൃദയങ്ങളിൽ ജീവിക്കുന്ന പ്രേം നസീർ.


Author
Sub-Editor

Sabira Muhammed

No description...

You May Also Like