യുദ്ധം ജയിച്ചു, പക്ഷെ രാജ്യം നഷ്ടപ്പെട്ടു
- Posted on January 13, 2024
- Localnews
- By Dency Dominic
- 284 Views
ഒരു സംഘർഷഭരിതമായ ജീവിതത്തിലൂടെ കടന്ന് പോയിട്ടും, ആരോടും പകയില്ലെന്നും, തന്നെ ആക്രമിക്കാൻ തിരുമാനിച്ചവരാണ് യഥാർത്ഥ കുറ്റക്കാരെന്നും അദ്ദേഹം പറയുന്നു
ഒരു ചോദ്യം കൊണ്ട് ജീവിതം മാറി മറിഞ്ഞ വ്യക്തിയാണ് ടി ജെ ജോസഫ്. വർഷങ്ങൾക്ക് മുൻപ് മതഭ്രാന്തിന് ഏതറ്റം വരെ പോകാമെന്നതിന് കേരളം കണ്ട നേർസാക്ഷ്യമായി അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ട് കേസ്. തന്റെ കൈപ്പത്തി വെട്ടി മാറ്റിയ ദിവസം, ഹോസ്പിറ്റലിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും അദ്ദേഹം അക്ഷോഭ്യനായിരുന്നു.
തൊടുപുഴ ന്യൂമാൻ കോളേജിൽ, രണ്ടാം സെമസ്റ്റർ ബി കോം മലയാളം പരീക്ഷയിലെ വിവാദപരമായ ചോദ്യത്തിൽ നിന്നായിരുന്നു തുടക്കം. കോടതി അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞ് വെറുതെ വിട്ടെങ്കിലും, മതഭ്രാന്തൻമാർ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. 2010 ജൂലൈ നാലിന് അയൽവാസിയുടെ വീട്ടുമുറ്റത്ത് അനക്കമറ്റു കിടന്നു അദ്ദേഹത്തിന്റെ വലത് കൈപ്പത്തി, ദേഹമാസകലം വെട്ടേറ്റിട്ടും, പതറിയ സ്വരത്തോടെ അദ്ദേഹം പറഞ്ഞു " ഞാനൊരു തെറ്റും ചെയ്തിട്ടില്ല"
തുടർന്നങ്ങോട്ട് ആ മനുഷ്യൻ അനുഭവിച്ച ശാരീരികമായ, മാനസികമായ പിരിമുറുക്കങ്ങൾ, സംഘർഷങ്ങൾ ഒരു വാർത്ത ചാനലിന്റെയും ഹെഡ്‍ലൈനിൽ വന്നില്ല. ടി ജെ ജോസഫിന്റെ പോരാട്ടം ആരംഭിയ്ക്കുകയായിരുന്നു, നിയമത്തോടുള്ള പോരാട്ടം, ജീവിതത്തോടുള്ള പോരാട്ടം. പിന്നീട് അദ്ദേഹത്തിന്റെ മുഖം വീണ്ടും ന്യൂസ് ചാനലുകളിൽ നിറഞ്ഞത് , നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു. കേസുകൾ തീർന്ന് കോടതി വിധി ഉണ്ടായിട്ടും, ജോസഫിനെ കോളേജ് അധികാരികൾ തിരിച്ചെടുക്കാൻ തയ്യാറായില്ല. തുണയാകേണ്ടവർ ഒഴിവാക്കിയതോടെ അദ്ദേഹത്തിന്റെ ഭാര്യ സലോമി മനോവിഷമത്തിലായി. തുടർച്ചയായ ജീവിത സംഘർഷങ്ങൾ, സലോമിയെ വിഷാദ രോഗിയാക്കി. അവരുടെ ആത്മഹത്യ ഞെട്ടലോടെയാണ് കേരളം കേട്ടത്.
"യുദ്ധം ജയിച്ചു, പക്ഷെ രാജ്യം നഷ്ടപ്പെട്ടു", തനിക്ക് അനുകൂലമായി കോടതി വിധി വന്ന ശേഷം, മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞ വാക്കുകളാണിവ. ഒരു സംഘർഷഭരിതമായ ജീവിതത്തിലൂടെ കടന്ന് പോയിട്ടും, ആരോടും പകയില്ലെന്നും, തന്നെ ആക്രമിക്കാൻ തിരുമാനിച്ചവരാണ് യഥാർത്ഥ കുറ്റക്കാരെന്നും അദ്ദേഹം പറയുന്നു. വലത് കൈപ്പത്തി വെട്ടി മാറ്റപ്പെട്ട അദ്ധേഹം, തന്റെ ആത്മകഥ 'അറ്റ് പോകാത്ത ഓർമ്മകൾ' ഇരു കൈകളും കൊണ്ടും എഴുതി തീർത്തു. ഇരുള് കൊണ്ട് മൂടിയ ജീവിതത്തിൽ, സ്വയം പ്രകാശമാകാൻ അദ്ദേഹം തീരുമാനിച്ചു.പ്രതികളെ ശിക്ഷിക്കുന്നതിലൂടെ ഒരിക്കലും ഇരയ്ക്ക് നീതി ലഭിക്കുന്നില്ലെന്നും, നഷ്ടപ്പെട്ടതൊന്നും അവർക്ക് തിരികെ ലഭിക്കുന്നില്ലെന്നും പറഞ്ഞ് വയ്ക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതം.