നിയമസഭാതിരഞ്ഞെടുപ്പിലെ കൗതുകകരമായ രണ്ടു വോട്ടുകൾ !!

വെളുമ്പി മുത്തശ്ശി സീനിയർ വോട്ടർ @ 113 ,  ഷംസുദ്ദീന് @ 63  കന്നിവോട്ട്

നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ്‌ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പിറവന്തൂരിലുണ്ട്.113 വയസ്സുള്ള വെളുമ്പി മുത്തശ്ശി. ഒരു പക്ഷേ സംസ്ഥാനത്തെയും ഏറ്റവും പ്രായം കൂടിയ വോട്ടറാകാം ഈ മുത്തശ്ശി. പ്രായം പല്ലു മാത്രമെ കൊഴിച്ചുള്ളൂ. മുറുക്കാനിടിക്കാനും ചൂലുണ്ടാക്കി വിറ്റ് മുറുക്കാന് പണമുണ്ടാക്കാനുമൊക്കെ വെളുമ്പി മുത്തശ്ശിക്ക് ആരുടെയും സഹായം വേണ്ട.

വോട്ടർ പട്ടികയിൽ 113 വയസ്സാണെങ്കിലും 110 എന്ന് പറയാനാണ് മുത്തശ്ശിക്കിഷ്ടം. 85 പിന്നിട്ടവരെ  വോട്ട് ചെയ്യിക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് മുത്തശ്ശി പറഞ്ഞു–-‘ഞാനങ്ങെത്തും.’ പറഞ്ഞപോലെ തന്നെ പിറവന്തൂർ ഗവ. യുപിഎസിലെ 89–-ാം നമ്പർ ബൂത്തിലെത്തി രാവിലെ തന്നെ മുത്തശ്ശി വോട്ട്‌ ചെയ്തു. ആർക്കാണെന്ന്   ചോദിച്ചപ്പോൾ മറുപടി–-‘പിള്ളയുടെ  മകന്.’


നടന്നു ചെല്ലാമെന്നു പറഞ്ഞെങ്കിലും പാർടിക്കാർ വണ്ടിയെത്തിച്ചു. കണ്ണിനിത്തിരി കാഴ്ച കുറഞ്ഞെങ്കിലും ബൂത്തിലെത്തി സ്വന്തം വിരൽകൊണ്ട് വോട്ട് കുത്തി. പിന്നെ സന്തോഷത്തോടെ മടക്കം.

അറുപത്തിമൂന്നാം വയസിൽ കന്നിവോട്ട് ചെയ്‌ത സന്തോഷത്തിലാണ് കുരട്ടിക്കാട് വാഹിദാ മൻസിലിൽ കെ എം ഷംസുദ്ദീൻ. 40 വർഷമായി അബുദാബിയിലാണ് ജോലി. മിക്ക തെരഞ്ഞെടുപ്പ് സമയത്തും നാട്ടിൽ വരാൻ കഴിയാത്തതാണ് ഷംസുദ്ദീന്റെ വോട്ടെന്ന ആഗ്രഹം സഫലമാകാതിരിക്കാൻ കാരണം. ചില തെരഞ്ഞെടുപ്പുകളിൽ നാട്ടിലുണ്ടായിരുന്നിട്ടും  ലിസ്‌റ്റിൽ പേര് ഇല്ലാത്തതും തിരിച്ചടിയായിരുന്നു. 

ഈ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് തന്നെ നാട്ടിൽ എത്തി  ലിസ്‌റ്റിൽ പേര് ചേർത്തു തിരിച്ചറിയൽ കാർഡും  സ്വന്തമാക്കിയിരുന്നു.  കുരട്ടിക്കാട് ഈസ്‌റ്റ്‌ വെൽഫെയർ എൽ പി സ്‌കൂളിൽ ഭാര്യ വാഹിദ, ഭാര്യ മാതാവ് ജമീല എന്നിവരോടൊപ്പമായിരുന്നു  ഷംസുദ്ദീന്റെ കടിഞ്ഞൂൽവോട്ട്.

സ്ഥിരമായി മർദ്ദനമേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മെഴുകുപ്രതിമ അധികൃതര്‍ നീക്കം ചെയ്തു.

Author
Sub-Editor

Sabira Muhammed

No description...

You May Also Like