ഗോഥിക് ഭംഗി പകരുന്ന ഷെട്ടിഹള്ളി ചര്‍ച്ചിലേക്ക് ഒരു യാത്ര

ഗ്രാമീണര്‍ ഉപേക്ഷിച്ച ഈ സ്ഥലത്തിന് ദേശാടനക്കിളികള്‍ ഒരു കൂട്ടായി എപ്പോഴുമുണ്ടാകും. മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കിളികള്‍ ഇവിടുത്തെ പതിവു കാഴ്ചയാണ്.നീലാകാശത്തിന്റെ താഴെ നദിയിലെ ജലം ഇടയ്‌ക്കൊക്കെ ദേവാലയത്തിന്റെ അഭൗമികമായ സൗന്ദര്യം പ്രതിഫലിപ്പിക്കാറുണ്ട്.

വിജനതയില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കുന്ന ഒരു ദേവാലയം. ഗോഥിക് മാതൃകയിലുള്ള ഈ ദേവാലയത്തിന്റെ ചുവരുകള്‍ക്ക്‌ നിറം മങ്ങിയിരിക്കുന്നു. അടര്‍ന്നു വീഴാനൊരുങ്ങി നില്‍ക്കുന്ന കല്ലുകള്‍. മേല്ക്കൂര കാണാനേയില്ല... ചിലപ്പോള്‍ അകലെക്കാഴ്ചയില്‍ വെള്ളത്തിലാണോ പള്ളി എന്നു തോന്നിയാലും തെറ്റുപറയാന്‍ കഴിയില്ല.

എന്നാല്‍ അതൊന്ന് കണ്ടേക്കാം എന്നു കരുതി ചെന്നാല്‍ നടക്കണമെന്നില്ല. അതിന് ഹേമാവതി നദികൂടി വിചാരിക്കണം.ഗോരൂര്‍-ഹേമാവതി റിസര്‍വോയറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ഷെട്ടിഹള്ളി റോസറി ചര്‍ച്ച് ഇടയ്ക്ക് മുങ്ങുകയും പിന്നെ പൊങ്ങുകയും ചെയ്യുന്ന ഒരു വിദഗ്ദനാണ്.

1860കളിലാണ് ഫ്രഞ്ച് മിഷനറിമാര്‍ ഷെട്ടിഹള്ളി എന്ന ഗ്രാമത്തില്‍ റോസറി ചര്‍ച്ച് സ്ഥാപിക്കുന്നത്.പിന്നീട് സര്‍ക്കാര്‍ 1960ല്‍ സ്ഥാപിച്ച ഹേമാവതി ഡാമിന്റെ റിസര്‍വോയറിന്റെ ഭാഗമായി മാറുന്നതുവരെ ഗ്രാമത്തില്‍ ആളുകള്‍ ഉണ്ടായിരുന്നു. റിസര്‍വോയറിന്റെ ഭാഗമായി മാറിയതോടെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം ഗ്രാമീണരെ ഇവിടെനിന്നും മാറിതാമസിക്കുന്നതിന് നിര്‍ബന്ധിതരാക്കി. തുടര്‍ന്ന് ദേവാലയവും സമീപ പ്രദേശങ്ങളും ഒറ്റപ്പെടുകയായിരുന്നുവത്രെ.

മണ്‍സൂണ്‍ സമയത്ത് ഹേമാവതി ഡാം നിറയുമ്പോള്‍ പള്ളി പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങാറുണ്ട്.പിന്നെ ദേവാലയത്തിന്റെ യഥാര്‍ഥ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ വേനല്‍ക്കാലത്തു വരേണ്ടി വരും.വര്‍ഷത്തില്‍ പകുതി വെള്ളത്തിനടിയിലും ബാക്കി സമയങ്ങളില്‍ വെള്ളത്തിനു പുറത്തുമാണ് ഷെട്ടിഹള്ളി റോസറി ചര്‍ച്ച് കാണപ്പെടുന്നത്.

ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ പകുതി മുങ്ങിയ നിലയിലും ഡിസംബര്‍ മുതല്‍ പൂര്‍ണ്ണരൂപത്തിലും ദേവാലയത്തിന്റെ ഭംഗി ആസ്വദിക്കാം. എന്തായാലും ഒറ്റ വരവില്‍ കണ്ടുതീര്‍ക്കാനാവില്ല എന്നതുറപ്പ്.ഗ്രാമീണര്‍ ഉപേക്ഷിച്ച ഈ സ്ഥലത്തിന് ദേശാടനക്കിളികള്‍ ഒരു കൂട്ടായി എപ്പോഴുമുണ്ടാകും. മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കിളികള്‍ ഇവിടുത്തെ പതിവു കാഴ്ചയാണ്.നീലാകാശത്തിന്റെ താഴെ നദിയിലെ ജലം ഇടയ്‌ക്കൊക്കെ ദേവാലയത്തിന്റെ അഭൗമികമായ സൗന്ദര്യം പ്രതിഫലിപ്പിക്കാറുണ്ട്.

സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഒന്നും ഇടംപിടിച്ചിട്ടില്ലാത്ത ഈ സ്ഥലം ഫോട്ടോഗ്രഫി ഇഷ്‌പ്പെടുന്നവരെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരിക്കും എന്നതില്‍ സംശയമിയില്ല. എവിടെ ക്യാമറ വെച്ചാലും അവിടെ ഒരു ഫ്രെയിമുണ്ടെന്നതാണ് ഇവിടുത്തെ പ്രത്യേകത. കൂടാതെ ഈ ദേവാലയത്തിന്റെ ഭംഗി ഒട്ടും ചോര്‍ന്നുപോകാതെ പകര്‍ത്തുക എന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒരു വെല്ലുവിളി തന്നെയായിരിക്കും.ബെംഗളുരുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഷെട്ടിഹള്ളി സ്ഥിതിചെയ്യുന്നത്.ബാംഗ്ലൂര്‍ -ഹാസന്‍ -ഹനുമന്തപുര വഴി ഇവിടെ എത്തിച്ചേരാം.

കടപ്പാട് 

യാത്രാമൊഴി

Author
Sub-Editor

Sabira Muhammed

No description...

You May Also Like