ക്രിമിനൽ കേസുള്ള വിദ്യാർഥികൾക്ക് പ്രവേശനമില്ല; ഉത്തരവിറക്കി കേരള സർവകലാശാല

സി.ഡി. സുനീഷ്

 തിരുവനന്തപുരം : ക്രിമിനൽ കേസുള്ള വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി കേരള സർവകലാശാല. ഇതുസംബന്ധിച്ച് സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു. ബിരുദ പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിക്കുന്ന വിദ്യാർഥികളുടെ പ്രവേശനം പ്രിൻസിപ്പൽമാർക്ക് റദ്ദാക്കാമെന്നും സർക്കുലറിൽ പറയുന്നുണ്ട്.


നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതിയാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പിടിക്കപ്പെട്ടിട്ടുണ്ടോ? എന്നിങ്ങനെയാണ് നാലു ചോദ്യങ്ങൾ. സർവകലാശാല സർക്കുലറിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.


ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടവരോ ആയ വിദ്യാർഥികൾക്ക് കോളേജുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ കഴിഞ്ഞ മാസമാണ് കേരള സർവകലാശാല പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയത്. പഠനം ഉപേക്ഷിച്ചവർ സംഘടനാ പ്രവർത്തനം ലക്ഷ്യം വച്ച് കോഴ്സുകളിൽ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയിൽപപെട്ട പശ്ചാത്തലത്തിലായിരുന്നു തീരുമാനം.


വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് തീരുമാനം എടുത്തത്. വാട്സ്ആപ്പ് കോപ്പിയടിച്ചതിനെത്തുടർന്ന് മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്യപ്പെട്ട വിദ്യാർഥി മറ്റൊരു വിഷയത്തിൽ പുനഃപ്രവേശനം നേടിയത് കേരള സർവകലാശാല റദ്ദാക്കിയിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like