വന്യ ജീവി വാരാഘോഷമല്ലവന്യജീവി സപ്താഹവും ആരാച്ചാരന്മാരുടെ ആഘോഷവുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി

പ്രത്യേക ലേഖകൻ.



           ഗാന്ധിജയന്തി ദിനം തൊട്ട് ഒരാഴ്ചക്കാലം ഭാരതമൊട്ടാകെ വന്യജീവി വാരാചരണം നടത്തുകയാണല്ലൊ! കേരളത്തിലും വനം വകുപ്പ് പൊടി പെടിച്ചാഘോഷിക്കും. പക്ഷെ ഇത് വന്യജീവികൾക്കെതിരായ കൊലക്കത്തി മേലങ്കിക്കുള്ളിൽ ഒളിപ്പിച്ചാണെന്ന് മാത്രം. വനം - വന്യജീവി വിദ്വേഷം പ്രചരിപ്പിച്ചും പ്രസരിപ്പിച്ചും സമ്മൂഹത്തെയാകെ കലുഷിതമാക്കിയവർ വിജയാഹ്ലാദത്തിലാണ്.

         കേരളീയ സമൂഹം വനം-വന്യജീവി വിദ്വേഷത്തിൻ്റെ  ജ്വരമൂർച്ഛയിലാണ് ഇപ്പോൾ. ഇപ്രാവശ്യത്തെ വന്യജീവി വാരാചരണം അവസാനിക്കും മുൻപെ കേരളനിയമസഭ കേരള വന്യജീവി സംരക്ഷണ (?) ഭേതഗതി നിയമം പാസ്സാക്കിയിരിക്കും. എന്തൊരസംബന്ധം!! നാട്ടിലിറങ്ങുന്ന കാട്ടാനയെയും കടുവയെയും പന്നിയെയും കുരങ്ങനെയും മാനിനെയും സകലതിനെയും ഇനിയാർക്കും വെടി വെച്ച് കൊല്ലാം. കേരളം വന്യജീവികളുടെ ചുടലപ്പറമ്പാകാൻ പോവുകയാണ്. ആരാച്ചാർമാർ കൊലക്കുള്ള സാമഗ്രികൾ തേച്ച് മിനിക്കി തയ്യാറായി നിൽക്കുന്നു.

          ഒരു ദശാബ്ദത്തിനു മുൻപേ താമരശ്ശേരി ബിഷപ്പ് റമജിയോസ്സാണ് വന്യജീവി വിദ്വേഷത്തിൻ്റെ ആദ്യത്തെ വയറസ്സ് പുറത്തേക്ക് ചീറ്റിയത്. പിന്നീട് ബിഷപ് പാംപ്ലാനിയും മതമേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മന്ത്രിമാരും മാധ്യമങ്ങളും തങ്ങളാവുംവിധം വയറസ്സ് പ്രസരിപ്പിച്ചു. വന്യജീവികളെ കൊലചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ തങ്ങൾ സ്വമേധയാ അതുചെയ്യുമെന്നും മലയോരം തങ്ങൾ സ്വതന്ത്ര റിപ്പബ്ളിക്ക് ആക്കുമെന്നും പറഞ്ഞ റമജിയോസ്സിനെ സർക്കാർ ആദരിക്കുകയാണ് ചെയ്തത്. സമൂഹത്തെയാകെ പൊതിഞ്ഞ ഉന്മാദ മൂർച്ഛയുടെ അത്യുച്ഛകോടിയിലാണ് നിയമനിർമ്മാണം വരുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ടുപോലുള്ള കർഷക സംരക്ഷണ കുപ്പായമിട്ട ഖനന - മരം മാഫിയ നേതാക്കളും കപടകർഷക സംഘടനകളും  വെടിയിറച്ചി എന്തു ചെയ്യണമെന്ന ആധിയിലാണിപ്പോൾ. മണ്ണെണ്ണയിലല്ല വെളിച്ചെണ്ണയിലാണ് സംസ്കരിക്കേണ്ടതെന്ന് പിണറായി വിജയൻ ഫത്ത്‌വ പുറപ്പെടുവിച്ച് കഴിഞ്ഞു. വെളിച്ചെണ്ണക്ക് വില വാണം പോലെ കുതിച്ചുയർന്നതിനാൽ പ്രജകൾക്ക് അസാരം ബുദ്ധിമുട്ടുണ്ടെന്ന് ജനമനസ്സ് നന്നായറിയുന്ന അദ്ദേഹത്തിന് മനസ്സിലായതിനാൽ ഒലീവെണ്ണ കൂടുതൽ സ്വാദ്വിഷ്ടവും പോഷക സമൃദ്ധവു ഇറച്ചി സംസ്ക്കരിക്കാൻ ഉത്തമവുമാണെന്ന് ശാസ്ത്രസാഹിത്യ ഗവേഷകർ കണ്ടെത്തിയതിൻ്റെ വെളിച്ചത്തിൽ ആഗോള ഒലിവെണ്ണ സംഘമം താമസംവിനാ വിളിച്ചു കൂട്ടുന്നതിനുളള പ്രഖ്യാപനവും വന്യപ്രാണി വാരാചരണത്തിൻ്റെ ഉദ്ഘാടനത്തിനോ സമാപനത്തിനോ പ്രതീക്ഷിക്കാം.

             1957 ൽ അധികാരത്തിൽ വന്ന EMS മന്ത്രിസഭയാണ് ഇന്നത്തെ യുദ്ധസമാനമായ ദുരവസ്ഥയുടെ ബീജം നിക്ഷേപിക്കുന്നത്. തുച്ഛമായ വിലക്ക് പശ്ചിമഘട്ടത്തിലുള്ള ദശലക്ഷക്കണക്കിന് മെടിക്ക് ടൺ മുള ബിർളക്ക് തീറെഴുതപ്പെട്ടതോടെയാണ് സംഘർഷം തുടങ്ങുന്നത്. വെട്ടിവെളുപ്പിച്ച വനഭൂമിയിൽ മാരകമായ യൂക്കാലിപ്പ്റ്റസ് നട്ടുപിടപ്പിച്ചു. റയൺസിന്നു വേണ്ടി യുക്കാലിപ്റ്റസ് പ്ലാൻ്റേഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടായി. മാത്രമല്ല തേക്കും മാഞ്ചിയവും ചവോക്കും തുടങ്ങിയ വ്യാവസായിക ഏകവിളത്തോട്ടങ്ങൾ വ്യാപകമായി. വന്യജീവികളുടെ ആവാസഭൂമി മരുസമാനമായി. ചതുപ്പുകളും നീരുറവകളും വറ്റി വരണ്ടു. അവശേഷിക്കുന്ന വനങ്ങളിൽ നല്ല പങ്ക് വിവിധ കോർപ്പറേഷനുകൾക്ക് എണ്ണപ്പന ,റബ്ബർ , കശുവണ്ടി തുടങ്ങിയ കൃഷിക്ക് പാട്ടത്തിനു കൊടുത്തു. അവശേഷിച്ചതിൽ മഞ്ഞ കൊന്ന വ്യാപിച്ചത് സോഷ്യൽ ഫോറസ്ട്രിയുടെ കാർമ്മികത്വത്തിലാണ്. തീർന്നില്ല, ബാക്കിയുള്ള കാട് വർഷാവർഷം കത്തിച്ചാമ്പലാവുകയും കത്തിക്കുകയും ചെയ്തു. പതിനായിരക്കണക്കിൽ കന്നുകാലികൾക്ക് കാടിന്നുള്ളിൽ മേയാൻ അനുമതി നൽകി. കാട്ടിനുള്ളിൽ തലങ്ങും വിലങ്ങും റോഡുകൾ വന്നു. അവശേഷിച്ച പച്ചപ്പിൻ്റെ " കോറിൽ "വരെ ഇക്കോ ടൂറിസം പൊടിപൊടിക്കുന്നു. സ്വന്തം ആവാസ വ്യവസ്ഥയും വെള്ളവും തീറ്റയും സഞ്ചാരപഥങ്ങളും സ്വാസ്ത്യവും നഷ്ടപ്പെട്ട വന്യജീവികൾ എവിടെ അഭയം തേടും ?

     മനുഷ്യ-വന്യജീവി പ്രശ്നത്തിൻ്റെ നാരായ വേര് കണ്ടെത്തി പരിഹരിക്കുന്നതിന് പകരം കുടിയേറ്റ- കൈയേറ്റ ലോബിയുടെ സമ്മർദ്ദത്തിൽ സ്ഥലജലഭ്രമം പിടിപെട്ട വനം മന്ത്രിയും സർക്കാറും മുറിവൈദ്യചികിത്സ തേടുകയാണ്. അതാണ് വന്യജീവി സംരക്ഷണ (?)ഭേതഗതി ബിൽ .

      ബിൽ ജനാധിപത്യവിരുദ്ധവും അശാസ്ത്രീയവും വനം-വന്യജീവി വിരുദ്ധവും ഫെഡറൽ തത്വങ്ങളെ മാനിക്കാത്തതുമാണ്. കേരളനിയമസഭ വെള്ളം തൊടാതെ വിഴുങ്ങുമെന്ന് തീർച്ച. അതൊരു രാഷ്ട്രീയ ഗിമ്മിക്കാനഅല്ലൊ?പലരും കരുതുന്നത് പ്രസിഡൻ്റിൻ്റെ അംഗീകാരം ലഭിക്കില്ലെന്നാണ്. ആ വിശ്വസം തികഞ്ഞ മൌഡ്ഢ്യമാണ്.  കേരളത്തിലെ മലയോര പ്രദേശത്തെ ദുരമൂത്ത കുടിയേറ്റ കർഷകൻ്റെ അടിസ്ഥാനമില്ലാത്ത പ്രീതി പിടിച്ചു പറ്റാൻ വേണ്ടി കേന്ദ്രസർക്കാർ ഇതിന് അപ്പുറമുള്ള അകൃത്യത്തിനും അംഗീകാരം നൽകിയേക്കും.

          വനം-വന്യജീവി സംരക്ഷണത്തെക്കറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കറിച്ചുമുള്ള കേന്ദ്രസർക്കാറിൻ്റെ നിലപാട് മാറിയിരിക്കുന്നു. ഇന്ത്യാ രാജ്യത്തെ അളവറ്റ പ്രകൃതിവിഭവങ്ങൾ കുത്തകകൾക്ക് അടിയവെക്കാൻ അഹമഹമിഹയാ സന്നദ്ധമാണ് കേന്ദ്രം. ട്രമ്പിൻ്റെ കച്ചവട അസംബന്ധ നയങ്ങൾ അതേ പടി നടപ്പിലാക്കാൻ പ്രതിജ്ഞാബന്ധമാണ് കേന്ദ്രം. ഇന്ത്യയിലെ ജനകോടികൾ വെള്ളം കുടിക്കാനും പ്രാണവായു ശ്വസിക്കാനും കൃഷി ചെയ്യാനും കാരണമായ പരിസ്ഥിതി സുസ്ഥിരതക്കുതകുന്ന നിയമങ്ങൾ നിർഭയം നടപ്പാക്കിയ ഇന്ദിരാഗാന്ധിയുടെ അനന്തരവകാശികൾ നേതൃത്വം നൽകുന്ന പാർട്ടിയുടെ കേരളത്തിലെ നേതൃജീവികൾ ഈ പരിസ്ഥിതി ഹത്യയ്ക്ക് അരുനിൽക്കുകയാണ്. 

          ഈ വന്യപ്രാണി സപ്താഹത്തിൽ ഗാന്ധിജിയുടെ ഉജ്ജ്വല ദർശനം നൽകുന്ന കരുത്തിൽ നമ്മുടെ വിഭവങ്ങളും സംസ്കാര പൈതൃകവും ജൈവവൈധിവും വെള്ളവും പ്രാണവായുവും സംരക്ഷിക്കാനുള്ള ശ്രമത്തിൽ റ്റെക്കെട്ടിയി നിലയുറപ്പിക്കാം. കേരളാ വന്യജീവി സംരക്ഷണ ( ഭേതഗതി ) ബില്ലിനെതിരെ പൊരുതാമെന്ന് വയനാട് പ്രകൃതി സംരംക്ഷണ സമിതി പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like