കരൂർ ആൾക്കൂട്ട ദുരന്തം; അറസ്റ്റിലായ ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഫെലിക്സ് ജെറാൾഡിനു ജാമ്യം; വിജയ്ക്ക് എതിരെയുള്ള ആക്രമണം കടുപ്പിച്ച് ഡി.എം.കെ

സി.ഡി. സുനീഷ്


 ചെന്നൈ : കരൂരിൽ നടന്ന ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ അറസ്റ്റിലായ ഓൺലൈൻ മാധ്യമ പ്രവർത്തകനായ ഫെലിക്സ് ജെറാൾഡിനു ജാമ്യം. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ജെറാൾഡിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ദുരന്തവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നാണ് കോടതി ജെറാൾഡിനു നിർദേശം നൽകിയിരിക്കുന്നത്. കരൂർ ദുരന്തവിഷയവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയുടെ പേരിലാണ് ഇയാളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ദുരന്തത്തിന് പിന്നിൽ മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയുടെ ഇടപെടൽ ഉണ്ടായെന്ന് പറഞ്ഞുള്ള വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സ്റ്റാലിൻ സർക്കാരിനെ വിമർശിക്കാറുള്ള ആളാണ് ഫെലിക്സ്. റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ കൂടിയാണ് ഇയാൾ. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയതിന്റെ ഫെലിക്സ് ജെറാൾഡ് ഉൾപ്പെടെ 20 പേർക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സെന്തിൽ ബാലാജി ഇന്നലെ രാത്രി സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറാനായിരുന്നു സന്ദർശനം.


ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അറസ്റ്റിലായ ടിവികെ നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. തെളിവെടുപ്പ് അടക്കം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. അതേസമയം, കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ്‍യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാ​ഹികളെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കം നടക്കുന്നതിനിടെ മുൻ‌കൂർ ജാമ്യത്തിന് ടിവികെ. ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറുമാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കെയാണ് ഇവർ മധുര ബെഞ്ചിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. അപകടത്തിന് ഉത്തരവാദിയല്ലെന്നാണ് ആനന്ദ് അപേക്ഷയിൽ ചൂണ്ടികാണിച്ചിട്ടുള്ളത്. അപേക്ഷയുടെ പകർപ്പും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പരിപാടിക്ക് പോലീസ് സുരക്ഷ നൽകിയില്ല എന്നും നേതാക്കൾ ആരോപിക്കുന്നുണ്ട്. പ്രസം​ഗം ആരംഭിച്ച് 5 മിനിറ്റിൽ വൈദ്യുതി നിലച്ചു. ആൾക്കൂട്ടത്തിലേക്ക് ചെരിപ്പുകൾ എറിഞ്ഞു. ആംബുലൻസ് വന്നതും പരിഭ്രാന്തിക്കിടയാക്കി എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like