വിളക്കേന്തിയ വനിതക്ക് ഒരു ജന്മദിനം കൂടി; അന്തരാഷ്ട്ര നഴ്സസ് ദിനം

പുണ്യകർമമായി തൊഴിലിനെ തിരുത്തിയെഴുതിയ ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നേഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. 

പിറന്നു വീഴുമ്പോഴും, പിടഞ്ഞു വീഴുമ്പോഴും ഉയർന്നെഴുന്നേൽപിച്ച് പ്രകാശമേകിയ ഭൂമിയിലെ മാലാഖമാരുടെ ദിനമാണിന്ന്. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കിയവരുടെ ദിനം. ലോകത്തെയാകെ വിറപ്പിച്ച കൊറോണ വൈറസിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇത്തവണയും നഴ്സസ് ദിനം കടന്നെത്തിയത്. കോവിഡിനെതിരായ യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിർഭയം പിടിച്ചു നിൽക്കുന്നവർ. പരാതികളൊന്നുമില്ലാതെ കോവിഡ് കിടക്കയിൽ തനിച്ചായിപ്പോയവർക്ക് സ്വാന്തനമാവുന്നവർ, സ്വയം രോഗിയായേക്കാവുന്ന സാഹചര്യത്തിലും മരണത്തിൽ നിന്ന് രോഗികളെ കൈപിടിച്ചുയർത്തുന്നവർ, പ്രിയപ്പെട്ടവരിൽ നിന്നകന്ന് ഐസൊലേഷൻ വാർഡുകളിലേക്കും തീവ്രപരിചരണ വിഭാഗത്തിലേക്കും ജീവിതം തന്നെ പറിച്ച് നട്ടവർ, അങ്ങനെ എത്ര വിശേഷണങ്ങള്‍ നൽകിയാലും ഒന്നും മതിയാകില്ല. മഹാമാരിക്കാലത്ത് ഒരു നഴ്സസ് ദിനം കൂടിയെത്തുമ്പോൾ ഹൃദയപൂര്‍വ്വമായ ആശംസകള്‍ കൊണ്ടു നമുക്കിവരെ ചേര്‍ത്തുവെക്കാം. 

പുണ്യകർമമായി തൊഴിലിനെ തിരുത്തിയെഴുതിയ ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നേഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ഇന്ന് നാം കാണുന്ന ആധുനികമായ ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ് വിളക്കേന്തിയ വനിത എന്ന് ലോകം വിളിച്ചു പാടുന്ന ഫ്ളോറൻസ് നൈറ്റിങ്ഗേലാണ്. നൈറ്റിങ്ഗേൽ ജനിച്ചത് ഒരു സമ്പന്ന കുടുംബത്തിലാണ്. അക്കാലത്ത് എല്ലാ പാരമ്പര്യങ്ങളിലും നഴ്‌സാകാനും അപരിചിതരെ പരിപാലിക്കാനുമെല്ലാം വിലക്കുകളുണ്ടായിരുന്നു. 1850-ൽ കൈസർവർത്തിലെ ലൂഥറൻ പാസ്റ്ററായ തിയോഡർ ഫ്ലേയ്‌ൻഡറ്രിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത്‌ കണ്ടതാണ് നൈറ്റിങ്ഗേലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ലണ്ടനിലെ ഇൻസ്റ്റിറ്റിയൂട്ട്ട്‌ ഒഫ്‌ കെയറിംഗ്‌ സിക്ക്‌ ജെന്റിൽവുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലി ചെയ്തിരുന്നുവെങ്കിലും ക്രിമിയൻ യുദ്ധകാലത്തെ പ്രവർത്തനമാണ്‌ അവരെ പ്രശസ്തയാക്കിയത്‌. യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവർ, താൻ തന്നെ പരിശീലനം‍ നൽകിയ, 38 നേഴ്‌സുമാരോടൊന്നിച്ച്‌ അവിടേക്ക് പുറപ്പെട്ടു. വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന, മുറിവേറ്റ പട്ടാളക്കാരെയാണ്‌ അവിടെ കണ്ടത്‌. മരുന്നുകളുടെ ദൗർബല്യവും ശുചിത്വപരിപാലനത്തിലുള്ള അശ്രദ്ധയും കാരണം, പട്ടാളക്കാരുടെ പരിക്കുകൾ പലപ്പോളും മരണത്തിൽവരെ കലാശിക്കുന്ന അവസ്ഥയായിരുന്നു അവിടെ. ഫ്ലോറൻസ്‌ നൈറ്റിംഗേലും നേഴ്സുമാരും ആശുപത്രിയും ഉപകരണങ്ങളും വൃത്തിയാക്കിയും രോഗികളുടെ പരിചരണം പുന:ക്രമീകരിക്കുകയും ചെയ്തു.  വായുസഞ്ചാരത്തിലും അശുദ്ധജലനിർമ്മാർജ്ജനത്തിലുമുണ്ടായ പോരായ്മകളുമായിരുന്നു മരണ നിരക്ക് ഉയരാനുള്ള കാരണം, ഇതേതുടർന്ന് 1855 മാർച്ചിൽ ബ്രിട്ടീഷ്‌ ഗവൺമന്റ്‌ ശുചിത്വപാലനത്തിനായി ഒരു കമ്മീഷനെ നിയോഗിക്കുകയും തുടർന്ന് ഓടകൾ വൃത്തിയാക്കിയതും വായുസഞ്ചാരം മെച്ചപ്പെടുത്തിയതും മരണനിരക്കിൽ കാര്യമായ കുറവുണ്ടാക്കി. ആ കാലഘട്ടത്തിൽ വിക്റ്റോറിയ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തയായ വനിത ഫ്ലോറൻസ്‌ ആണെന്ന്‌ കണക്കാക്കപ്പെടുന്നു. റോയൽ കമ്മീഷൺ ഒഫ്‌ ഹെൽത്ത്‌ ഒഫ്‌ ദ ആർമിയുടെ രൂപവത്കരണത്തിൽ ഫ്ലോറൻസ്‌ സുപ്രധാന പങ്ക്‌ വഹിച്ചു. ഒരു വനിതയായതിനാൽ കമ്മീഷനിൽ അംഗമാവാൻ സാധിച്ചില്ലെങ്കിലും വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തിയ ആയിരത്തിലധികം പേജുകളുള്ള റിപ്പോർട്ട്‌ എഴുതിയത്‌ ഫ്ലോരൻസായിരുന്നു. കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലും അവർ പ്രധാനപങ്ക്‌ വഹിച്ചു. ടർക്കിയിലായിരുന്ന കാലത്ത്‌ അവരുടെ സേവനങ്ങളെ ആദരിക്കാനായി 1855 നവംബർ 29-ന്‌ ഒരു സമ്മേളനം നടക്കുകയും ഇത്‌ നേഴ്സുമാരുടെ പരിശീലനത്തിനായി 'നൈറ്റിംഗേൽ ഫണ്ട്‌' രൂപവത്കരിക്കുവാൻ കാരണമായിത്തീരുകയും ചെയ്തു. 1859 ആയപ്പ്പ്പോഴേക്കും ഏകദേശം 45,000 പൗണ്ട്‌ ഉണ്ടായിരുന്ന ഈ ഫണ്ടുപയോഗിച്ച്‌ സെയ്ന്റ്‌ തോമസ്‌ ഹോസ്പിറ്റലിൽ 1860 ജൂലൈ 9-നു നൈറ്റിംഗേൽ ട്രെയിനിംഗ്‌ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ ഫ്ലോറൻസ്‌ നൈറ്റിംഗേൽ സ്കൂൾ ഒഫ്‌ നഴ്‌സിംഗ്‌ ആന്റ്‌ മിഡ്‌വൈഫറി എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം ലണ്ടനിലെ കിംഗ്‌ കോളേജിന്റെ ഭാഗമാണ്‌. നൈറ്റിംഗേൽ 1860-ൽ പ്രസിധീകരിച്ച "നോട്ട്‌സ്‌ ഓൺ നഴ്‌സിംഗ്‌" എന്ന പുസ്തകം, നൈറ്റിംഗേൽ ട്രെയിനിംഗ്‌ സ്കൂളിലെയും മറ്റു നഴ്‌സിംഗ്‌ സ്കൂളുകളിലെയും അടിസ്ഥാനപാഠ്യവിഷയമാണ്.

ജലകൊട്ടാരം

Author
Sub-Editor

Sabira Muhammed

No description...

You May Also Like