*സുരക്ഷിതമായ പോഷകാഹാരം സാധാരണക്കാർക്ക് ലഭ്യമാക്കുവാൻ ശാസ്ത്ര സമൂഹം മുന്നോട്ടു വരണം- മന്ത്രി പി പ്രസാദ്*
- Posted on October 17, 2024
- News
- By Goutham Krishna
- 72 Views
വെള്ളായണി കാർഷിക കോളേജിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ കൃഷി വകുപ്പ് മന്ത്രി
വെള്ളായണി കാർഷിക കോളേജിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ കൃഷി വകുപ്പ് മന്ത്രി . പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പകുതിയിലധികം രോഗങ്ങൾക്ക് കാരണം അനാരോഗ്യകരമായ ഭക്ഷണക്രമമാണെന്നും അതിനാൽ സുരക്ഷിതമായ പോഷകാഹാരം സാധാരണക്കാർക്ക് ഉറപ്പുവരുത്തുവാൻ ആവശ്യമായ സംഭാവന നൽകേണ്ടത് നമ്മുടെ ശാസ്ത്ര സമൂഹത്തിൻറെ ഉത്തരവാദിത്തമാണ് എന്ന് മന്ത്രി ഓർമിപ്പിച്ചു.
*'ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന മാർഗ്ഗങ്ങൾ- ഭക്ഷ്യ സമ്പുഷ്ടീകരണത്തിലൂടെ’* എന്ന വിഷയത്തെ അധികരിച്ച് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (യു.എൻ. ഡബ്ല്യു.എഫ്.പി) പ്രോജക്റ്റായ റൈസ് ഫോർട്ടിഫിക്കേഷനായുള്ള സാങ്കേതിക സഹായയൂണിറ്റും, വെള്ളായണി കാർഷിക കോളേജിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സംയുക്തമായാണ് രണ്ടു ദിവസത്തെ സെമിനാർ സംഘടിപ്പിക്കുന്നത്.
യു.എൻ ഡബ്ല്യു.എഫ്.പി ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ഡോ. നോസോമി ഹാഷിമോട്ടോ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ, കാർഷിക സർവ്വകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയ് സ്റ്റീഫൻ, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. അനിത് കെ എൻ., ഗവേഷണ വിഭാഗം മേധാവി ഡോ. ഫൈസൽ എം എച്ച്, സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. റഫീക്കർ എം, സെമിനാർ സെക്രട്ടറി - ഡോ. ബീല. ജി. കെ, എന്നിവർ സംസാരിച്ചു.
രണ്ടുദിവസമായി നടത്തുന്ന സെമിനാറിൽ
ദേശീയ അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള വൈജ്ഞാനിക പ്രമുഖരുടെ വൈവിധ്യമാർന്ന പാനൽ ചർച്ചകൾക്കൊപ്പം, സമ്പുഷ്ടീകരണത്തിലൂടെപോഷകാഹാര സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങളെക്കുറിച്ചുള്ള പ്രബന്ധ അവതരണങ്ങൾ, ചർച്ചകൾ, എന്നിവയും നടക്കും. ആഗോളതലത്തിൽ പോഷകാഹാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയങ്ങൾ പങ്കിടുന്നതിനും ഭക്ഷ്യ സമ്പുഷ്ടീകരണത്തിലൂടെ പോഷകസുരക്ഷ ഉറപ്പുവരുത്തുന്നതിന് മാർഗ്ഗരേഖകൾ രൂപീകരിക്കുന്നതിനും സെമിനാർ സഹായകരമാകും.