10,000 വർഷം പഴക്കമുള്ള ഗുഹകളും ശിലാചിത്രങ്ങളും; തെലങ്കാനയിലെ ഇന്ദ്രപാലനഗരത്തിൽ പുരാവസ്തു കണ്ടെത്തൽ

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ ഇന്ദ്രപാലനഗരത്തിൽ പതിനായിരം വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഗുഹകളും പുരാതന ശിലാചിത്രങ്ങളും ഉൾപ്പെടെ നിർണായക പുരാവസ്തു തെളിവുകൾ കണ്ടെത്തി. വിഷ്ണുകുണ്ഡിന രാജവംശത്തിന്റെ ആദ്യ തലസ്ഥാനമെന്നറിയപ്പെടുന്ന പ്രദേശത്താണ് പുതിയ കണ്ടെത്തലുകൾ.


ശങ്കരം കുന്നിന്റെ താഴ്‌വാരത്തും മുകളിലുമാണ് പ്രാചീന ഗുഹകൾ കണ്ടെത്തിയത്. മാറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള പൈതൃക ഗവേഷക സംഘമാണ് കണ്ടെത്തലുകൾ നടത്തിയത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന മണ്ണെടുപ്പിനിടെയാണ് നിരവധി പുരാവസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടത്.


യെല്ലമ്മ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഭൂനിരപ്പിൽനിന്ന് ഏകദേശം 15 അടി ഉയരത്തിലുള്ള വലിയ പാറയുടെ പ്രതലത്തിൽ ചുവപ്പ് നിറത്തിലുള്ള പുരാതന ചിത്രങ്ങളും കണ്ടെത്തി. കാലപ്പഴക്കത്തിൽ ചിത്രങ്ങൾ മങ്ങിത്തുടങ്ങിയിട്ടുണ്ട്. പഞ്ചേശ്വര ക്ഷേത്രം റാണി രുദ്രമാദേവിയുടെ കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ശിലാചിത്രങ്ങൾക്ക് കാകതീയ കാലഘട്ടവുമായി ബന്ധമുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം.


പതിഗഡ്ഡ പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ കുഴിയെടുക്കലിൽ വിവിധ കാലഘട്ടങ്ങളിലെ പുരാവസ്തുക്കളും ലഭിച്ചു. മൈക്രോലിത്തിക് ഉപകരണങ്ങൾ, നവീനശിലായുഗത്തിലെ കല്ലുകൊണ്ടുള്ള മഴു, മെഗാലിത്തിക് കാലത്തെ ഉരലുകൾ, മൺപാത്രങ്ങളുടെ ഭാഗങ്ങൾ, സ്വർണനിറത്തിലുള്ള തിളക്കമുള്ള പാത്രങ്ങൾ, ആനക്കൊമ്പിൽ നിർമിച്ച വളകൾ, മുത്തുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


ശങ്കരം കുന്നിൽ ഡോൾമെൻ ശവസംസ്കാര രീതിയുടെ തെളിവുകളും കുന്നിന്റെ അടിവാരത്ത് മെഗാലിത്തിക് ശവകുടീരങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.


റാഷ്ട്രകൂട കാലഘട്ടത്തിലെ ക്ഷേത്രത്തിന് മുന്നിൽ രണ്ടായി പൊട്ടിയ നിലയിൽ ഒരു ശിലാശാസനവും കണ്ടെത്തി. ശങ്കരം ഗുട്ടയുടെ തെക്കുഭാഗത്ത് ജൈന  തീർത്ഥങ്കരന്മാരുടെ ശിൽപ്പങ്ങളുമുണ്ട്. ഇവയ്ക്ക് അഭിമുഖമായുള്ള പാറയിലും മറ്റൊരു ശിലാശാസനം കണ്ടെത്തിയിട്ടുണ്ട്.


അതേസമയം, തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികൾക്കിടെ ചരിത്രപരമായ തെളിവുകൾ നശിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പൈതൃക ഗവേഷകർ പറഞ്ഞു. പ്രദേശത്തെ പുരാവസ്തു പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധക്കുറവാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.


ഇന്ദ്രപാലനഗരത്തിൽ ഔദ്യോഗിക പുരാവസ്തു ഖനനം നടത്തണമെന്നും കണ്ടെത്തിയ പൊട്ടിയ ശിലാശാസനം പുനഃസ്ഥാപിച്ച് സംരക്ഷിക്കണമെന്നും മങ്ങിക്കൊണ്ടിരിക്കുന്ന ശിലാചിത്രങ്ങൾ സംരക്ഷിക്കണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു. വിഷ്ണുകുണ്ഡിന കാലഘട്ടത്തിലേതെന്ന് കരുതുന്ന വയലിലുള്ള വിനായക വിഗ്രഹവും സംരക്ഷിക്കണമെന്നാണ് ആവശ്യം.


ആദിമ മനുഷ്യവാസം മുതൽ വിഷ്ണുകുണ്ഡിന, കാകതീയ, രാഷ്ട്രകൂട കാലഘട്ടങ്ങൾ വരെയുള്ള ചരിത്രത്തിന്റെ പാളികൾ ഒരേ പ്രദേശത്ത് കണ്ടെത്തിയതോടെ ഇന്ദ്രപാലനഗരം തെലങ്കാനയുടെ പുരാവസ്തു ഭൂപടത്തിൽ നിർണായക കേന്ദ്രമായി മാറുകയാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like