കാന്‍സര്‍ മരുന്നായ സോറാഫെനിബ് ന്യൂമോണിയ രോഗകാരിയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാം: ആര്‍.ജി.സി.ബി പഠനം

തിരുവനന്തപുരം: മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയ്ക്കെതിരെ എഫ് ഡിഎ അംഗീകൃത കാന്‍സര്‍ മരുന്നായ സോറാഫെനിബ് ഉപയോഗിക്കാമെന്ന് ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ബ്രിക്-ആര്‍ജിസിബി) ശാസ്ത്രജ്ഞര്‍ കണ്ടെത്തി.


 പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്ന ആന്‍റിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകള്‍ക്കെതിരെ ഫലപ്രദമായ ചികിത്സയ്ക്ക് തുടക്കമിടാന്‍ ഈ സുപ്രധാന കണ്ടെത്തല്‍ വഴിയൊരുക്കും.


ബാക്ടീരിയ കാരണമുണ്ടാകുന്ന ന്യൂമോണിയയ്ക്കും  ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിനും (എഎംആര്‍)പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ. സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയയിലുള്ള ഒരു പ്രധാന റെഗുലേറ്ററി പ്രോട്ടീനെ നിര്‍വീര്യമാക്കാന്‍ സോറാഫെനിബിന് സാധിക്കുമെന്ന് പഠനത്തിലൂടെ കണ്ടെത്തി. നിലവിലുള്ള മരുന്നുകള്‍ പുനരുപയോഗിച്ച് പുതിയ ആന്‍റിമൈക്രോബിയലുകള്‍ കണ്ടെത്തുന്നത് എങ്ങനെ വേഗത്തിലാക്കാം എന്ന് പഠനം തെളിയിക്കുന്നു.


ബ്രിക്-ആര്‍ജിസിബി യിലെ ശാസ്ത്രജ്ഞനായ ഡോ. കാര്‍ത്തിക് സുബ്രഹ്മണ്യന്‍റെ നേതൃത്വത്തില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോ ജോയല്‍ എബ്രഹാമും സംഘവുമാണ് പഠനം നടത്തിയത്. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ പ്രശസ്തമായ എംബയോ ജേണലില്‍  പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.


തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (ഐസര്‍) ശാസ്ത്രജ്ഞരുമായും വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ (സിഎംസി) ക്ലിനീഷ്യനുകളുമായും സഹകരിച്ചായിരുന്നു പഠനം.


ശ്വാസകോശ രോഗാണുക്കളെ ചെറുക്കുന്നതിന് ആന്‍റിബയോട്ടിക്കുകളെ മാത്രം ആശ്രയിക്കാതെ, ബാക്ടീരിയല്‍ എന്‍സൈമുകളെ ലക്ഷ്യമിട്ടുള്ള അടുത്ത തലമുറ ആന്‍റിമൈക്രോബിയല്‍ ചികിത്സകള്‍ വേഗത്തിലാക്കാന്‍ ഈ കണ്ടെത്തലുകള്‍ സഹായകമാകും.


ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളികളില്‍ ഒന്നാണ് ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അപകടകരമായ അണുബാധകള്‍ക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും പുതിയ ചികിത്സകള്‍ കണ്ടെത്താന്‍ നിലവിലുള്ള മരുന്നുകളെ പുനരുപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു.


കോശവിഭജനം, കോശഭിത്തി നിര്‍മ്മാണം, രോഗമുണ്ടാക്കാനുള്ള ശേഷി എന്നിവയെ നിയന്ത്രിക്കുന്ന ബാക്ടീരിയല്‍ പ്രോട്ടീനായ എസ് ടികെപിയെ സോറാഫെനിബ് പ്രവര്‍ത്തനരഹിതമാക്കുന്നതായി ഗവേഷണ സംഘം കണ്ടെത്തി. നൂതന കമ്പ്യൂട്ടേഷണല്‍ മോഡലിംഗ്, ബയോകെമിക്കല്‍ വിശകലനങ്ങള്‍, അണുബാധകളെക്കുറിച്ചുള്ള പഠനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് ഗവേഷണം നടത്തിയത്. ഈ മരുന്ന് വിവിധതരം ന്യൂമോകോക്കല്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ ഫലപ്രദമായി തടയുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി.


പെന്‍സിലിന്‍, എറിത്രോമൈസിന്‍ പോലുള്ള പ്രധാന ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ന്യൂമോണിയ ബാക്ടീരിയകള്‍ക്കെതിരെയും ഇത് വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു.


ബാക്ടീരിയകളുടെ നിര്‍ണായക സിഗ്നലിംഗ് സംവിധാനങ്ങളെ ലക്ഷ്യമിടുന്നതിലൂടെ അവയുടെ നിലവിലുള്ള പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതായി  ഡോ. കാര്‍ത്തിക് സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.


ന്യൂമോണിയയ്ക്ക് കാരണമാകുന്ന രോഗകാരിയുടെ കോശങ്ങളിലെ പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ വളരെ ദുര്‍ബലമാണ്. നിര്‍ദ്ദിഷ്ട പ്രോട്ടീന്‍ ഘടനയുമായി ബന്ധിപ്പിക്കുന്നതിലൂടെ മരുന്ന് ബാക്ടീരിയകളുടെ അതിജീവന പ്രക്രിയകളെ തടസ്സപ്പെടുത്തുകയും അവയുടെ പ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആധുനിക കാലത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളില്‍ ഒന്നായ ആന്‍റിമൈക്രോബിയല്‍ പ്രതിരോധത്തിന് നൂതന പരിഹാരങ്ങള്‍ അത്യാവശ്യമാണെന്ന് ബ്രിക്-ആര്‍ജിസിബി  ഡയറക്ടര്‍ ഡോ. ബീന പിള്ള പറഞ്ഞു. ഒന്നിലധികം രോഗകാരികള്‍ക്കെതിരെ ഫലപ്രദമായ ചികിത്സകള്‍ വേഗത്തില്‍ വികസിപ്പിക്കുന്നതിന് നിലവിലുള്ള മരുന്നുകള്‍ പുനരുപയോഗിക്കുന്നതിനുള്ള സാധ്യത ഈ പഠനം കാണിച്ചു തരുന്നു. ആഗോള ആരോഗ്യ വെല്ലുവിളികളെ പരിഹരിക്കുന്നതിനായി അത്യാധുനിക ശാസ്ത്ര ഗവേഷണങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാനുള്ള ബ്രിക്- ആര്‍ജിസിബി യുടെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാകുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.


രോഗകാരിയുടെ കോശഭിത്തിയില്‍ സോറാഫെനിബ്  ഉണ്ടാക്കുന്ന കേടുപാടുകള്‍ ശ്വാസകോശങ്ങളെ ആക്രമിക്കാനുള്ള അവയുടെ കഴിവ് കുറയ്ക്കാന്‍ കാരണമാകുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി.  പുതിയ തരം ആന്‍റിബയോട്ടിക്ക് മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള പരമ്പരാഗത രീതിയെയും പഠനത്തിലെ കണ്ടെത്തലുകള്‍ വെല്ലുവിളിക്കുന്നു. സാധാരണയായി പത്തുവര്‍ഷത്തിലധികം സമയമെടുക്കുന്ന പ്രക്രിയയാണിത്.


സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ ബാക്ടീരിയകള്‍ സോറാഫെനിബ് മരുന്നിനെതിരെ ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൈവരിക്കാനുള്ള സാധ്യത വളരെക്കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് ക്ലിനിക്കല്‍ ഉപയോഗത്തിന് ഇതിനെ അനുയോജ്യമാക്കി മാറ്റുന്നു.


ന്യൂമോകോക്കല്‍ ന്യൂമോണിയ ബാധിച്ച മൃഗങ്ങളിലെ പരീക്ഷണങ്ങളില്‍ മനുഷ്യര്‍ക്ക് സാധാരണ നല്കുന്ന ഡോസിന്‍റെ പത്തിലൊന്ന് അളവിലാണ് നല്കിയത്. രോഗവളര്‍ച്ച ഗണ്യമായി കുറഞ്ഞതിനൊപ്പം ശ്വാസകോശത്തിലെ ബാക്ടീരിയകളുടെ അളവ് കുറയുകയും ചെയ്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like