അറ്റുപോകാത്ത ഓർമ്മകൾ, പ്രൊഫ : ടി ജെ ജോസഫിന്റെ ആത്മകഥ
- Posted on July 27, 2021
- Ezhuthakam
- By Swapna Sasidharan
- 844 Views
നാളിതുവരെ മറ്റൊരു പുസ്തകം വായിച്ചിട്ടും മനസ്സ് ഇത്രകണ്ടു പ്രക്ഷുബ്ധമായിട്ടില്ല

തൊടുപുഴ ന്യൂമാൻ കോളേജിൽ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ : ടി ജെ ജോസഫിന്റെ ആത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകൾ ' എന്ന പുസ്തകത്തിന്റെ ആദ്യ താളുകളിലൊന്നിൽ ഇങ്ങനെ വായിക്കാം "എന്റെ സലോമിക്ക് ". അതെ!ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നത് ജീവിതത്തിലെ സകലദുരിതങ്ങളിലും അദ്ദേഹത്തോടൊപ്പം തോളോടു തോൾ ചേർന്നു നിന്ന് പോരാടിയ അദ്ദേഹത്തിന്റെ ഭാര്യ സലോമിക്കാണ്. നഷ്ടപ്പെട്ടുപോയ ജോലി ഇനിയൊരിക്കലും തന്റെ ഭർത്താവിന് തിരികെ ലഭിക്കില്ലല്ലോയെന്ന ആകുലതയ്ക്കൊടുവിൽ വിഷാദരോഗത്തിനും, അതിന്റെ ഫലമായി ആത്മഹത്യയ്ക്കും കീഴടങ്ങിയ സഹ സൈനിക.
'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പുസ്തകം രണ്ടു ഭാഗങ്ങളായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ചോദ്യപ്പേപ്പർ വിവാദവും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ആദ്യ ഭാഗത്തു പ്രതിപാദിച്ചിരിക്കുന്നതെങ്കിൽ, രണ്ടാം ഭാഗത്തു പ്രൊഫസറുടെ മുൻകാല ജീവിതമാണ് നമുക്ക് മുന്നിലദ്ദേഹം ഒരു ചിത്രകാരന്റെ ചാതുര്യത്തോടെ വരച്ചു കാട്ടുന്നത്.
2009 ഏപ്രിൽ മാസം, തൊടുപുഴ ന്യൂമാൻ കോളേജിലെ ബി കോം രണ്ടാം വർഷ വിദ്യാർത്ഥികളുടെ മലയാളം ഇന്റെർണൽ പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ഒരു ചോദ്യത്തിലല്പം നർമ്മം കലർത്തിയെഴുതാൻ നിശ്ചയിച്ച പ്രൊഫ : ജോസഫ്, പ്രശസ്ത ചലച്ചിത്രകാരനായ പി ടി കുഞ്ഞുമുഹമ്മദ് രചിച്ച 'തിരക്കഥ : ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ ' എന്ന ശീർഷകത്തിൽ എം ജി യൂണിവേഴ്സിറ്റി നിഷ്കർഷിച്ചിട്ടുള്ള റഫറൻസ് ഗ്രന്ഥത്തിൽ വന്ന ലേഖനത്തിൽ നിന്നും ഒരു സംഭാഷണം ശരിയായ ചിഹ്നങ്ങൾ ചേർത്തെഴുതാനുള്ള ഗദ്യ ഭാഗമായി ഒരു ചോദ്യം തയ്യാറാക്കി.
ഇന്റെർണൽ പരീക്ഷകളിൽ പൊതുവേ പിന്തുടരുന്ന ശീലമാണ് മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഉപയോഗിക്കുക എന്നത്. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ അടിസ്ഥാനമാക്കി പഠിച്ചിട്ടുള്ള വിദ്യാർഥികൾ ഉയർന്ന മാർക്ക് നേടുന്നത് ഇത്തരം പരീക്ഷ കളിൽ സാധാരണവുമാണ്. എന്നാൽ പതിവു രീതിയിൽ നിന്നും വ്യത്യസ്തമായി താൻ സ്വന്തമായി തയ്യാറാക്കിയ ചോദ്യങ്ങളാണ് പ്രൊഫ : ജോസഫ് പരീക്ഷയ്ക്ക് ഉപയോഗിച്ചത്.
എന്നാൽ ആ ചോദ്യപ്പേപ്പറിൽ ദൈവവും ഭ്രാന്തനും തമ്മിലുള്ള സംഭാഷണത്തിൽ ഭ്രാന്തന് ഒരു പേര് കല്പ്പിച്ചു നൽകിയിരുന്നത്, ഒരു പ്രത്യേക മതവിഭാഗത്തിലെ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും, തുടർന്ന് പ്രൊഫ : ജോസഫിനെ കോളേജ് മാനേജ്മെന്റ് അച്ചടക്കനടപടികൾക്ക് വിധേയനാക്കുകയും ചെയ്തു.
പരീക്ഷ എഴുതിയ 32 പേരിൽ ഒരാൾ പോലും ആ ചോദ്യത്തിന്റെ പേരിൽ പ്രിൻസിപ്പലിനോ, യൂണിവേഴ്സിറ്റി യിലോ പരാതി നൽകിയില്ലെന്നിരിക്കെ ആ ചോദ്യം വിവാദമാക്കിയത് വിശ്വസിച്ചു കൂടെ നിന്നിരുന്ന മറ്റുള്ളവരാണെന്നുള്ളത് തീർച്ച. വിവാദത്തെ തുടർന്ന് ഒളിവിലും, പോലീസിൽ കീഴടങ്ങുക വഴി ജയിലിലും കഴിയുമ്പോഴും താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പ്രൊഫസർ ഉറച്ചു വിശ്വസിച്ചിരുന്നു. ജയിലിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തെ മതതീവ്രവാദികൾ 2010 ജൂലൈ 4-നു വീടിനടുത്തുള്ള ഇടവഴിയിൽ വച്ചു അതിക്രൂരമായി മുറിവേൽപ്പിച്ചു അദ്ദേഹത്തിന്റെ വലതു കൈപ്പത്തി പാടേ മുറിച്ചു കളയുന്നു.
എണ്ണമറ്റ ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും അദ്ദേഹത്തിന്റെ വലതു കൈക്ക് സ്പർശന ശേഷി തിരികെ ലഭിക്കുകയുണ്ടായില്ല. ഡാർക്ക് ഹ്യൂമറിൽ തല്പരനായിരുന്ന ശ്രീ ജോസഫ് നർമ്മത്തിൽ പൊതിഞ്ഞതും തികച്ചും നിരുപദ്രവകരമെന്ന രീതിയിൽ തെരഞ്ഞെടുത്തതുമായ കേവലമൊരു ചോദ്യം അദ്ദേഹത്തിനും കുടുംബത്തിനും ഒരിക്കലും മായ്ക്കാനാവാത്ത വിധം മുറിവുകൾ മാത്രം സമ്മാനിച്ചു.
ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹത്തെ ചേർത്ത് നിർത്തേണ്ടിയിരുന്ന കോളേജ് മാനേജ്മെന്റും രൂപതയുമാവട്ടെ അഭിനവ പീലാത്തോസിന്റെ കൈകഴുകൽ നയമാണ് സ്വീകരിച്ചത്. ചോദ്യപ്പേപ്പർ വിവാദം, കുറ്റം ചെയ്യാതെ പോലീസ് പീഡനമേൽക്കേണ്ടി വന്ന മകൻ, മത തീവ്രവാദികളുടെ ആക്രമണം, ജീവന മാർഗമായിരുന്ന ജോലിയിൽ നിന്നുമുള്ള പിരിച്ചുവിടൽ എന്നിങ്ങനെ ശിക്ഷകൾ ഒട്ടേറെ, ഏറ്റവുമൊടുവിൽ ഭാര്യ സലോമിയുടെ ആത്മഹത്യ.ആരുടെയൊക്കെയോ വായടപ്പിക്കാണെന്നോണം ജോലിയിൽ നിന്നും വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ തിരിച്ചു ജോലിയിൽ ഹാജരാവാനുള്ള അനുമതിയുമായി കോളേജ് മാനേജ്മെന്റ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'യുദ്ധം ജയിച്ചു പക്ഷേ രാജ്യം നഷ്ടപ്പെട്ടു '.
മലയാള ഭാഷയിൽ ഇത്രയും പണ്ഡിത്യമുള്ള ഒരധ്യാപകന്റെ വലതുകൈ മഴു കൊണ്ടു വെട്ടി മുറിച്ച 'തീവ്ര മണ്ടന്മാരും ' വിദ്യാർഥികളായിരുന്നിരിക്കില്ലേ എന്തു തെറ്റിദ്ധാരണയുടെ പേരിലായാലും എങ്ങനെ തോന്നി ഇത്തരമൊരു പാപം ചെയ്യാൻ?
പണ്ട് വായിച്ചൊരു കഥയാണ്, ഗുരു നൽകുന്ന ശിക്ഷയുടെ കാഠിന്യം സഹിക്കാൻ വയ്യാതെ അദ്ദേഹത്തെ വധിക്കാനുറച്ചു പതുങ്ങിയിരിക്കവേ യാദൃച്ഛികമായി ഗുരുനാഥൻ ഗുരുപത്നിയോട് തന്നെ ക്കുറിച്ച് നല്ലത് മാത്രം പറയുന്നത് കേൾക്കാനിടയായ ശിഷ്യന് പശ്ചാത്താപം തോന്നുകയും ഗുരുഹത്യ എന്ന പാപചിന്ത മനസ്സിൽ വന്നതിനാൽ അതിനു തക്കതായ ശിക്ഷ ഉമിത്തീയിൽ നീറിയുള്ള മരണമാണെന്ന് മനസ്സിലാക്കി ആ ശിക്ഷ സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരം ഗുരു ശിഷ്യ ബന്ധങ്ങളുണ്ടായിരുന്ന നാട്ടിലാണ് സ്വന്തം അധ്യാപകനെ ഒരു ശിഷ്യൻ ഒറ്റിക്കൊടുത്തത്.
നാളിതുവരെ മറ്റൊരു പുസ്തകം വായിച്ചിട്ടും മനസ്സ് ഇത്രകണ്ടു പ്രക്ഷുബ്ധമായിട്ടില്ല. സ്വതസിദ്ധമായ നർമ്മബോധം പ്രൊഫ : ജോസഫ് ഈ പുസ്തകത്തിൽ നിർലോഭം ഉപയോഗിച്ചിരിക്കുന്നതിനാൽ വികാര വിക്ഷോഭങ്ങൾക്കിടയിലും ചില ഭാഗങ്ങളെന്നെ ചിരിപ്പിച്ചു കൊണ്ടു കടന്നു പോയി.
©സ്വപ്ന