മലയാളക്കരയിലൂടെ ആദ്യമായി ബൈക്ക് ഓടിച്ച ആ പെൺകുട്ടിയെ അറിയാമോ??

ചളിയും കല്ലും നിറഞ്ഞ വഴിയിലൂടെ ബുള്ളറ്റിന്റെ ശബ്ദത്തിനായി ആളുകൾ കാതോർത്തിരുന്നു.

ഇന്നും ബൈക്ക് ഓടിച്ച് പോകുന്ന ഒരു പെണ്ണിനെ കണ്ടാൽ ആരും ഒന്ന് നോക്കാറുണ്ട്. അപ്പോൾ 1930കളിലെ കാര്യം ഒന്നോർത്ത് നോക്കൂ. കേരളത്തിലാദ്യമായി ബൈക്കിന്റെ പുറത്ത് മഹാറാണിയായിരുന്ന് ചേർത്തലയുടെ പരിസരങ്ങളിലൂടെ സഞ്ചരിച്ച സ്ത്രീ മറ്റാരുമല്ല, സാക്ഷാൽ കെ ആർ ഗൗരിയമ്മയുടെ ചേച്ചി കെ ആർ നാരായണി. അത് വെറും ബൈക്കൊന്നുമല്ല, രാജകീയ പ്രൗഢി നിറഞ്ഞ 3.5 എൻഫീൽഡ് മോട്ടോർ സൈക്കിൾ. അന്ന് കേരളത്തിൽ സൈക്കിൾ പോലും മുഴുവനോടെ ആളുകൾ കാണാത്ത ഒരു കാലമാണെന്നോർക്കണം. ചളിയും കല്ലും നിറഞ്ഞ വഴിയിലൂടെ ബുള്ളറ്റിന്റെ ശബ്ദത്തിനായി ആളുകൾ കാതോർത്തിരുന്നു.  സാരിത്തുമ്പ് അരയിലങ്ങ് വരിഞ്ഞ് കെട്ടി രണ്ടും കൽപിച്ചൊരു യാത്ര. 

അന്ധകാരനഴി കളത്തിപറമ്പിൽ വീട്ടിലെ കർഷക പ്രമുഖൻ രാമന്റെ മകൾ നാരായണിയെ അങ്ങനെ  രഹസ്യമായും അൽപം പരസ്യമായും ആളുകൾ മോട്ടോർ നാണിയെന്നും ബൂള്ളറ്റ് നാരായണിയെന്നും കൂട്ടി വിളിച്ചു. ആ വിളിയും നാരായണിക്കൊരു ക്രെഡിറ്റ് ആയിരുന്നു.  വീണയും സംഗീതവും ഇഷ്ട വിനോദമായ നാരായണി നല്ലൊരു പ്രാസംഗിക കൂടിയായിരുന്നു. അക്കാലത്ത് ആളുകളെ കയറ്റി വലിക്കുന്ന റിക്ഷകൾ മാത്രമായിരുന്നു യാത്രക്കായി ഉപയോഗിച്ചത്.  പെട്ടെന്നൊരു ദിവസം നാരായണിക്ക് യാത്രക്കായി വാഹനം വേണമന്ന് തോന്നുകയും  സൈക്കിളിനെക്കുറിച്ച് വീട്ടിൽ സംസാരിക്കുകയും ചെയ്തു. എല്ലാവരും ചേർന്ന് കളിയാക്കിയതോടെ പിൻമാറാനില്ലെന്നുറച്ച് ബുള്ളറ്റിലങ്ങ് കമ്പം പിടിച്ചു. ചേർത്തലയിൽ മുളക്കച്ചവടം ചെയ്യുന്ന മൂപ്പൻ ആശാന്റെ പക്കൽ നിന്നും സൈക്കിളോടിക്കാനും ബൈക്കോടിക്കാനും പഠിച്ചു. സ്വന്തം റിസ്കിൽ ഇംഗ്ലണ്ടിൽ നിന്നും ബുള്ളറ്റ് ഇറക്കുമതി ചെയ്തു. അങ്ങനെയായിരുന്നു ആ ചരിത്രയാത്രയുടെ തുടക്കം. 

രോഗബാധിതയായി നാഗർകോവിലിലേക്ക് താമസം മാറ്റിയ നാരായണി പിന്നീട് ബുള്ളറ്റിൽ കയറിയിട്ടില്ല. നാലു വര്‍ഷം മുൻപ് വരെ ആ ബുള്ളറ്റ് കുടുംബവീടിന്റെ തെക്കുവശത്ത് ചരിത്ര സ്മാരകമായി സൂക്ഷിച്ചിരുന്നു. പിന്നീട് കാലപ്പഴക്കത്താൽ ദ്രവിച്ചു നശിച്ചു പോയി.

കടപ്പാട്

കഥ - ചില സന്തോഷങ്ങൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like