വായനാ കുറിപ്പ് - പ (ക.), ജുനൈദ് അബൂബക്കർ
- Posted on September 30, 2021
- Ezhuthakam
- By Swapna Sasidharan
- 429 Views
എഴുപതുകളുടെയും എൺപതുകളുടെയും മദ്ധ്യത്തിൽ പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുടെ ആകെത്തുകയാണ് പ(ക.) എന്ന കൊച്ചുനോവലിലൂടെ എഴുത്തുകാരൻ പറയുന്നത്

പക വീട്ടാനുള്ളതാണ് എന്നാൽ പ(ക.) വായിക്കാനുള്ളതാണ്. പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിന്റെയും അവിടുത്തെയൊരു കൂട്ടം ചെറുപ്പക്കാരുടേയും കഥയാണ് പ(ക.). ആ നാട്ടിൽ നടക്കുന്ന ഒരു പ്രശ്നത്തിൽ അറിയാതെ ചെന്നു പെട്ടുപോകുന്ന ആറു പേരുടെ സംഘം പിന്നീട് പട്ടിക്കമ്പനി[പ(ക.) എന്നറിയപ്പെടുകയും, ആരേയും എതിർക്കാൻ ചങ്കൂറ്റമുള്ളവരായി മാറുകയും ചെയ്യുന്നു.
എഴുപതുകളുടെയും എൺപതുകളുടെയും മദ്ധ്യത്തിൽ പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുടെ ആകെത്തുകയാണ് പ(ക.) എന്ന കൊച്ചുനോവലിലൂടെ എഴുത്തുകാരൻ പറയുന്നത്. ബച്ചുവും, കൂട്ടുകാരും,'ക' യ്ക്കു പകരം 'ഹ' യെന്നും 'ണ' യ്ക്കു പകരം 'മ' യെന്നും പറയുന്ന അട്ടാശ്ശേരി അണ്ണൻ, ഉമ്മർക്കണ്ണൻ അമ്പിളി, ഓമോട്ടൻ, കോന്തിയാശാൻ, വളവിക്കുടി സ്റ്റാൻലി എന്ന അധോലോക നായകൻ, മാർത്താണ്ഡൻ മുതലാളി, ഗ്രിഗറി സായിപ്പ്, വെള്ളില, തൊതോ കൊച്ചത്താ, അങ്ങനെ ഒരു ദേശത്തെ പല തരക്കാരായ ആളുകളുടെ ജീവിതവും മറ്റു അനുബന്ധ കാര്യങ്ങളുമാണ് ഈ കുഞ്ഞു നോവലിൽ ഉള്ളത്.
നമ്മൾ കാണാറുള്ള സിനിമകളിൽ പലപ്പോഴും കാണാറുള്ളതാണ് ഒരു നാട്ടിലെ നാലും കൂടുന്ന മുക്കിൽ ഒരു ചായക്കട. അവിടുത്തെ കച്ചവടക്കാരന് അവിടെ വരുന്നവരോട് പറയാനുണ്ടാവുക സ്ഥലത്തെ വീര സാഹസികന്മാരെപ്പറ്റിയാവും. അത്തരമൊരു കഥാപാത്രമാണ് ഓമോട്ടൻ. തന്റെ മുറുക്കാൻ കടയിൽ വരുന്നവരോടെല്ലാം തന്റെ ആരാധനാ പാത്രങ്ങളെക്കുറിച്ച് പുകഴ്ത്തിപ്പറയുന്നതായിരുന്നു അയാളുടെ രീതി. ആദ്യ കാലത്ത് ജയന്റെ ആരാധകനായിരുന്നപ്പോൾ അയാൾ ഓമോട്ടൻ ജയൻ എന്നും, ജയന്റെ മരണശേഷം മോഹൻലാൽ ആരാധകനായപ്പോൾ ഓമോട്ടൻ ലാൽ എന്നും അയാൾ പേര് മാറ്റുന്നുണ്ട്.
മറ്റൊരു രസികൻ കഥാപാത്രം എന്തു പറയുമ്പോഴും 'ങാ തൊതോ ' എന്ന് പറയുന്ന തൊതോ കൊച്ചത്തായായിരുന്നു. ബച്ചുവിനെയും കൂട്ടരെയും വീട്ടുകാർ പോലും തള്ളിപ്പറയുമ്പോൾ അവരെ ചേർത്തു പിടിക്കുന്നത് തൊതോ കൊച്ചത്തായാണ്. അങ്കമാലി ഡയറീസ്, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെ ലോക്കൽ ഗാങ്ങുകളെ ഓർമ്മിപ്പിച്ചു പ(ക.). ഏറ്റവും ലളിതമായ ഭാഷയിൽ ഒരു കട്ട ലോക്കൽ ത്രില്ലെർ അതാണ് പട്ടി കമ്പനിയുടെ കഥ പറഞ്ഞ പ(ക.).
@സ്വപ്ന