ജയത്തിൽ കുറഞ്ഞതെന്തും മരണത്തിന് തുല്യം; കോപ്പ അമേരിക്ക ചാമ്പ്യൻമാരെ നാളെ അറിയാം

1993ന് ശേഷം ആദ്യ കിരീടത്തിനായി മെസിയുടെ അർജൻറീന കൊതിക്കുമ്പോൾ കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീൽ ഇറങ്ങും.

കാത്തിരുന്ന സ്വപ്‌ന ഫൈനലില്‍ കോപ്പ അമേരിക്ക ചാമ്പ്യൻമാരെ നാളെ അറിയാം. ചിരവൈരികളായ അർജൻറീനയെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീൽ നാളെ പുലർച്ചെ അഞ്ചരയ്‌ക്ക് നേരിടും. ആരാധകപ്പോരിലും  ലിയോണല്‍ മെസിയും-നെയ്‌മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം തീപാറിക്കും. 

മണിക്കൂറുകൾ മാത്രമാണ് ഇക്കുറി കോപ്പ ആര് നേടുമെന്ന ചോദ്യം അവസാനിക്കാൻ ബാക്കിയുള്ളത്. 1993ന് ശേഷം ആദ്യ കിരീടത്തിനായി മെസിയുടെ അർജൻറീന കൊതിക്കുമ്പോൾ കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീൽ ഇറങ്ങും. കോച്ച് ടിറ്റെയുടെ തന്ത്രങ്ങൾ നെയ്‌മറെ അധികം ആശ്രയിക്കാതെയാണ്. ലൂകാസ് പക്വേറ്റയായിരുന്നു ക്വാർട്ടറിലും സെമിയിലും ഗോള്‍ സ്‌കോറർ. വ്യത്യസ്‌ത നായകൻമാരെ  ഓരോ കളിയിലും പരീക്ഷിക്കുന്ന ടിറ്റെ സീനിയർ താരം തിയാഗോ സിൽവയെയാണ് ഫൈനലിൽ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത്. 

അർജൻറൈൻ നിരയിലാവട്ടേ മെസിയുടെ ഇടങ്കാലിലൂന്നിയാണ് കോച്ച് ലിയണൽ സ്‌കലോണിയുടെ അടവുകളെല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും.  ഇതുവരെ സ്‌കലോണി ഏതൊക്കെ താരങ്ങളെ ഫൈനലിൽ കളിപ്പിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.  മെസിക്കൊപ്പം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി, റോഡ്രിഗോ ഡി പോൾ, ഗുയ്ഡോ റോഡ്രിഗസ്, ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് ടീമിൽ സ്ഥാനം ഉറപ്പിച്ച താരങ്ങൾ. 

നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നിശ്ചിതസമയം സമനിലയിൽ അവസാനിച്ചാൽ അധികസമയം അനുവദിക്കും. അപ്പോഴും ഒപ്പത്തിനൊപ്പമെങ്കിൽ ജേതാക്കളെ ഷൂട്ടൗട്ടിലൂടെ നിശ്ചയിക്കും.  ടിറ്റെയും സ്‌കലോണിയും സൗന്ദര്യ ഫുട്ബോളിൻറെ നാട്ടുകാരാണെങ്കിലും പ്രായോഗികതയുടെ വക്താക്കളാണ്. ജയത്തിൽ കുറഞ്ഞതെന്തും മരണത്തിന് തുല്യമാണ് എന്നാണ് ചിരവൈരികളുടെ കലാശപ്പോരാട്ടത്തിൽ ഫുട്ബോള്‍ പ്രേമികളുടെ വിശ്വാസം. 

111 മത്സരങ്ങളില്‍ അര്‍ജന്‍റീനയും ബ്രസീലും ഏറ്റുമുട്ടിയപ്പോൾ 40 കളിയില്‍ അർജന്റീനയും 46 കളികളില്‍ ബ്രസീലും വിജയിച്ചു. 25 കളികൾക്ക് സമനിലയില്‍ അവസാനിക്കാനായിരുന്നു വിധി. ഏറ്റവുമൊടുവിൽ 2019 നവംബർ 19ന് മുഖാമുഖമെത്തിയപ്പോള്‍  ലിയോണല്‍ മെസിയുടെ കളിലൂടെ അർജന്റീന 1-0ന് വിജയിച്ചു. അര്‍ജന്‍റീനയും ബ്രസീലും ഇതിന് മുൻപ് കോപ്പ സെമിയിലാണ് ഏറ്റുമുട്ടിയത്.  അന്ന് 2-0ന് ജയം ബ്രസീലിനൊപ്പം നിന്നു.

ചരിത്രഫൈനല്‍ നേരില്‍കാണാമെന്നുളള ആരാധകരുടെ പ്രതീക്ഷ അസ്തമിച്ചു

Author
Sub-Editor

Sabira Muhammed

No description...

You May Also Like