കണ്ടം കളി കൊണ്ട് ലക്ഷങ്ങളുണ്ടാക്കിയ കഥ
- Posted on January 18, 2024
- Sports
- By Dency Dominic
- 245 Views
ഗംഭീര സെറ്റപ്പിലാണ് ഷോയെബും സുഹൃത്തുക്കളും ക്രിക്കറ്റ് കളിച്ചത്
കണ്ടം കളിയെ പുച്ഛിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കണ്ടം കളി അത്ര ചെറിയ കാര്യമൊന്നുമല്ല. വെറുതെ കളിച്ച് നടന്ന് സമയം കളയാതെടാ എന്ന് മക്കളെ ഉപദേശിക്കുന്നവർ, ഗുജറാത്തിലെ ഷോയേബിന്റെയും കൂട്ടുകാരുടെയും കഥ കേട്ടിരിക്കേണ്ടതാണ്. കണ്ടം കളിയിലൂടെ ലക്ഷങ്ങൾ ആണ് ഷോയെബും സുഹൃത്തുക്കളും നേടിയത്. എന്നാൽ കഥയിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്.
പാടത്ത് ക്രിക്കറ്റ് കളിച്ച ലക്ഷങ്ങൾ നേടിയ ഇവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതെങ്ങനെയെന്നല്ലേ? ഗംഭീര സെറ്റപ്പിലാണ് ഷോയെബും സുഹൃത്തുക്കളും ക്രിക്കറ്റ് കളിച്ചത്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഐപിഎൽ ഗെറ്റപ്പിൽ. പാടത്ത് സെറ്റിട്ട് ഐപിഎൽ സ്റ്റൈലിൽ 20 /20 ആണിവർ കളിച്ചത്. കളിക്കാൻ ഇറങ്ങിയവരാകട്ടെ നാട്ടിലെ കർഷകരും ചെറുപ്പക്കാരും. ഐപിഎൽ ജേഴ്സിയിൽ കളിക്കാൻ എത്തിയ ഇവർക്കെല്ലാം 400 രൂപയായിരുന്നു ദിവസക്കൂലി. എന്നാൽ ഇതിനൊന്നും ആയിരുന്നില്ല ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. സെറ്റിട്ട് ഇവർ നടത്തിയ ക്രിക്കറ്റ് കളി കാണിച്ചു, റഷ്യയിലെ ഒരു കൂട്ടം പേരെയാണ് ഇവർ വാതുവെയ്പ്പ് നടത്തി പറ്റിച്ചത്. വാതുവെപ്പ് നടക്കുന്ന റഷ്യയിലെ പ്രശസ്തമായ ഒരു പബിൽ ജോലി ചെയ്തിരുന്ന ഷോയേബിന്റെ തലയിലാണ് ഈ കള്ളക്കളിയുടെ ബുദ്ധി ആദ്യം ഉദിച്ചത്. തിരിച്ച് നാട്ടിലെത്തിയ ഷോയേബ്, കൃഷി സ്ഥലത്ത് സെറ്റിട്ടു. സെഞ്ച്വറി ഹിറ്റെഴ്‌സ് 20/20 എന്ന പേരിലായിരുന്നു മത്സരം. ഇനി ടീമുകളുടെ പേരുകൾ കേൾക്കണ്ടേ.. ചെന്നൈ ഫൈറ്റേഴ്സ്, ഗാന്ധിനഗർ ചലഞ്ചേഴ്സ് എന്നൊക്കെയാണ് ടീമുകൾക്ക് നൽകിയിരുന്ന പേരുകൾ.
കൂടുതൽ നാച്ചുറൽ ആക്കാൻ വേണ്ടി ഫ്ളഡ് ലൈറ്റ്സ് സ്ഥാപിക്കുകയും അംബയർമാരുടെ കയ്യിൽ വ്യാജ ടോക്കി നൽകുകയും ചെയ്തിരുന്നു. യൂട്യൂബിലും വ്യാജ ഐപിഎൽ ലൈവ് ആയി നൽകിയിരുന്നു. നമ്മുടെ ഐപിഎല്ലിൽ ഓൾറെഡി കണ്ണ് തള്ളിയിരുന്ന റഷ്യൻ വാതുവെപ്പുകാരെ ഷോയേബിന്റെ റഷ്യയിലെ സുഹൃത്തും, കൂട്ടുപ്രതിയുമായ ആസിഫ് മുഹമ്മദ് വാതുവെപ്പിനായി ക്ഷണിക്കുകയും ചെയ്തു. ആദ്യ തുകയായി അടക്കേണ്ടിയിരുന്നത് മൂന്ന് ലക്ഷം രൂപയാണ്. എന്തായാലും വ്യാജ ഐപിഎല്ലിന്റെ ഫൈനൽ നടന്നത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു. ഇപ്പോൾ മനസ്സിലായില്ലേ മനസ്സ് വെച്ചാൽ കണ്ടം കളി കൊണ്ടും ലക്ഷങ്ങൾ നേടാമെന്ന്.