അന്ധവിശ്വാസത്തെ മറയാക്കിയുള്ള കപട ചികിത്സാ സ്ഥാപനങ്ങളുടെ ചൂഷണത്തിന് വിധേയരാകുന്നവരില്‍ വിദ്യാസമ്പന്നരും: വനിതാ കമ്മീഷന്‍.

സ്വന്തം ലേഖിക.



അന്ധവിശ്വാസത്തെ മറയാക്കിയുള്ള കപട ചികിത്സാ സ്ഥാപനങ്ങളുടെ ചൂഷണത്തിന് വിധേയരാകുന്നവരില്‍ വിദ്യാസമ്പന്നരും ഉള്‍പ്പെടുന്നതായി കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിന്റെ ആദ്യദിവസത്തെ ഹിയറിംഗിനുശേഷം പ്രതികരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. തിരുവനന്തപുരം ജില്ലയിലും ഇത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നുണ്ട്. 

ശാസ്ത്രീയമായ ചികിത്സ ലഭ്യമായ, ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ക്കുപോലും ആശുപത്രിയില്‍ പോകാറില്ല. പകരം അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ കപട ചികിത്സകരുടെ മുന്നിലേക്കാണ് പോകുന്നത്. വിശ്വാസത്തെ ചൂഷണംചെയ്യുന്ന ഇത്തരം ചികിത്സകള്‍ അപകടമാണുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ സമൂഹം കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ ഓര്‍മ്മിപ്പിച്ചു. 

രക്ഷിതാക്കളുടെ വിവാഹേതര ബന്ധങ്ങള്‍ അവരുടെ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചില കേസുകളില്‍ ഈ കുട്ടികളെ കൗണ്‍സിലിംഗിന് അയക്കേണ്ടിവരുന്നു. രക്ഷിതാക്കളുടെ കേസില്‍ കക്ഷിപോലും അല്ലാതിരുന്നിട്ടും കുട്ടികളുടെ അവസ്ഥ പരിതാപകരമാകുന്നു. അവരുടെ പഠനത്തേയും ആരോഗ്യത്തേയും സ്വഭാവത്തേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് മാനസികാരോഗ്യവും പ്രതിസന്ധിയിലാവുന്നതെന്നും അഡ്വ. പി. സതീദേവി ചൂണ്ടിക്കാട്ടി. 

പ്രായമായ അമ്മമാരില്‍നിന്നും സ്വത്തും മാസാമാസമുള്ള പെന്‍ഷന്‍ കാശും കൈക്കലാക്കുകയും പിന്നീട് അവരെ പരിരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന മക്കളെക്കുറിച്ചുള്ള നിരവധി പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. നോട്ടീസ് അയച്ചാല്‍പോലും ഹാജരാവാത്ത പെണ്‍മക്കളടക്കം ഇതിലുണ്ട്. ഇക്കാര്യം കമ്മീഷന്‍ ഗൗരമായി കാണുന്നുവെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന അദാലത്തിന്റെ ആദ്യദിനത്തില്‍ 150 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 15 എണ്ണത്തില്‍പരിഹാരം കണ്ടു. ഏഴെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണം കൗണ്‍സിലിംഗിനയച്ചു. 125 പരാതികള്‍ അടുത്ത മാസത്തെ അദാലത്ത് വീണ്ടും പരിഗണിക്കും. ആദ്യദിനത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ. പി. സതീദേവി, അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. സി.ഐ. ജോസ് കുര്യന്‍, അഭിഭാഷകരായ അദീന, സരിത, സൂര്യ, രജിത റാണി, കൗണ്‍സിലര്‍ സോണിയ എന്നിവരും പരാതികള്‍ പരിഗണിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like