വായനാ കുറിപ്പ് - പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ

പൂനാച്ചി എന്ന പെണ്ണാട് സമൂഹത്തിലെ പെൺകുട്ടികളുടെ പ്രതീകമായി നിലകൊള്ളുന്നു. സ്വന്തം വീട്ടിൽ ഏവരുടെയും ഓമനയായി വളർന്ന അവൾ, പ്രണയം നഷ്ടപ്പെട്ട്, ഇഷ്ടമില്ലാത്തൊരു ബന്ധത്തിന് വഴങ്ങുന്നു

"മനുഷ്യരെക്കുറിച്ചെഴുതാൻ എനിക്ക് ഭയമാണ്. ദൈവങ്ങളെക്കുറിച്ച് എഴുതാൻ ആണെങ്കിൽ അതിലേറെ ഭയമാണ്. പശുവിനെക്കുറിച്ചും, പന്നിയെക്കുറിച്ചും എഴുതാനേ പാടില്ല. പിന്നെയുള്ളത് ആടുകളും, ചെമ്മരിയാടുകളും മാത്രമാണ്. ആടുകൾ പ്രശ്നങ്ങളുണ്ടാക്കാത്തവയും, നിരുപദ്രവകാരികളും, അതിലുപരി ചുറുചുറുക്കുള്ളവയുമാണ്. കഥയ്ക്ക് ഒരൊഴുക്കുണ്ടായിരിക്കണം. അതുകൊണ്ടാണ് ഞാൻ വെള്ളാടിനെക്കുറിച്ചെഴുതാം എന്ന് തീരുമാനിച്ചത്. "പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ" എന്ന നോവലിന്റെ ആമുഖത്തിൽ പെരുമാൾ മുരുകൻ ഇപ്രകാരം പറയുന്നു.

ഒരേ കാര്യത്തിൽ തന്നെ മനുഷ്യർക്ക്‌ വിഭിന്നങ്ങളായ അഭിപ്രായങ്ങൾ ഉണ്ടാകുന്നതിലെ വിരോധാഭാസത്തെക്കുറിച്ച് പറയാൻ മഴ പെയ്യുന്നതിലെ അഭിപ്രായങ്ങൾ മാത്രം നോക്കിയാൽ മതി.മഴ പെയ്തില്ലെങ്കിൽ 'എന്തൊരു കഷ്ടമാണ്, മഴയില്ലാതെ വിളകൾ എങ്ങനെ വളരാനാണ് ' എന്ന് ആകുലപ്പെടുന്നതും, മഴ പെയ്യുമ്പോൾ 'നാശം, എന്തൊരു മഴയാണ് ' എന്ന് പ്രാകുന്നതും ഒരേ മനുഷ്യരാണ്. നല്ലതായാലും, ചീത്തയായാലും ഒരേ മനസ്സോടെ വരവേൽക്കണം എന്ന ചിന്താഗതിക്കാരനാണ് കരട്ടുമലയുടെ മുകളിൽ ചിന്തകളിൽ മുഴുകി മാനം നോക്കിയിരിക്കുന്ന വൃദ്ധനായ കർഷകൻ.

തന്റെ വെള്ളാടിൻ പറ്റത്തെ മേയ്ക്കാനാണ് അയാൾ അവിടെ എത്തിയിരിക്കുന്നത്. കുറച്ച് നേരം കഴിഞ്ഞപ്പോൾ തനിക്കു നേരെ വരുന്ന ഭീമാകാരമായ നിഴലിനെ കണ്ട് ഒരു നിമിഷം അയാൾ സംശയിച്ചു നിൽക്കുന്നുണ്ട്. എന്നാൽ ഒട്ടും വൈകാതെ അയാൾ മലയിൽ നിന്നും താഴേക്കുള്ള വഴിയിലേക്കിറങ്ങി, വരുന്നതാരാണെന്ന് നോക്കാനുള്ള ശ്രമത്തിലാണ്. അയാളുടെ ശൈലിയിൽ പറഞ്ഞാൽ ഭഗാസുരനെപ്പോലൊരുവൻ ഒറ്റക്കയ്യും വീശി നടന്നു വരികയായിരുന്നു. അയാളുടെ കയ്യിൽ വലിപ്പത്തിൽ വളരെ ചെറുതായ ഒരു വെള്ളാട്ടിൻ കുട്ടി ഉണ്ടായിരുന്നു. ഒരു പ്രസവത്തിൽ ഏഴു കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന മോഹന വാഗ്ദാനം നൽകി ആട്ടിൻ കുട്ടിയെ ആ വൃദ്ധനെ ഏൽപ്പിച്ചു വില യൊന്നും വാങ്ങാതെ അയാൾ എവിടേക്കോ പോയി മറഞ്ഞു.

ആ കറുമ്പിയായ ആട്ടിൻ കുട്ടിയേയും എടുത്ത് തന്റെ കുടിലിലേക്ക് നടക്കുമ്പോൾ അയാൾക്ക് ഇത്തിരി കുഞ്ഞൻ ആടിനെ എങ്ങനെ വളർത്തി വലുതാക്കുമെന്ന ചിന്തയാണ്. ജനിച്ച ഉടനെ തള്ളയാടിനരികിൽ നിന്നും കൊണ്ടു വന്ന ആ അശു രൂപിയെ വളർത്തുകയെന്നത് മേഷയ്യന്റെ വംശജരായ വൃദ്ധനും ഭാര്യയ്ക്കും ശ്രമകരമായ കാര്യമായിരുന്നു. ആയിടെ പ്രസവിച്ച ഒരാടിന്റെ പാലുകുടിപ്പിച്ചും, തിന വെള്ളം നിപ്പിൾ കുപ്പിയിൽ കൊടുത്തും, തേങ്ങാ പിണ്ണാക്ക് വേവിച്ചു കൊടുത്തുമൊക്ക അവരതിനെ പരിപാലിച്ചെങ്കിലും "പൂനാച്ചി" എന്ന പേരിൽ അവരുടെ ഓമനയായ ആ ആട്ടിൻകുട്ടി അധികം പുഷ്ടിപ്പെടുകയുണ്ടായില്ല. തന്മൂലം മറ്റ് ആട്ടിൻ കുട്ടികളിൽ നിന്നും, കാട്ടുപൂച്ചപ്പോലുള്ള മറ്റ് മൃഗങ്ങളിൽ നിന്നുമൊക്കെ അവളെ രക്ഷിക്കുകയെന്നത് കഷ്ടമായിത്തീർന്നു.

പൂനാച്ചിയെന്ന കറുമ്പിയാടിന്റെ ബാല്യവും, കൗമാരവും, പ്രണയവും, പിന്നെ മരണവുമൊക്കെ പറഞ്ഞു പോകുന്ന നോവലിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ കഥ പറയുകയാണ് നോവലിസ്റ്റ്. ഭരണകൂടത്തിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് മുൻപിൽ തല കുനിക്കാനും, നടു വളയ്ക്കാനും ശീലിച്ച ഒരു ജന വിഭാഗം. അവർ പരമ്പരാഗതമായി കർഷകരും, ഇടയരുമായി ജീവിതം നയിച്ചു പോന്നു.

പൂനാച്ചി എന്ന പെണ്ണാട് സമൂഹത്തിലെ പെൺകുട്ടികളുടെ പ്രതീകമായി നിലകൊള്ളുന്നു. സ്വന്തം വീട്ടിൽ ഏവരുടെയും ഓമനയായി വളർന്ന അവൾ, പ്രണയം നഷ്ടപ്പെട്ട്, ഇഷ്ടമില്ലാത്തൊരു ബന്ധത്തിന് വഴങ്ങുന്നു. ഏറെ വൈകി "പൂവൻ" എന്ന തന്റെ പ്രണയിതാവുമായി ഒന്നിക്കാൻ സാഹചര്യം ലഭിക്കുമ്പോഴും, ഉത്സവത്തിന് ബലിമൃഗമായി അവൻ മാറുന്നത് കാണേണ്ടി വരുന്നു. ആദ്യ പ്രസവത്തിൽ ഏഴു കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയ പൂനാച്ചിക്ക് , പൂവന്റെ മരണ ശേഷം  ഉണ്ടായ കുഞ്ഞുങ്ങളൊന്നും രക്ഷപ്പെടുന്നില്ല.

പൂനാച്ചിയുടെയും ഒരു കൂട്ടം ആടുകളുടെയും കഥയായതിനാലാവണം മനുഷ്യർക്കൊന്നും പേരില്ല, എന്നാൽ കടുവായൻ, പീത്തൻ, ഊത്തൻ, ഉഴുമ്പൻ, പൂവൻ, അഴകുമൂക്കി, പൊറുമി എന്നിങ്ങനെ ആടുകൾക്കെല്ലാം പേര് നൽകിയിട്ടുണ്ട്.

വളർത്തുമൃഗങ്ങളായി ഇതുവരെ ഉണ്ടായിരുന്നത് നായ, ആടുകൾ എന്നിവയായിരുന്നു. പൂനാച്ചിയുടെ കവർ ചിത്രം എന്നെ വീട്ടിൽ മുൻപുണ്ടായിരുന്ന "റെഡ്" എന്ന പേരായ ആടിനെ ഓർമ്മിപ്പിച്ചു. "റെഡ്, മേരു " എന്നിങ്ങനെ രസകരങ്ങളായ പേരുകളാണ് ഞങ്ങൾ ആടുകൾക്ക് നൽകിയിരുന്നത്.ആടുകളെയും, മറ്റ് വളർത്തു മൃഗങ്ങളെയും കടിച്ചു കൊണ്ടു പോകാൻ കടുവയും, പുലിയും മറ്റും ഇടയ്ക്കിടെ നാട്ടിലിറങ്ങാറുണ്ടായിരുന്നത് കൊണ്ട് അടച്ചുറപ്പുള്ള കൂടുകളിലായിരുന്നു ആടുകളുടെ വാസം. പല കാല ഘട്ടങ്ങളിലായി ഒരുപാട് ആട്ടിൻ കുട്ടികളുമുണ്ടായി. മുരിക്കിന്റെ ഇല, പ്ലാവില, അരിയും, തേങ്ങാപ്പിണ്ണാക്കും ചേർത്തു കുറുക്കി വേവിച്ചത് എന്നിവയായിരുന്നു അവയുടെ പ്രധാന ഭക്ഷണം.സ്കൂളിൽ നിന്നും വന്ന ശേഷവും, മറ്റ് ഒഴിവു ദിവസങ്ങളിലും ആടുകളെ തീറ്റാൻ കൊണ്ടു പോകുന്നത് ഞങ്ങൾ കുട്ടികൾക്ക് പ്രിയപ്പെട്ട കാര്യങ്ങളിലൊന്നായിരുന്നു. റെഡിനും മേരുവിനുമൊക്കെ കാത് കുത്തിയിരുന്നു.കഴിച്ച ഭക്ഷണം അയവിറക്കുമ്പോഴും മറ്റും ഒരു താളത്തിൽ അവ ചെവിയാട്ടുമായിരുന്നു. പൂനാച്ചി യുടെ കാത്തുകുത്തൽ വായിച്ചു  പോകുമ്പോൾ കണ്മുന്നിൽ വീണ്ടും റെഡും, മേരു വുമൊക്കെ വന്നു നിൽക്കുന്ന ഒരു പ്രതീതിയായിരുന്നു.

റീഡേഴ്‌സ് ബ്ലോക്ക്‌ ഇടയ്ക്കിടെ വന്നു ബുദ്ധിമുട്ടിക്കുമ്പോൾ, വാങ്ങി വച്ചിട്ടും വായിക്കാതെ ഇരിക്കുന്ന പുസ്തകങ്ങളെ നോക്കി, ഏത് വായിക്കണമെന്നറിയാതെ കിളിപോയി ഇരിക്കുക പതിവാണ്. ഒടുവിൽ നറുക്ക് വീഴുന്ന ഏതെങ്കിലുമൊരു പുസ്തകത്തിലൂടെ ആ ബ്ലോക്ക്‌ തരണം ചെയ്യാറുണ്ട്. ഒരു മാസത്തിലേറെ ആയ ഇടവേളയ്ക്കു ശേഷം പൂനാച്ചി യിലൂടെ ഇത്തവണയും റീഡേഴ്‌സ് ബ്ലോക്കിൽ നിന്നും വിദഗ്ദ്ധമായി കര കയറി.

©️സ്വപ്ന

പ (ക.)

Author
Citizen journalist

Swapna Sasidharan

No description...

You May Also Like