നാം ഒന്നാണ്, നമ്മുടെ ചിരിയും
- Posted on January 01, 2024
- Shortfilms
- By enmalayalam
- 338 Views
"ഇവരെ കൊണ്ട് ഇതൊക്കെ സാധിക്കുമോ" എന്ന പ്രേക്ഷകന്റെ കൂടി മുൻവിധിയെ മാറ്റിമറിക്കുകയാണ് ഈ ഷോർട്ട് ഫിലിം.
നമ്മളെല്ലാം ഒന്നാണെന്ന ചിന്തകളൊക്കെ വാക്കുകളിൽ നിന്ന് പ്രവർത്തിയിലേക്ക് എത്താതെ കുരുങ്ങി നിൽക്കാറാണ് പതിവ്. ഭിന്നശേഷിയിലുള്ള കുഞ്ഞുങ്ങൾ ബാധ്യതയാകുമെന്ന മിഥ്യാധാരണയിൽ നിന്നും നമ്മൾ ഇതുവരെ അപ്ഡേറ്റ് ആയിട്ടില്ല. അവിടേക്കാണ് തലയിൽ കിംഗ് എന്ന ടൈറ്റിൽ തൊപ്പിയും വെച്ച് ചെറുപുഞ്ചിരിയോട് കൂടി ഒരു കപ്പ് കാപ്പിയുമായി ആത്മാഭിമാനത്തോടെ അവർ കടന്നുവരുന്നത്.
2023ലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് കേരള സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'ഉണർവ്' ഷോർട്ട് ഫിലിം മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്, 'വൺ സ്മൈൽ' എന്ന ഹ്രസ്വ ചിത്രം. ഭിന്നശേഷിയുള്ള മനുഷ്യരെ ഒപ്പം ചേർത്ത് നിർത്തുന്ന ഒരു കഫേയാണ് ഷോർട്ട് ഫിലിമിന്റെ പശ്ചാത്തലം. ഭിന്നശേഷിയിലുള്ള മനുഷ്യരും കൂടി ഉൾപ്പെടുന്ന ഈ സമൂഹത്തിൽ അവർ ആഗ്രഹിക്കുന്നത് നിങ്ങളുടെ കരുതലോ സഹതാപമോ പ്രോത്സാഹനമോ അല്ല, നമ്മളെല്ലാം ഒന്നാണെന്ന ചിന്തയാണ്. ആ ചിന്തക്ക് നമ്മുടെ സമൂഹത്തിൽ വേണ്ട സ്വീകാര്യതയാണ്.
ഒരു കപ്പ് കാപ്പി കുടിക്കുന്നതിലും വേഗത്തിൽ, "ഇവരെ കൊണ്ട് ഇതൊക്കെ സാധിക്കുമോ" എന്ന പ്രേക്ഷകന്റെ കൂടി മുൻവിധിയെ മാറ്റിമറിക്കുകയാണ് ഈ ഷോർട്ട് ഫിലിം. കൂടുതൽ കൊട്ടിഘോഷങ്ങളില്ലാതെ, കണ്ണീരില്ലാതെ ഇത്ര ലളിതമായി ഈ വിഷയത്തെ അവതരിപ്പിച്ച ഡയറക്ടർ അഖിൽ സജീവനും, തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ടീം ചൊക്ലിയും, സ്റ്റോറി ഔട്ട് ലൈൻ നിർവഹിച്ച നെവിലും മുഹമ്മദ് ഫവാസും വലിയ കയ്യടി അർഹിക്കുന്നു. ഡ്രീംഫിൽ ക്ലബ് പ്രൊഡക്ഷൻ ബാനറിലെത്തിയ ഷോർട്ട് ഫിലിമിൽ, റഷീദ്, ശരത് ജ്യോതി കെ, രാജ്കുമാർ, അനന്തൻ മുരളി, സാരംഗി, മുഹമ്മദ് ഫവാസ് പി, ആർജെ നന്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അജിത് രാജഗിരിയാണ്. അനന്തൻ മുരളി, അമ്പിളി രവീന്ദ്രൻ എന്നിവർ ഡബ്ബിങ്ങും ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നു.