*ശബരിമല സ്വര്‍ണക്കവര്‍ച്ച: ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യപ്രതി, ദേവസ്വം ജീവനക്കാരും പ്രതിപ്പട്ടികയില്‍*


സി.ഡി. സുനീഷ്‌.


കൊച്ചി : ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ രണ്ട് എഫ്‌ഐആര്‍. ദ്വാരപാലക ശില്‍പ്പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണം കടത്തിയതില്‍ വെവ്വേറെ എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


രണ്ടു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ്. ഇരുകേസുകളിലും ദേവസ്വം ജീവനക്കാരും പ്രതികളാണ്.


ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ വരാന്‍ കാരണം, ഈ സംഭവങ്ങള്‍ നടന്നത് രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് എന്നതാണ്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കടത്തിക്കൊണ്ടുപോയി സ്വര്‍ണം ഉരുക്കിയെടുത്ത് തട്ടിക്കൊണ്ടുപോയത് 2019 മാര്‍ച്ചിലാണ്. വാതില്‍പാളിയിലെ സ്വര്‍ണം കവര്‍ന്ന സംഭവം നടന്നത് 2019 ഓഗസ്റ്റിലാണ്. സമയവ്യത്യാസം ഉള്ളതുകൊണ്ടും, രണ്ട് സംഭവങ്ങളിലും ഇടപെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യത്യാസമുള്ളതുകൊണ്ടും, മഹസറില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്ക് വ്യത്യാസമുള്ളതുകൊണ്ടും, രണ്ട് കേസുകളായിട്ടായിരിക്കും അന്വേഷണം മുന്നോട്ട് പോകുന്നത്.


ഈ കേസുകളില്‍ പ്രധാനമായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഗൂഢാലോചനയും വിശ്വാസവഞ്ചനയും അടക്കമുള്ള കാര്യങ്ങളാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അഴിച്ചെടുത്ത് സ്വര്‍ണം പൂശാനായി കൊടുത്തുവിട്ടത്. ഇവിടെയാണ് വിശ്വാസവഞ്ചന വന്നിരിക്കുന്നത്. എന്നാല്‍, ഹൈക്കോടതിയുടെ ഉത്തരവില്‍ ഈ കേസില്‍ ഒരു മോഷണ സ്വഭാവം കൂടി ഉണ്ടെന്ന് പരാമര്‍ശിച്ചിട്ടുണ്ട്.


മുഖ്യപ്രതി ഉണികൃഷ്ണന്‍ പോറ്റി ആണെങ്കിലും, ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളായി വരും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ എടുത്തു കൊടുത്തുവിടാന്‍ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരെല്ലാം ഇതില്‍ പ്രതികളായി വരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ ഓരോരുത്തരുടെയും പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്. ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയായിരുന്നു, അവര്‍ വരുത്തിയ വീഴ്ചകള്‍ എന്തൊക്കെ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അനുസരിച്ചായിരിക്കും ഓരോരുത്തരും പ്രതിസ്ഥാനത്തേക്ക് വരുന്നത്.


കേസ് ഈ രീതിയില്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ, പ്രതികളാകുമെന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെല്ലാം അഭിഭാഷകരെ കണ്ട് മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും അഭിഭാഷകരെ കണ്ട് മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പോറ്റി കൊച്ചിയില്‍ അഭിഭാഷകനെ കണ്ട് ദീര്‍ഘനേരം സംസാരിക്കുകയും നിയമോപദേശം തേടുകയും ചെയ്തതായാണ് വിവരം.

Author
Citizen Journalist

Goutham prakash

No description...

You May Also Like