ഭൂഗോളത്തിലെ വഴിയമ്പലങ്ങൾ (Part_2)

ഒരിക്കൽ ആ സ്നേഹം കൊതിച്ച് താമര പൊയ്കയിൽ ചിറകെട്ടി ഇവൾക്കു വേണ്ടി കാത്തിരുന്ന ഭൂതകാലം മുന്നിൽ നിൽക്കുന്ന പോലെ.
സരിതക്കു മുന്നിൽ നേതാക്കൻമാർ കയറി ഇടപെടുന്നു.

"നീ പ്രശ്നം ഉണ്ടാക്കാതെ ലോറിയിൽ കയറ്. ഇപ്പോ നീ ഭാരതാംബയാണ്. "

PART_1 ന്റെ കഥാസംഗ്രഹം

.................................................

അമേരിക്കയിൽ ഒരു പച്ച മനുഷ്യനായി ജീവിക്കുന്ന ചാക്കോച്ചി എന്ന മുപ്പത്തഞ്ചുകാരൻ 2008 ൽ ക്ലാസ്സ്മേറ്റ്സ് സിനിമാ തന്റെ  ജീവിതത്തിൽ വരുത്തിയ സ്വാധീനത്തിൽ പത്താം ക്ലാസ്സിൽ കൂടെ പഠിച്ചവരെയൊക്കെ കണ്ടുപിടിച്ചു , ഒന്നിച്ചു കൂട്ടി ഒരു സൗഹൃദ സദസ്സ് പങ്കിടാൻ കേരളത്തിൽ വരുന്നു. സ്കൂളിൽ നിന്നു ഇരുപത്തിയെട്ടു കുട്ടികളുടേയും അഡ്രസ്സ് കണ്ടെത്തി, ഇന്നും തല്ലിപൊളിയായി നടക്കുന്ന രഘുവിനെ കൂടെ കൂട്ടി ഒരോ വിലാസം തേടി പോകുന്നു. വല്യ വല്യ സ്ഥാനങ്ങളിൽ അവരെയൊക്കെ സ്വപ്നം കണ്ട ചാക്കോച്ചിക്കു അവരുടെ ദുരന്തവും ഗതികേടുകളും കാണേണ്ടി വരുന്നു. അന്ന് താൻ സ്നേഹിച്ച  സരിത ശിവൻ ഭാരതാംബയുടെ വേഷം കെട്ടി ഘോഷയാത്രയിൽ നിശ്ചലദൃശ്യമായി നിൽക്കുന്നത് ചാക്കോച്ചി കണ്ടു. അവളിപ്പോ നാട്ടിലെ ഒരു വേശ്യയാന്നെന്നു നാട്ടുകാരുടെ അവളോടുള്ള കളിയാക്കലിൽ ചാക്കോച്ചി തിരിച്ചറിയുന്നു.

(തുടർന്നു വായിക്കുക)


PART -2

.................


ത്രിശ്ശൂലം നീട്ടി പിടിച്ച ഭാരതാംബയെ ചാക്കോച്ചി സൂക്ഷിച്ചു നോക്കി.

അവൾ തന്നെ...! സരിത.

ഒരിക്കൽ ആ സ്നേഹം കൊതിച്ച് താമര പൊയ്കയിൽ ചിറകെട്ടി ഇവൾക്കു വേണ്ടി കാത്തിരുന്ന ഭൂതകാലം മുന്നിൽ നിൽക്കുന്ന പോലെ.

സരിതക്കു മുന്നിൽ നേതാക്കൻമാർ കയറി ഇടപെടുന്നു.

"നീ പ്രശ്നം ഉണ്ടാക്കാതെ ലോറിയിൽ കയറ്. ഇപ്പോ നീ ഭാരതാംബയാണ്. "

" ഇവൻമാരെയൊക്കെ നിലക്കു നിർത്ത്. ജീവിക്കാനാ ഇന്നീ വേഷം കെട്ടിയത്. കണ്ട നാറികൾ അതിനു സമ്മതിക്കിലെങ്കിൽ...!"

സരിതയുടെ ദേഷ്യം അടങ്ങുന്നില്ല.

ആരൊക്കെയോ അവളെ സമാധാനപ്പെടുത്തി ലോറിയിൽ കയറ്റി. വീണ്ടും അവൾ നിശ്ചലമായി നിൽക്കുന്ന ഭാരതാംബയായി.

ഉള്ളിലെ ദേഷ്യത്തെ അമർത്തി പിടിക്കാൻ കണ്ണുകൾ ഇറുക്കിയടച്ചു.

ഘോഷയാത്ര വീണ്ടും ആരംഭിച്ചു.

ആ റോഡിൽ രഘുവും ചാക്കോച്ചിയും മാത്രമായി.

സരിതയെ കണ്ടെത്തിയ ഞെട്ടലിൽ നിന്നു അവർ ഇപ്പോഴും മോചിതരായില്ല.

ഒരിക്കലും ഇങ്ങനെയൊരു കണ്ടുമുട്ടൽ..!


"രഘു അവളെന്താടാ ഇങ്ങനെ ആയത് ?"

ചാക്കോച്ചിയുടെ ശബ്ദത്തിനു വിറയലുണ്ടായിരുന്നു.

" അവൾക്കു പറയാൻ അവളുടെ കഥയുണ്ടാവും...!"

രഘുവിനു അങ്ങനെ പറയാനേ അറിയുമായിരുന്നുള്ളു.

ആ കഥ തേടി അവർ ഘോഷയാത്രക്കു പുറകെ പോയി.

പഞ്ചായത്ത് ഹാളിനു മുന്നിൽ ആഘോഷങ്ങൾ അവസാനിച്ചപ്പോൾ ഭാരതാംബ കാശെണ്ണി വാങ്ങി തിരികെ ഇറങ്ങുമ്പോഴാണ് ചാക്കോച്ചിയും രഘുവും അവിടെ എത്തിയത്.


"സരിതേ...!"

അവൾ മറന്നു പോയ അവളുടെ പേര് അശരീരി പോലെ കേട്ടു.

തിരിഞ്ഞു നോക്കിയ അവളുടെ കണ്ണുകളൊന്നു പിടഞ്ഞു.

"നീയൊക്കെ ഏതാടാ ഊളകളെ.. ഇന്നു പറ്റില്ല. കെട്ട്യോൻ ആശുപത്രിലാ ... നാളെത്തേനു വാ"

" സരിതേ ഞങ്ങള് രഘുവും ചാക്കോച്ചിയും . സ്കൂളിൽ കൂടെ പഠിച്ച കൂട്ടുകാരാ."

അവളവരെ സൂക്ഷിച്ചു നോക്കി. ഒരുപാട് ഓർമ്മകൾ ഒരു നിമിഷം കൊണ്ടു അവൾക്കു ചുറ്റും ഇയാം പാറ്റകളെ പോലെ പറന്നു.


കണ്ണുനിറയെ ചാക്കോച്ചിയെ കണ്ടു. മനസ്സുനിറയെ തന്നെ ഇഷ്ടമാണെന്നു ആദ്യായിട്ടും അവസാനായിട്ടും പറഞ്ഞ ആണൊരുത്തൻ.

പിന്നെ ആരും പറഞ്ഞിട്ടില്ല.

ഉള്ളിലെ പിടച്ചിൽ അവൾ മുഖത്തുന്ന് മറച്ചു.

"കഴിഞ്ഞ കാര്യങ്ങൾ ഓർക്കാൻ ഞാൻ നിന്നു കൊടുക്കാറില്ല. ഓർമ്മിപ്പിക്കാൻ ആരും വരുന്നത് എനിക്ക് ഇഷ്ടല്ല."

അവർ വല്ലാതായി.

ചാക്കോച്ചി അടുത്തു ചെന്നു യാത്ര ചോദിച്ചു.

"പോട്ടെ...!!

ആ വാക്കുകൾ അവളുടെ മനസ്സിലെവിടെയോ നോവിച്ചു.

അവൻ തിരിഞ്ഞു നടന്നപ്പോൾ സരിത പുറകീന്നു വിളിച്ചു.

ചാക്കോച്ചി ...!

ആ വിളിയിൽ അടുക്കി വെച്ച ഒരു പാട് ഓർമ്മകളുടെ നനവുണ്ടായിരുന്നു.


" ഞാൻ ചീത്തയാ . ഒരിക്കലും ഇനി നന്നാവാൻ പറ്റില്ല. . നാട് എനിക്കൊരു പേരിട്ടിട്ടുണ്ട്. സ്റ്റാർട്ടർ" ഞാൻ മരിച്ചാൽ ഞാൻ ജീവിച്ചിരുന്നൂന്നുള്ളതിന്റെ  തെളിവാ ആ പേര്."

അവളൊന്നു നിശബ്ദയായി. വാക്കുകളെ പെറുക്കിയെടുക്കാൻ പാടുപെടുന്ന പോലെ.

" നീ വരാൻ പാടില്ലായിരുന്നു ചാക്കോച്ചി . കണ്ടാലും ഓർമ്മ പുതുക്കാൻ പാടില്ലായിരുന്നു. 

അതൊരു യാചനയാരുന്നോ?

യാത്ര പറയാതെ ചാക്കോച്ചി തിരിഞ്ഞു നടന്നു. രഘുവും..

സരിത നോക്കി നിന്നു. അവന്റെ  മനസ്സ് ഒരുപാട് വേദനിച്ചിട്ടുണ്ടാവും. അവനോളം ഒരു പാവത്താനെ ഞാൻ കണ്ടിട്ടില്ല.

ചാക്കോച്ചി ഇതുവരെ വരെക്കും ഞാൻ സന്തോഷമുള്ള ഒരു നിമിഷം ചിന്തിച്ചാൽ അതു നിന്നെ പറ്റി മാത്രമാ.

സരിതയുടെ കണ്ണുനിറഞ്ഞു വന്നപ്പോൾ പഞ്ചായത്ത് ഹാൾ ഉൽഘാടനം ചെയ്യപ്പെട്ടതിന്റെ  വെടിക്കെട്ട് അവൾക്കു ചുറ്റും പൊട്ടി തുടങ്ങി.

" അവൾ ഇങ്ങനെ ആവാൻ പാടില്ലായിരുന്നു. എത്രയോ ജോലി ഉണ്ട് നാട്ടിൽ"

ബുള്ളററിൽ ഇരിക്കുമ്പോ ചാക്കോച്ചിക്കു ഉള്ളിലെ ആവലാതി പറഞ്ഞിട്ടും തീരാത്തതു പോലെ.

"നിനക്കവളെ ഇഷ്ടായിരുന്നു അല്ലേ ചാക്കോച്ചി?"

അവൻ ഉത്തരം പറയാതെ ബുള്ളറ്റിന്റ വേഗത കൂട്ടി.

"നാളെ ഞാൻ സരിതയെ പറ്റി കൂടുതൽ തിരക്കാം." രഘു അവനെ ആശ്വസിപ്പിക്കാൻ നോക്കി.

"വേണ്ട. നീ പറഞ്ഞ പോലെ അവൾക്കു പറയാൻ ഒരു സത്യം ഉണ്ടാവും. അങ്ങനെ ഞാൻ വിചാരിച്ചോളാം. പക്ഷേ സത്യമറിയണ്ട.."

അപ്പോൾ അവർക്കു ചുറ്റും കാരണമില്ലാതെ മഴ പെയ്തത് സരിതയുടെ കണ്ണീരാണെന്നു ചാക്കോച്ചിക്കു തോന്നി.

അവർക്കു പോകേണ്ടിയിരുന്നത് മീനടത്തേക്കായിരുന്നു.

മഴയിൽ നിന്നു അവർ കയറി നിന്നത് റോഡരുകിലെ ഒരു തടിമില്ലിലാണ്.


മഴയുടെ തണുപ്പ് നോക്കി കട്ടൻ കാപ്പി കുടിക്കുന്ന തൊഴിലാളികളിൽ ഒരാൾ അവർക്കും കൊടുത്തു .

"നമ്മുക്കു കണേണ്ട ഇരുപത്തിയാറാമത്തെ ആൾ "ജെനിറ്റ് കുര്യൻ". ഇവിടുത്തെ വല്യയൊരു റബ്ബർ അച്ചായന്റെ  മകൻ. അവനും ഇപ്പോൾ അപ്പന്റെ വഴിയേ വല്യയൊരു അച്ചായൻ ആയിട്ടുണ്ടാവും"

രഘു അഞ്ചു വർഷം മുൻപ് ജെനിറ്റിനെ പറ്റി അറിഞ്ഞ കാര്യങ്ങൾ പറഞ്ഞു.

മഴ ക്ഷീണിച്ചു മാറി നിന്ന പകലിലേക്കു ജനറ്റിനെ കാണാൻ ചാക്കോച്ചി വീണ്ടും ബുള്ളറ്റ് ഓടിച്ചു.

ഏക്കറു കണക്കിനു ഇരുണ്ടു കിടക്കുന്ന റബ്ബർത്തോട്ടത്തിന്റെ  നടുവിലൂടെയുള്ള ചെമ്മൺറോഡു നിറയെ റബ്ബർ ഇലകൾ തെമ്മാടി കുഴിയിലെ മൃദദേഹങ്ങളെ പോലെ ഗതികിട്ടാതെ കിടന്നു. അവയുടെ നെഞ്ചിലൂടെ ബുള്ളറ്റ് ജെനിറ്റിന്റെ  കൂറ്റൻ വീടിന്റെ  പോർച്ചിൽ വന്നു നിൽക്കുമ്പോൾ മുററത്ത് ഉണക്കാനിട്ടിരിക്കുന്ന വെടിയിറച്ചിയുടെ പാകം നോക്കുകയായിരുന്നു ജെനിറ്റ് .

വെള്ള പോളിസ്റ്റർ മുണ്ടും ജുബ്ബയും. ചെറിയ കൊമ്പൻ മീശയും. കയറുപോലത്തെ സ്വർണ്ണമാലയും വളയും, തനി കോട്ടയം അച്ചായനെ ഓർമ്മിപ്പിച്ചു.

"എവിടുന്നാന്നെ.. മുന്ന് കണ്ടിട്ടില്ലല്ലോ..?"

ജെനിറ്റേ.. ഇതു ഞങ്ങളാടാ. പത്താം ക്ലാസ്സിൽ കൂടെ പഠിച്ച രഘുവും ചാക്കോച്ചിയും..! 

ജെനിറ്റ് ഓർത്തെടുക്കാൻ ശ്രമിച്ചു.

" അമേരിക്കയിൽ പോയ ചാക്കോച്ചി...? ജെനിറ്റിൽ സംശയം.

"ആ ചാക്കോച്ചി തന്നെ.."

ജെനിറ്റിന്റ മുഖം തെളിഞ്ഞു. ചാക്കോച്ചിയെ കയറി പിടിച്ചു.

" എന്നതാടാ വന്ന കാലിൽ നിക്കുന്നെ .. അകത്തേക്കു വാ..! വിശേഷങ്ങളെത്ര പറയാനുണ്ട്."

ജനിറ്റ് അവരേ കൊണ്ടു അകത്തേക്കു ചെന്നപ്പോൾ കൊട്ടാരം പോലുള്ള ഹാളിൽ ഭാര്യയും മക്കളും അമ്മച്ചിയും പരിചയപ്പെടാൻ വന്നു.

ശേഷം, പറമ്പിലെ ഏറുമാടത്തിലേക്കു അയാൾ അവരെ കൂട്ടി പോയി. മൂന്നു നില കെട്ടിടത്തിന്റെ പൊക്കത്തിലുള്ള ആഞ്ഞിലി മരത്തിലെ ഏറുമാടം മനോഹരമായിരുന്നു. ജെനിറ്റ് അവർക്കു മുമ്പിലേക്കു വാറ്റുചാരായത്തിന്റ രണ്ടു കുപ്പി വച്ചു.പ്ലെയിറ്റിൽ കുരുമുളകിട്ടുവറ്റിച്ച പോത്തുലർത്തിയതും .

"അയ്യോ ജെനിറേറ ... ഞാൻ കുടിക്കില്ല."

ചാക്കോച്ചിയുടെ വെളിപാടു കേട്ടു ജനിറ്റ് കർത്താവിനെ വിളിച്ചു പോയി.

" ഇതെന്നതാ ഈ കേക്കുന്നെ..! അമേരിക്കയിൽ ജീവിക്കുന്നവൻ കുടിക്കില്ലെന്നോ ? വലിക്കുമോ?"

ചാക്കോച്ചി ചിരിച്ചു." ഇല്ല"

കുറച്ചുടെ ചേർന്നു നിന്നു രഹസ്യം പോലെ ചോദിച്ചു.

"മദാമ്മമാരുടെ ഇറച്ചി കഴിക്കാറുണ്ടോ?"

" ഇതുവരെ ആ പാവത്തെ പറ്റി ചിന്തിച്ചിട്ടില്ല."

കേട്ടുകേൾവി ഇല്ലാത്ത ഏതോ ഗ്രഹത്തിൽ നിന്നു വന്ന ജീവിയെ പോലെ ജെനിറ്റ് ചാക്കോച്ചിയെ നോക്കി.

"എന്റെ  ചാക്കോച്ചി , ഇതിലും ഭേദം നീ സെമിനാരിയിൽ ചേർന്നാൽ പോരായിരുന്നോ?

അതും പറഞ്ഞ് ജെനിറ്റ് പൊട്ടി ചിരിച്ചു. ആ ചിരി കേട്ടു പറമ്പിലെ മരത്തലപ്പുകളിൽ കീഴ്ശ്വാസം വിട്ടു കിടന്ന വവ്വാലുകൾ ഇളകി പറന്നു .

ഈ നേരമത്രയും തന്നെ ജെനിറ്റ് ഒന്നു നോക്കുക പോലും ചെയ്തിട്ടില്ലാന്നു തിരിച്ചറിഞ്ഞിട്ടെന്നവണ്ണം രഘു തന്നെ വരവിന്റെ  ഉദ്ദേശം പറഞ്ഞു.

അതു കേട്ടു ഒരുഗ്ലാസ് വാറ്റകത്താക്കി ജെനിറ്റ് ആ പറച്ചിലിനെ തടഞ്ഞു.

"എന്റെ ചാക്കോച്ചി ഇതെന്നാ തല തെറിച്ച ചിന്തയന്നേ...! ഇനി എല്ലാരും കൂടി കണ്ടിട്ട് എന്നായെടുക്കാനാ..! നീ അമേരിക്കയിൽ ആയതു കൊണ്ടു നീ രക്ഷപ്പെട്ടു. ഞാൻ പെടും"

രഘുനും ചാക്കോച്ചിക്കും കാര്യം മനസ്സിലായില്ല.

"എടാ നമ്മുടെ കൂടെ ഉള്ളവരാരും രക്ഷപെട്ടതായി എനിക്കറിവില്ല. ഈ രഘുവിനെ തന്നെ കണ്ടില്ലേ...! നാളെ എല്ലാരും ഒത്തു കൂടിപിരിയും പിന്നെ ഒരോരുത്തരു വിളിച്ചു തുടങ്ങും കാശു കടം ചോദിക്കാൻ. ഞാൻ വിയർത്തുണ്ടാക്കിയ കാശാ ..!"

ചാക്കോച്ചി വല്ലാതായി.

" ജെനിറ്റെ , എടാ.. നമ്മുടെ മറന്നു വെച്ച സൗഹൃദങ്ങളെ ഒന്നോർമ്മപെടുത്താൻ മാത്രം. ക്ലാസ്സ് മേറ്റ്സ് സിനിമ കണ്ടില്ലേ..!"

" സിനിമയായിട്ടു കാണാൻ കൊള്ളാം. ആ സംവിധായകൻ ലാൽ ജോസിനു വേറെ പണിയില്ല. നമ്മുക്കു വല്ല ബിസിനസിനെ പറ്റി സംസാരിക്കാം. റബ്ബർ ബിസിനസ്സ് അമേരിക്കയിൽ പറ്റുമോ?"

ചാക്കോച്ചി ചിരിച്ചു.

" ഒന്നു കണ്ടല്ലോ. അതു തന്നെ ധാരാളം"

രഘുവും യാത്ര പറഞ്ഞു. ജെനിറ്റ് ഗൗനിച്ചില്ല.

" ഇറങ്ങട്ടെ " ചാക്കോച്ചി ഉത്തരത്തിനു കാത്തു നിൽക്കാതെ ഇറങ്ങി.

" ചാക്കോച്ചി ഇപ്പോ മനസ്സിലായില്ലേ ഒന്നും എങ്ങും എത്താത്തവർ താല്പര്യം കാണിക്കാത്തത്. വന്നാൽ ഉള്ളവന്റേയും ഇല്ലാത്തവന്റേയും രണ്ടു ലോകമായിരിക്കും"

ബുള്ളറ്റിൽ ഇരിക്കുമ്പോ രഘു പറഞ്ഞത് ശരിയാണെന്നു ചാക്കോച്ചിക്കു തോന്നി.

" ചാക്കോച്ചി നീ ഹൃദയമുള്ളവനാ. ഈ നാട്ടിൽ ഉള്ളവരേക്കാൾ..!

ജെനിറ്റിന്റെ  വാക്കുകൾ രഘുവിനെ അത്രമേൽ വേദനിപ്പിച്ചിട്ടുണ്ടെന്നു ചാക്കോച്ചിക്കു മനസ്സിലായി. അപമാനിച്ചപ്പോൾ ചിരിച്ചു കൊണ്ടു കേട്ടിരുന്നു. കാശിന്റെ കുറവല്ലേയുള്ളു. ഹൃദയം കൊണ്ടു രഘു എത്ര ഉയരത്തിലാണ്. അവനെ പറ്റിയുള്ള ധാരണ മാറി പോയി.

"ഇനി എങ്ങോട്ടാ?" ചാക്കോച്ചി വഴിയറിയാതെ വണ്ടിയുടെ സ്പീഡ് കുറച്ചു.

"ചമ്പക്കര". ശങ്കരൻകുട്ടിയുടെ വീട്ടിലേക്ക് ..! അവസാനത്തെ ആൾ"

രഘു പറഞ്ഞപ്പോൾ പതിനാലുകാരനായ ശങ്കരൻ കുട്ടിയെ ചാക്കോച്ചി വെറുതെ ഓർത്തു.

പത്താംക്ലാസ്സ് പരീക്ഷക്കു സ്കൂളിൽ ഡിസ്റ്റിൻഷൻ വാങ്ങിയ ഏക ആൾ.

അവനിപ്പോ എന്തായി കാണുമെന്നു ചിന്തിച്ചില്ല. എന്നാലും വല്യ ഉദ്യോഗസ്ഥനായി കാണുമെന്നു മനസ്സു പറഞ്ഞു.

" ചാക്കോച്ചി ഇനി ശങ്കരൻ മാത്രമാ ബാക്കി നിൽക്കുന്നെ. അവനെ ക്ഷണിച്ചിട്ടു ഇങ്ങനെ ഒരു മീറ്റിംഗ് നടത്തണോ?" രഘുവിന്റ ചോദ്യത്തിനു പ്രസക്തിയുണ്ടായിരുന്നു.എന്നിട്ടും ചാക്കോച്ചിയിൽ ഉത്തരമില്ലായിരുന്നു.

ചമ്പക്കര എത്തിയപ്പോൾ വിലാസ പ്രകാരം മെയിൽ റോഡു വിട്ടു ചെമ്മൺ പാത അവസാനിക്കുന്ന തിരിവിൽ ബുള്ളറ്റ് നിന്നു .

"ശങ്കരൻ കുട്ടിയുടെ വീടേതാ...?" മതിലില്ലാത്ത പച്ച പറമ്പിൽ ആടിനു പ്ലാവില കൊടുക്കുന്ന ഒരു അമ്മച്ചിയോടു രഘു ബുള്ളറ്റിൽ നിന്നിറങ്ങാതെ ചോദിച്ചു.

"ചെത്തുകാരൻ ശങ്കരനോ?"

രണ്ടു പേരും വണ്ടിയിൽ നിന്നിറങ്ങി പോയി.

"ശങ്കരൻ ചെത്തുകാരനോ." ചാക്കോച്ചി മനസ്സിൽ പറഞ്ഞു.

രഘുവിലും സംശയം. അവൻ അഡ്രസ്സ് വായിച്ചു.

" ഇത് ചെത്തുകാരൻ ശങ്കരൻ തന്നെ..!

ഇരുപത്തിയെട്ടാമത്തെ ആളായതു കൊണ്ടാവാം, കേട്ടപ്പോൾ ഞെട്ടല് വന്നില്ല.

" ദേ .. ഈ ഇടവഴി താഴേക്കു വിട്ടോ. അവിടെ ഔസേപ്പിന്റെ  പനയിൽ കാണും ആളിപ്പോ ."

അവർ വഴികാട്ടി തന്നു. ആ വഴിയിലൂടെ ഔസേപ്പിന്റെ പന തേടി ബുള്ളറ്റ് മുൻപോട്ടു പോയി.

അരയിൽ ചെത്തുകത്തിയും കുടത്തിൽ പന കള്ളുമായി നടന്നു വരുന്ന ഒരുകഷണ്ടിക്കാരൻ.

" ശങ്കരാ" ...! ആ വിളിയിൽ തന്നെ അയാൾ നിന്നു പോയി. ഓർമ്മകളിൽ നിന്നു മൂന്നുപേരും ചികഞ്ഞെടുത്ത രൂപങ്ങളെ തിരിച്ചറിഞ്ഞു ഉറപ്പു വരുത്തി.

"ശങ്കരനു മനസ്സിലായോ " ..!ചാക്കോച്ചി ഓർമ്മ പുതുക്കി.

"പിന്നേ...! അമേരിക്കയിൽ നിന്നു എന്നെത്തി"

ഉത്തരം കൊടുക്കാതെ ചാക്കോച്ചി ചിരി വരുത്തി. അതിന്റെ അർത്ഥം ശങ്കരനു മനസ്സിലായി.

" ഇങ്ങനെയൊരു രൂപത്തിൽ പ്രതീക്ഷിച്ചില്ല അല്ലേ..!" ശങ്കരൻ ചോദിച്ചു.

"സത്യം പറയട്ടെ ശങ്കരാ. നീയെങ്കിലും വല്യ ഉദ്യോഗസ്ഥനായി കാണുമെന്നു സ്വപ്നം കണ്ടിരുന്നു."

ശങ്കരൻ ചിരിച്ചു. കരിവിളക്കിലെ കരിന്തിരി പോലെ..!

"നീ എന്തിനാ ചാക്കോച്ചി സ്വപ്നങ്ങളെ വലുതായി കണ്ടത്..?"

ശങ്കരൻ ചോദിച്ചപ്പോൾ ചാക്കോച്ചി ഉത്തരമില്ലാതെ നിന്നു..

പനയുടെ തണലിൽ മുറിച്ചിട്ട ആഞ്ഞിലി മരത്തിന്റ നെഞ്ചിൽ ഇരുന്ന് ശങ്കരൻ കഥ പറഞ്ഞു.

ഒരുപാട് ഡിഗ്രികൾ സപ്നം കണ്ട ചെറുപ്പക്കാരനു പ്രിഡിഗ്രിയിൽ പഠനം നിർത്തേണ്ടി വന്ന കഥ.

പത്താം ക്ലാസ്സ് ഡിസ്റ്റിങ്ങ്ഷനോടെ പാസായപ്പോൾ ചേച്ചി ഡ്രിഗ്രിക്കുപഠിക്കുന്ന കോളജിൽ തന്നെ അഡ്മിഷൻ കിട്ടി.അച്ഛന്  തിരുനെൽവേലിയിൽ ഒരു കമ്പിനിയിലാണ് ജോലി. അവിടെ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അച്ഛനെ പ്രതി ചേർക്കപ്പെട്ടു. അച്ഛനെ അറിയുന്ന ആരും വിശ്വസിച്ചില്ല. ഞങ്ങളും ...! സബ്ജയിലിൽ റിമാൻഡ് തടവുകാരനായി കിടക്കുമ്പോൾ . ജയിലിൽ ആത്മഹത്യ ചെയ്തു. അതോടെ നാടുമുഴുവൻ അറിഞ്ഞു. ചേച്ചി കോളജിൽ പരിഹസിക്കപ്പെട്ടതു ഞാൻ നേരിൽ കണ്ടു. അതു താങ്ങാൻ  പറ്റാത്ത കാഴ്ച്ചയായിരുന്നു. ചേച്ചിയുടെ കൈപിടിച്ചു ഞാൻ കോളജിന്റ പടിയിറങ്ങി..കുടുബം നോക്കാൻ ചെത്തുകാരനായി. പക്ഷേ, ചേച്ചിക്കൊരു ജീവിതം കൊടുക്കാൻ ഞങ്ങളെ കൊണ്ടു പറ്റിയില്ല. രണ്ടു വർഷം മുൻപ് തുണിയുടെ പിരിവിനു വന്ന തമിഴനുമായി ഒളിച്ചോടി. അതോടെ അമ്മ കിടപ്പിലായി. ചേച്ചി ഇപ്പോ എവിടാന്നു പോലും അറിയില്ല. ആ വരവും കാത്തിരിക്യാ ഞാൻ."

ശങ്കരന്റെ ശബ്ദം ഇടറിയോ?. സിനിമാക്കഥ പോലെ ചാക്കോച്ചിയും രഘുവും കേട്ടിരുന്നു.

"ആരേയും കുറ്റപ്പെടുത്തുന്നില്ല. അച്ഛനെ പോലും ..! വിധിയാണ്.

ഞങ്ങൾ മുന്നുപേർക്കും ഇടയിൽ നിശബ്ദത കാറ്റു പോലെ വീശി.

"വർഷങ്ങൾക്കു ശേഷം കണ്ടിട്ട് ഞാൻ വെറുതെ വിഷമിപ്പിച്ചു. എന്നായിപ്പോ തര്വാ.? കുറച്ചു പനംകള്ള് തരട്ടെ...! തരാൻ വേറൊന്നും" ശങ്കരൻ കുടം നീട്ടി.

ചാക്കോച്ചി തടഞ്ഞു.

" ഒന്നും വേണ്ട. കണ്ടല്ലോ..ശങ്കരനെ ദൈവം കാക്കും."

ശങ്കരൻ ചിരിച്ചു." ഇപ്പോഴും നീ ആ ചാക്കോച്ചി തന്നെ."

"ശങ്കരാ.. നീയൊരു കല്യാണം കഴിക്കണം." രഘുവാണ് പറഞ്ഞത്.

"എന്തിന്? സ്നേഹം കിട്ടാനാണോ?. അതിനെനിക്കു ഇവരുണ്ടല്ലോ?"

അതു പറഞ്ഞ് ശങ്കരൻ പതുക്കെ പുറകോട്ടു നടന്ന് ഉറങ്ങിയ പനയിൽ തൊട്ടു. ആ സ്നേഹം തിരിച്ചറിഞ്ഞവണ്ണം പനയുടെ ഇലകൾ ഇളകിയാടി.

ചാക്കോച്ചിയും രഘുവും അത്ഭുതത്തോടെ നോക്കി നിന്നു

സ്നേഹിക്കാൻ മനുഷ്യർ തന്നെ വേണമെന്നില്ല. മരങ്ങൾ മതി."

ആ തത്ത്വശാസ്ത്രം എത്ര ശരിയെന്നു അവർക്കു തോന്നി.

രഘു പെഴ്സിൽ നിന്നു കാശെടുത്തു. ശങ്കരൻ തടഞ്ഞു.

" നിന്നെകണ്ടല്ലോ. അതു തന്നെ ധാരാളം."

ചാക്കോച്ചി ശങ്കരന്റെ  കൈയ്യിൽ പിടിച്ചു.

" എന്നും ഓർമ്മയിൽ ഉണ്ടാവും" 

ബുള്ളറ്റ് അവരെയും കൊണ്ടു തിരിച്ചു യാത്ര ചെയ്തു തുടങ്ങി.

രാവിലെ പുറപ്പെടുമ്പോൾ എന്തൊക്കെ സ്വപ്നങ്ങളായിരുന്നു തന്റെ  മനസ്സിലെന്നു ചാക്കോച്ചി ഓർത്തു. ഇപ്പോൾ ഉള്ള് ശൂന്യമാണ്....!

പടിഞ്ഞാറ് സൂര്യൻ ആയുസിന്റ ഒരു ദിനവും കൂടി കത്തിച്ചു കളഞ്ഞ വേവലിൽ കുളിക്കാൻ തയ്യാറെടുത്തു കടലിൽ താഴാൻ വെമ്പി നിന്നു.

രഘുവിന്റെ  വീടിന്റെ  മുന്നിൽ ബുള്ളറ്റ് നിന്നപ്പോൾ ചാക്കോച്ചിയെ വീട്ടിലേക്കു ക്ഷണിച്ചു.

" എന്റെ ഒരു സന്തോഷത്തിനു ഒരു ഗ്ലാസ്സ് കട്ടൻ കാപ്പിയെങ്കിലും കുടിച്ചിട്ടു പോണം."

രഘുവിന്റെ  വാക്കിനെ അവഗണിക്കാൻ ചാക്കോച്ചിക്കു തോന്നിയില്ല.

രാവിലെ മുതൽ തനിക്കു വേണ്ടി യാത്ര ചെയ്തവനാ. എന്തെങ്കിലും കൊടുത്തില്ലെങ്കിൽ അതു മോശമാണ്.

അമ്മ കൊണ്ടു കൊടുത്ത കാപ്പി ഊതി കുടിക്കുമ്പോൾ ചാക്കോച്ചിക്കു ഒരു പ്രത്യേക രുചി തോന്നി.

രഘു കുളിക്കാൻ തോർത്തുമായി തോട്ടിലേക്കു പോയപ്പോൾ ചാക്കോച്ചി അമ്മയോടു പറഞ്ഞു.

"രഘുവിനു കുറച്ചൂടെ നല്ലൊരു ജോലി ഞാൻ നാട്ടിൽ ശരിയാക്കാം."

അമ്മ സംശയത്തോടെ ചാക്കോച്ചിയെ നോക്കി. അതിന്റെ അർത്ഥം ചാക്കോച്ചിക്കു മനസ്സിലായില്ല.

" മോനോടു അവനൊന്നും പറഞ്ഞില്ലേ..?"

"എന്താമ്മേ ?"

ചാക്കോച്ചിയുടെ ആ ചോദ്യം കേട്ടപ്പോൾ അമ്മ വീർപ്പുമുട്ടി ,പൊട്ടിയ പടിയിലേക്കിരുന്നു.

ശബ്ദം പുറത്തുവരാതെ അവർ ഏങ്ങുന്നതു കണ്ടപ്പോൾ ചാക്കോച്ചി വല്ലാതായി.

" അവനെ ഏതു സമയത്തും ഈശ്വരൻ വിളിക്കും മോനെ..!

ചാക്കോച്ചിയുടെ കൈയ്യിൽ നിന്നു സ്റ്റീൽ ഗ്ലാസ്റ്റ് താഴെ വീണു.

" അവനു കാൻസർ രോഗാ" പറഞ്ഞതും അമ്മ പൊട്ടിപ്പോയി.

അവശത കൊണ്ടാവാം അവരുടെ കരച്ചിലിനു ഏങ്ങലിനപ്പുറം നിശ്ബദതയായിരുന്നു.

" കുറെ ചികിത്സിച്ചു. തൊണ്ടയിലാ ..! കാര്യമില്ലെന്നു ഡോക്ടർ തീർത്തു പറഞ്ഞു."

"രഘുവിനറിയോ?" ചാക്കോച്ചിക്കു അറിയേണ്ടത് അതായിരുന്നു.

" അറിയാം. ദൈവത്തെ തിരിഞ്ഞു നോക്കാത്തവനായിരുന്നു. മൂന്നു കുത്തു കേസിലെ പ്രതിയാ. ആരേയും അനുസരിക്കാതെ ജീവിച്ചു. അസുഖം അറിഞ്ഞപ്പോൾ മുതൽ മാനസ്സാന്തരപ്പെട്ടു."

പറഞ്ഞതും അവർ പുറത്തേക്കു വന്ന ഏങ്ങലിനെ ഒതുക്കാൻ നോക്കി.

ചാക്കോച്ചി രഘുവിനെ ഓർത്തു.

"മരണം മുന്നിൽ വന്നെന്നു മനുഷ്യനു സ്വയം ബോധ്യപ്പെടുന്ന സമയത്താണ് അവർ ദൈവത്തെ കൂട്ടുവിളിക്കുന്നത്. ബന്ധങ്ങളെ പറ്റി പിന്തിക്കുന്നത്. അപ്പോൾ മാത്രമാ അവർ മനുഷ്യരായി ജീവിക്കുന്നത്"

തന്റെ  കൂടെ ഈ പകലു മുഴുവൻ അവൻ എല്ലാവരേയും കാണാൻ വന്നതിന്റെ സത്യത്തെ ചാക്കോച്ചി തിരിച്ചറിഞ്ഞു.

"മോനെ, അവനെ തനിച്ചു മേലേക്കു വീട്ടില്ല. കൂടെ ഞാനും പോകും. ഞാൻ ആദ്യം പോകേണ്ടി വന്നാൽ അവനെ കൂടെ കൂട്ടും."

ആ അമ്മ പതം പറയുകയാണെന്നാ ചാക്കോച്ചിക്കു ആദ്യം തോന്നിയത് '

" അവനു തനിച്ചു ജീവിക്കാൻ അറിയില്ല മോനെ...!"

അവർക്കു താങ്ങാൻ പറ്റാത്ത വാക്കുകൾ.! ചാക്കോച്ചി കണ്ണെടുക്കാതെ അവരെ നോക്കി.

'ലോകം മുഴുവൻ എതിരു നിന്നാലും അമ്മ എന്ന രണ്ടക്ഷരത്തിന്റെ സ്നേഹംകൂടെയുണ്ടങ്കിൽ അവനോളം ബലവാൻ ലോകത്താരും ഉണ്ടാവില്ല.'

കുളി കഴിഞ്ഞു രഘു വന്നപ്പോൾ അമ്മ കരച്ചിലു കാണിക്കാതെ അകത്തേക്കു നടന്നു.

ചാക്കോച്ചി രഘുവിനെ നോക്കി. ഇപ്പോഴും അവൻ സത്യം പറയുമെന്നു കരുതി. പറഞ്ഞില്ല. 

"ഞാനിറങ്ങട്ടെ" ചാക്കോച്ചി യാത്ര ചോദിച്ചു കൊണ്ടു പെഴ്സു തുറന്നപ്പോൾ രഘു തടഞ്ഞു.

" ചാക്കോച്ചി വേണ്ട. ഇതു ഞാൻ വാങ്ങിയാൽ ഇന്ന് മുഴുവൻ നീ എനിക്കു തന്ന ഈ സന്തോഷത്തിനു അർത്ഥമില്ലാതാവും"

പ്രിയപ്പെട്ട സുഹൃത്തേ ...നീ വീണ്ടും എന്നെ തോല്പ്പിക്കുകയാ . ചാക്കോച്ചിക്കു ശരിക്കും സങ്കടം വന്നു.

" ചാക്കോച്ചി . ഈ ദിവസം ഞാനൊരിക്കലും മറക്കില്ല. നിന്നേയും "

രഘു പറഞ്ഞപ്പോൾ ചാക്കോച്ചി ആ കൈയ്യിൽ കയറി പിടിച്ചു.

ഞാൻ മറക്കും. നീ മരിച്ചു കൊണ്ടിരിക്കുന്നവനാണെന്നു മറക്കും. നീ എവിടെയോ ജീവിച്ചിരുപ്പുണ്ടെന്നു വിശ്വസിക്കും"

ഉത്തരം പുറത്തേക്കു വന്നില്ല. തൊണ്ടയിൽ കിടന്നു വട്ടം ചുറ്റി.

" എന്നാ മടക്കം " ?

" അടുത്ത ആഴ്ച്ച തന്നെ..!!

"ഇനി എന്നാ നാട്ടിലേക്ക് "

" ഇനിയൊരു വരവില്ല." ചാക്കോച്ചി ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ രഘുവിൽ ചോദ്യം തീർന്ന പോലെ.

യാത്ര പറയാതെ ചാക്കോച്ചി ബുള്ളറ്റിൽ കയറി. ഇനി ഒരിക്കലും കാണാത്ത സുഹൃത്തിനെ ഒന്നൂടെ നോക്കി.

ഒരുപാട് അർത്ഥങ്ങൾ ഉളള പോലെ..

രഘു കൈവീശി. അപ്പോൾ അവന്റെ  കണ്ണും നിറഞ്ഞോ?

ബുള്ളറ്റ് ചാക്കോച്ചിയേയും കൊണ്ടുപോയി. രണ്ടു വളവു തിരിഞ്ഞപ്പോൾ അമേരിക്കയിൽ നിന്നു എൽസ വിളിച്ചു.


" അച്ചായാ എല്ലാരേം കണ്ടോ?. അവരൊക്കെ വല്യ ആൾക്കാരാണോ?. എല്ലാരും കാശുകാരാണോ ?"

ഒരു സെക്കന്റിൽ ഒരുപാട് ചോദ്യങ്ങൾ അവൾ ചോദിച്ചു.

" എൽസാ.. അവരൊക്കെ നമ്മളെക്കാൾ ഒരുപാട് ഉയരത്തിലാ . സ്നേഹിക്കുന്ന കാര്യത്തിൽ കോടീശ്വരന്മാരാ. ഒരു ജന്മം കഷ്ടപ്പെട്ടാലും അത്രയും പണക്കാരാവാൻ നമ്മുക്ക് പറ്റില്ല."

ചാക്കോച്ചി ഫോൺ കട്ടു ചെയ്തപ്പോൾ കാരണമില്ലാതെ ഒരിറ്റു കണ്ണീർ മണ്ണിലേക്കു വീണു.

.......................................................................

കുറിപ്പ് - അമേരിക്കൻ മലയാളിയായ ചാക്കോച്ചിയെ ഇതെഴുതിയ എനിക്കറിയില്ല. അയാളുടെ പരിചയക്കാരനായ 

"ബെനറ്റ് കാട്ടിൽ പറമ്പിൽ" ആണ് എനിക്കു ചാക്കോച്ചിയുടെ ഈ അനുഭവം പറഞ്ഞു തന്നത്.

രഘു മരിച്ചോ? അവന്റെ അമ്മയും അവനോടൊപ്പം ഈ ലോകം വിട്ടു പോയോ?

എനിക്കറിയേണ്ട സത്യം ഇതായിരുന്നു.

പക്ഷേ,

2014 ൽ കോട്ടയം mc റോഡിലുണ്ടായ ബൈക്കപകടത്തിൽ ബെനറ്റ് ഈ ലോകത്തോടു വിടപറഞ്ഞു.

പിന്നീട് എപ്പഴൊക്കയോ ഞാൻ രഘുവിനെ ഓർക്കും . ചാക്കോച്ചിയെ ഓർക്കും.

ചാക്കോച്ചി പിന്നീട് നാട്ടിൽ വന്നോ? അറിയില്ല.

രഘുവും അമ്മയും മരണത്തിനു കീഴടങ്ങിയോ?. അറിയില്ല.

അതൊക്കെ അറിയുന്നവൻ ഈ ലോകം വിട്ടു പോയി. ഒന്നു മാത്രം എനിക്കറിയാം

" ഒരിടത്തൊരിടത്തു ഒരു ചാക്കോച്ചിയുണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ് വാമനന്റെ  കാലത്തെ സ്നേഹം ഉരുട്ടി കുഴച്ചു കഴിച്ച ഒരു അമേരിക്കൻ മലയാളി.

അവനു ദൈവത്തിന്റെ  രൂപമായിരുന്നു. അവന്റെ  മനസ്സ് ദൈവത്തിനോളം വലുതായിരുന്നു.

ആ ചാക്കോച്ചി ഇപ്പോൾ എവിടാരിക്കും!

....................................................................

സ്നേഹപൂർവ്വം

.ഉണ്ണി പൂരുരുട്ടാതി.

Author
Citizen Journalist

Fazna

No description...

You May Also Like