സംസ്ഥാനത്ത് കനത്ത മഴ; ക്യാംപുകളിലേക്ക് മാറാന്‍ ആശങ്കവേണ്ടെന്ന് ദുരന്തനിവാരണ കമ്മീഷണര്‍

മഴയും കടലേറ്റവും തുടര്‍ന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും.

കനത്ത പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് തീരമേഖലകളില്‍ മഴയും കടലാക്രമണവും തുടരുന്നു. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിൽ  കടല്‍ക്ഷോഭം രൂക്ഷമാണ്. ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 60-70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും, തിരമാല തീരത്ത് ഒരുമീറ്റര്‍ വരെ ഉയരാം. കടലേറ്റം രൂക്ഷമായ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.ആലപ്പുഴയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലുംപരിസരങ്ങളിലും കഴിഞ്ഞ ദിവസം വെളളം കയറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തും, കൊല്ലത്തും ഇന്നത്തെ വാക്സീനേഷന്‍ ക്യാംപുകള്‍ റദ്ദാക്കി.

തെക്കന്‍ ജില്ലകളില്‍ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ആലപ്പുഴ കുട്ടനാട് മേഖലയില്‍ വെള്ളം കയറി, കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് , തോപ്പയില്‍  എന്നീ ഭാഗങ്ങളിലും,കാവാലത്ത് മടവീഴ്ച. കൊല്ലം ആലപ്പാട്, പരവൂര്‍ മേഖലകളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. കടല്‍ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍  തോപ്പയില്‍, കൊയിലാണ്ടി, ഗോതീശ്വരം ഭാഗങ്ങളിലാണ് കടലാക്രമണം ഏറ്റവും ശക്തമായത്. തോപ്പയില്‍ ഭാഗത്ത് പത്ത് വീടുകളില്‍ വെള്ളം കയറി. ഇവിടുത്തുകാരുടെ ഓര്‍മ്മയില്‍ ഇതാദ്യമായാണ് പ്രദേശത്ത് കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറുന്നത്. നിനച്ചിരിക്കാതെ വെള്ളം അടിച്ചുകയറിയതോടെ പലരും വീടുകള്‍ക്കുള്ളില്‍ കുടുങ്ങി. നാട്ടുകാര്‍ ചേര്‍ന്നാണ് വീടുകള്‍ക്കുള്ളില്‍പെട്ടുപോയവരെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.  കൂടുതല്‍ വീടുകളുടെ മുറ്റത്തേക്ക് വെള്ളം കയറിയതോടെ തോപ്പയില്‍ എല്‍പി സ്കൂള്‍, മദ്രസ്സഹാള്‍ എന്നിവിടങ്ങളിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കി. 

കോവിഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു ആളുകളെ മാറ്റി താമസിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് പോസറ്റീവായ 31 പേരെ എഫ്‌എല്‍ടിസിയിലേക്കും മാറ്റി. മഴയും കടലേറ്റവും തുടര്‍ന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും. അതേസമയം, കോവി‍ഡ് മാനദണ്ഡം പാലിച്ചാണ് ക്യാംപുകള്‍, രോഗികളും അല്ലാത്തവരും രണ്ടിടത്താണ്. സംസ്ഥാനത്ത് ക്യാംപുകളിലേക്ക് മാറാന്‍ ആശങ്കവേണ്ടെന്നും ദുരന്തനിവാരണ കമ്മീഷണര്‍ എ. കൗശിഗന്‍ പറഞ്ഞു. ലോക്ഡൗണ്‍ മൂലം ആശയവിനിമയം തടസ്സപ്പെടാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വേണമെന്നും ദുരന്തനിവാരണ കമ്മീഷണര്‍ പറ‍ഞ്ഞു.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; അതീവ ജാഗ്രത നിദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like