അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; അതീവ ജാഗ്രത നിദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദ്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ വിവിധയിടങ്ങളില്‍ ന്യൂനമര്‍ദ്ദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 204 മില്ലി മീറ്ററിന് മുകളിൽ 24 മണിക്കൂറില്‍ പെയ്യുന്ന മഴ അതീവ അപകടകാരിയാണ്. ആയതിനാല്‍ സംസ്ഥാനത്ത് റെഡ് അലെര്‍ട്ടിന് സമാനമായ തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്.

മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മെയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

മെയ് 16 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തിനോട് ഏറ്റവും അടുത്ത് നില്കുന്നതിനാലും തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.  ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക. 2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദ്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍:

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ ഉള്ളവർ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ അവരോട് സഹകരിക്കേണ്ടതാണ്
  • കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു.
  • വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.
  • അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ട ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
  • സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട  മുന്‍കരുതല്‍ നടപടികള്‍ ഈ ലിങ്കില്‍ ലഭ്യമാണ്
  • ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലേര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ല്‍ വിശദീകരിക്കുന്നുണ്ട്.  അത് ഇവിടെ ലഭ്യമാണ്.

ന്യൂനമര്‍ദ്ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച്‌ അലേര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്.

മൃഗങ്ങളിലേക്കും പടർന്ന് കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like