സ്കൂൾ വിടുന്ന കുട്ടികൾ കൂടുന്നു. ഗുജറാത്തും യു.പി.യും മുന്നിൽ.
- Posted on April 08, 2026
- News
- By Goutham prakash
- 14 Views
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇന്ത്യയിൽ ഏകദേശം 65 ലക്ഷത്തിലധികം കുട്ടികൾ സ്ൾ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചതായി പാർലമെന്റിൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിൽ പകുതിയോളം പേർ കൗമാരക്കാരായ പെൺകുട്ടികളാണ് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദാരിദ്ര്യം, വീട്ടുജോലികളിലെ പങ്കാളിത്തം, സ്കൂളുകൾ തമ്മിലുള്ള ദൂരക്കൂടുതൽ തുടങ്ങിയ വിവിധ കാരണങ്ങളാലാണ് ഇത്രയധികം കുട്ടികൾക്ക് ഔദ്യോഗിക വിദ്യാഭ്യാസം നഷ്ടമായതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു.
വിദ്യാർത്ഥികൾ കൊഴിഞ്ഞുപോയ സംസ്ഥാനങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഗുജറാത്തിൽ സ്കൂൾ പഠനം നിർത്തിയവരുടെ എണ്ണത്തിൽ 341 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇത്രയധികം കുട്ടികൾ പുറത്താകുന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
സ്കൂളുകൾ ലയിപ്പിക്കുന്ന സർക്കാർ നയം പല ഉൾനാടൻ ഗ്രാമങ്ങളിലും കുട്ടികൾക്ക് സ്കൂളിലെത്താൻ തടസ്സമാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, കുടിയേറ്റ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കാൻ കഴിയാത്തതും പ്രധാന വെല്ലുവിളിയാണ്. രാജ്യത്തെ വരുംതലമുറയുടെ ഭാവി അപകടത്തിലാക്കുന്ന ഈ കൊഴിഞ്ഞുപോക്ക് തടയാൻ അടിയന്തര നടപടികൾ വേണമെന്ന് പാർലമെന്റിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
