ഡി.ജി.പി കെ.പത്മകുമാര്‍ ബുധനാഴ്ച വിരമിക്കുന്നു
- Posted on April 29, 2025
- News
- By Goutham prakash
- 91 Views

ഡി.ജി.പി കെ. പത്മകുമാര്‍ ബുധനാഴ്ച (ഏപ്രില്‍ 30) സര്‍വീസില്‍ നിന്ന് വിരമിക്കും. നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസില്‍ ഡയറക്ടര്‍ ജനറല്‍ ആയി സേവനമനുഷ്ടിക്കുന്ന കെ. പത്മകുമാര്‍ 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ എക്കണോമിക്സ് ബിരുദം നേടിയ ശേഷമാണ് കെ. പത്മകുമാര്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. 1987 ല്‍ ആദ്യ ശ്രമത്തില്‍ അദ്ദേഹം ഇന്ത്യന്‍ റെവന്യു സര്‍വ്വീസിലേക്ക് (ഐ.ആര്‍.എസ്) തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐ.ആര്‍.എസ് പരിശീലനകാലയളവില്‍ അദ്ദേഹം വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷയെഴുതുകയും ഇന്ത്യന്‍ പോലീസ് സര്‍വ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
എ.എസ്.പി ആയി ആദ്യം നിയമിതനായത് ആലപ്പുഴയിലാണ്. തുടര്‍ന്ന് എസ്.പി റാങ്കിലേക്ക് പ്രമോട്ട് ചെയ്യപ്പെടുകയും എസ്.എ.പി, എം.എസ്.പി കമാണ്ടന്‍റ്, കണ്ണൂര്‍, കാസറഗോഡ്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ജില്ലാ പോലീസ് മോധാവി, കോഴിക്കോട് സിറ്റി, തിരുവനന്തപരും സിറ്റി എന്നിവിടങ്ങളില്‍ പോലീസ് കമ്മീഷണര്‍ (എസ്.പി റാങ്ക്), സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്.പി, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ എന്നീ ചുമതലകളും വഹിച്ചു.
ഡി.ഐ.ജിയായി പോലീസ് ട്രെയിനിംഗ് കോളേജില്‍ പരിശീലനവിഭാഗത്തിന്‍റെ ചുമതല, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ (ഡി.ഐ.ജി റാങ്ക്) എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
ഐ.ജിയായി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ച്, ഇന്‍റലിജന്‍സ്, തിരുവനന്തപുരം റെയ്ഞ്ച്, എറണാകുളം റെയ്ഞ്ച് എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
2014 ല്‍ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം ദക്ഷിണമേഖലയുടെ ചുമതലയുള്ള എ.ഡി.ജി.പി, കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍, കേരള പോലീസ് അക്കാദമി ഡയറക്ടര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, തീരദേശ പോലീസ്, ആംഡ് പോലീസ് ബറ്റാലിയന്‍, പോലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍ എ.ഡി.ജി.പിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം ആദ്യം ജയില്‍ വകുപ്പിലാണ് നിയമിതനായത്. തുടര്‍ന്ന് 2023 ആഗസ്റ്റില്‍ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസില്‍ ഡയറക്ടര്‍ ജനറല്‍ ആയി നിയമിതനായി.
ചിത്ര പത്മകുമാര്‍ ആണ് ഭാര്യ. ഡോ. കല്യാണി പത്മകുമാര്‍, മാധവ് നാരായണ്‍ കുമാര്‍ എന്നിവരാണ് മക്കള്‍.
പ്രവീണ്‍ എസ് ആര്‍
ഡെപ്യൂട്ടി ഡയറക്ടര്‍