ഇന്ത്യയുടെ മൂന്ന് സേനകളും ഒന്നിച്ചുപങ്കെടുത്ത ആദ്യ യുദ്ധം; അവിസ്മരണീയ വിജയം ആഘോഷിച്ച് രാജ്യം
- Posted on December 16, 2021
- News
- By Sabira Muhammed
- 189 Views
പാക് സൈനിക മേധാവിയും 93,000 പാക് സൈനികരും 13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവിലാണ് ഇന്ത്യയ്ക്കുമുന്നില്‍ കീഴടങ്ങിയത്

1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിലെ ഇന്ത്യയുടെ അവിസ്മരണീയ വിജയം ആഘോഷിച്ച് രാജ്യം. ഇന്ത്യ ബംഗ്ലാദേശിനെ പാക് അധിനിവേശത്തില്‍ നിന്ന് മോചിപ്പിച്ചിട്ട് ഇന്നേക്ക് അൻപത് വർഷം.
ഡല്‍ഹിയിലെ വാര്‍ മെമ്മോറിയലില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അടക്കം മൂന്ന് സേനകളുടെ തലവന്മാരും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കാനെത്തി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നടക്കുന്ന പരിപാടികളില്‍ മുഖ്യാതിഥി. സാധാരണക്കാരായ കുട്ടികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സൈന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധത്തിന്റെ 50ാം വാര്‍ഷികം സ്വര്‍ണീം വിജയ വര്‍ഷമായാണ് ഇന്ത്യ ആഘോഷിക്കുന്നത്.
പാക് സൈനിക മേധാവിയും 93,000 പാക് സൈനികരും 13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവിലാണ് ഇന്ത്യയ്ക്കുമുന്നില്‍ കീഴടങ്ങിയത്. ഇതോടെ കിഴക്കന്‍ പാകിസ്താനെ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.
ഇത്രയധികം പേര്‍ കീഴടങ്ങിയ യുദ്ധം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ്. മാത്രമല്ല, ഇന്ത്യയുടെ മൂന്ന് സേനകളും ഒന്നിച്ചുപങ്കെടുത്ത ആദ്യ യുദ്ധം കൂടിയായിരുന്നു ഇത്.