സ്ത്രീകളുടെ വിവാഹ പ്രായം 18ൽ നിന്ന് 21ലേക്ക്; ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ
- Posted on December 16, 2021
- News
- By Sabira Muhammed
- 175 Views
പെണ്‍കുട്ടികള്‍ ജോലി കണ്ടെത്തിയ ശേഷം വിവാഹം കഴിക്കുക എന്ന രീതി നടപ്പാക്കാനായി വിവാഹപ്രായം കൂട്ടണമെന്ന് ജയ ജയ്റ്റ്‌ലി അധ്യക്ഷനായ സമിതി 2020 ഡിസംബറില്‍ നീതി ആയോഗിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു

18ല്‍ നിന്ന് 21 വയസായി സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. 2020ലാണ് പ്രധാനമന്ത്രി പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ബില്‍ നടപ്പിലാക്കുന്നത്. പാര്‍ലമെന്റില്‍ ഈ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരുമെന്നാണ് വിവരം.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലും കാബിനറ്റിന്റെ അംഗീകാരത്തോടെ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 1929 ലെ ശാരദാ ആക്ട് ഭേദഗതി ചെയ്ത് 15 വയസില്‍ നിന്ന് 18 വയസ്സാക്കി രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് 1978ലാണ്.
പെണ്‍കുട്ടികള്‍ ജോലി കണ്ടെത്തിയ ശേഷം വിവാഹം കഴിക്കുക എന്ന രീതി നടപ്പാക്കാനായി വിവാഹപ്രായം കൂട്ടണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ത്രീശാക്തീകരണം ശരിയായി നടപ്പിലാക്കുക, ബാധവത്കരണം നടത്തുക, ലൈംഗികവിദ്യാഭ്യാസം സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉൾക്കൊള്ളിച്ചുകൊണ്ട് ജയ ജയ്റ്റ്‌ലി അധ്യക്ഷനായ സമിതി 2020 ഡിസംബറില്‍ നീതി ആയോഗിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.