അകത്തും പുറത്തും പരസ്യം നൽകാം; സ്വകാര്യ ബസ്സുകൾക്ക് ടിക്കറ്റിതര വരുമാനത്തിന് വഴിയൊരുങ്ങി.
- Posted on July 15, 2026
- News
- By Goutham prakash
- 25 Views
തിരുവനന്തപുരം: സ്വകാര്യ ബസ്സുകൾക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനുള്ള വഴിയൊരുക്കി ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ. സ്വകാര്യ ബസ്സുകളിൽ പരസ്യം നൽകാനുള്ള അനുമതി നൽകുന്നുവെന്ന് മന്ത്രി അറിയിച്ചു. സ്വകാര്യ ബസ്സുടമകൾ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരള സർക്കാർ ഗതാഗത നയം നടപ്പാക്കുമെന്നും മന്ത്രി സി.പി ജോൺ ഉറപ്പു നൽകി
സ്വകാര്യ ബസ്സുകളുടെ പുറത്തും അകത്തുമെല്ലാം പരസ്യങ്ങൾ പതിപ്പിക്കാൻ അനുമതി നൽകുന്നതായി മന്ത്രി പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ സ്വകാര്യ ബസ്സുടമകൾ സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യയാത്ര നൽകിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ ആഘാതം മറികടക്കുന്നതിനാണ് ബസ്സുകളിൽ പരസ്യം പതിപ്പിക്കാനുള്ള അനുമതി നൽകിയത്.
പ്രിയദർശിനി പദ്ധതി ഒരു സർക്കാർ പോളിസിയാണ്. അതു നടപ്പാക്കിയതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള നിക്ഷേപകരുടെ പ്രശ്‌നങ്ങൾ വളരെ സൂക്ഷ്‌മമായി വിലയിരുത്തുന്നതിനും, ഏതൊക്കെ മേഖലയിലാണ് ഇത് ബാധിച്ചിരിക്കുന്നതെന്നും പഠിക്കുന്നതിനായി ബി. പത്മകുമാർ ചെയർമാനും ഡോ. ശ്രീദേവി വൈ. ചെയർപേഴ്‌സണുമായിട്ടുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനുള്ളിൽ അവർ റിപ്പോർട്ട് നൽകുമെന്നും മന്ത്രി അറിയിച്ചു.
പ്രിയദർശിനി സൗജന്യയാത്രയെ തുടർന്ന് വരുമാന നഷ്ടമുണ്ടായ ബസ്സുകൾ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ ശ്രമിക്കണമെന്ന് മന്ത്രി മുൻപ് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗ്ഗവും ബസ് ഉടമകൾക്ക് തുറന്നുനൽകുന്നത്. കെഎസ്ആർടിസി ബസ്സുകളിൽ മുമ്പുതന്നെ പരസ്യങ്ങൾ പതിപ്പിച്ചിരുന്നു. എന്നാൽ, പ്രൈവറ്റ് ബസ്സുകളുടെ പുറത്ത് പരസ്യം പതിപ്പിക്കാനുള്ള അനുമതി ഇപ്പോഴാണ് നൽകുന്നത്.
