വിദ്യാഭ്യാസ രംഗത്ത് നൈപുണ്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം: മന്ത്രി പി. രാജീവ്.
- Posted on November 01, 2025
- News
- By Goutham prakash
- 28 Views
കൊച്ചി: “വിദ്യാഭ്യാസ മേഖലയിലെ നൈപുണ്യ വികസനം സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണ്, നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോള തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുന്നതാണ് കാലഘട്ടത്തിന്‍റെ ആവശ്യം”, എന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കിൽ ഡവലപ്മെന്റ് ഹബ്ബിന്റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. പാഠ്യപദ്ധതികളില്‍ കാലാനുസൃതമായ മാറ്റങ്ങൾ എങ്ങനെ കൊണ്ടുവരാമന്ന് സര്‍വകലാശാലകളും, സിന്‍ഡിക്കേറ്റുകളും, അക്കാദമിക് കൗണ്‍സിലുകളും ശ്രദ്ധ ചെലുത്തേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിനായി പുതിയ തൊഴില്‍സംബന്ധമായ കോഴ്സുകൾ ആരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇതോടൊപ്പം സ്കിൽ ഡെവലപ്മെന്റ് ഹബ്ബിന്റ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. കുസാറ്റ് സിൻഡികേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. അരുൺ എ യു, ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽ കേന്ദ്രയുടെയും സ്കിൽ ഡെവലപ്മെന്റ് ഹബ്ബിന്റെയും ഡയറക്ടർ ഡോ. സന്തോഷ് കുമാർ എസ്, ഗണിത ശാസ്ത്ര വകുപ്പ് പ്രൊഫസറും സോഫ്റ്റ് സ്കിൽ കോർഡിനേറ്ററുമായ ഡോ. അപർണ ലക്ഷ്മണൻ എസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
സമകാലിക തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ പ്രായോഗിക കഴിവുകളും സാങ്കേതിക വിജ്ഞാനവും നൽകി യുവജനത്തെ നവോത്ഥാന ചിന്തയുള്ള വ്യക്തികളായി വളരാൻ പ്രേരിപ്പിക്കുകയും, അവരെ പ്രാദേശിക- ദേശീയ വികസനത്തിന് പ്രാപ്തരാക്കുക എന്നതാണ് ഹബ്ബിന്റെ ലക്ഷ്യം. ടെക്നോളജി, എഞ്ചിനിയറിംഗ്, സയൻസ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികളുടെ ഗവേഷണ-പഠന സാധ്യതകൾ വികസിപ്പിക്കുക, ലൈഫ്‌ലോങ് ലേണിംഗ് പദ്ധതികൾ സൃഷ്ടിച്ച് വിദ്യാഭ്യാസ-പ്രവർത്തി മേഖലകളിൽ മികവ് കൈവരിക്കാൻ സഹായിക്കുക, എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
