ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ കേരളം സൃഷ്ടിക്കുക ലക്ഷ്യം -മന്ത്രി കെ രാജന്‍.


2031ല്‍ സംസ്ഥാനം 75ാം വയസ്സിലേക്ക് കടക്കുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ കേരളം സൃഷ്ടിക്കുക എന്ന നടപടിക്രമങ്ങളിലേക്ക് ഘട്ടംഘട്ടമായി പോകുകയാണെന്ന് മന്ത്രി കെ രാജന്‍. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂരഹിതരില്ലാത്ത കേരളമെന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്ത് ഇന്നൊരു ദിവസം പട്ടയം ലഭിക്കുന്നതിലൂടെ 10,002 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. 

ഈ സര്‍ക്കാറിന്റെ കാലയളവില്‍ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കാനായി. ഒമ്പത് വര്‍ഷത്തിനിടെ 4,13,000 പട്ടയം നല്‍കാനായി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് അഞ്ച് ലക്ഷം പട്ടയങ്ങളായി അത് വര്‍ധിപ്പിക്കാനുള്ള അതിവേഗ പ്രയത്‌നം തുടരുകയാണ്. എല്ലാവര്‍ക്കും ഭൂമി നല്‍കാന്‍ വേണ്ടി ആരംഭിച്ച പട്ടയമിഷന്‍ കേരള ചരിത്രത്തിലെ ഒരു നവാനുഭമാണ്. ഭൂമി സംബന്ധമായ എല്ലാ രേഖകളും ലഭിക്കുന്നതിനായി സെന്‍ട്രലൈസ്ഡ് ഡാറ്റാ ബാങ്കുകള്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. 


ജില്ലയിലെ വിവിധ താലൂക്കുകളിലുള്ള 1,272 കുടുംബങ്ങള്‍ക്കാണ് മേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത്. 

കോഴിക്കോട്, താമരശ്ശേരി, വടകര, കൊയിലാണ്ടി താലൂക്കുകളില്‍ 1,027 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം, 149 നാലു സെന്റ് ലക്ഷംവീട് ഉന്നതി പട്ടയം, താമരശ്ശേരി താലൂക്കിലെ പാറ പുറമ്പോക്ക് ഭൂമിയിലെ കൈവശക്കാര്‍ക്കുള്ള 26 പട്ടയം, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ 40 കുടുംബങ്ങള്‍ക്കുള്ള മിച്ചഭൂമി പട്ടയം, കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളിലെ 20 കുടുംബങ്ങള്‍ക്ക് ലാന്‍ഡ് അസൈന്‍മന്റ് പട്ടയം, 10 ദേവസ്വം പട്ടയം എന്നിങ്ങനെയാണ് വിതരണം ചെയ്തത്.  

കോവൂര്‍ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ ടി പി രാമകൃഷ്ണന്‍, ലിന്റോ ജോസഫ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസി. കലക്ടര്‍ എസ് മോഹനപ്രിയ, ലാന്‍ഡ് ആന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ പട്ടയമായി; മനംനിറഞ്ഞ് മാതുവും നഫീസയും ചീരുവും.


പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതോടെ നിറഞ്ഞ മനസ്സോടെ മടങ്ങി വടകര ഏറാമല വില്ലേജിലെ ആദിയൂരിലുള്ള മാതുവും നഫീസയും ചീരുവും. ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും താമസിക്കുന്ന ഭൂമിക്ക് മതിയായ രേഖകളില്ലാത്തതിനാല്‍ ആനുകൂല്യം ലഭിക്കില്ലെന്ന് കരുതിയിരിക്കെയാണ് ജില്ലാതല പട്ടയമേളയില്‍ സ്വപ്‌ന സാക്ഷാത്കാരമായി പട്ടയം ലഭിക്കുന്നത്. നാല് സെന്റ് ഭൂമിയിലാണ് മൂവരുടെയും കുടുംബം കഴിയുന്നത്. ഉടന്‍ ലൈഫ് പദ്ധതയില്‍ പുതിയ വീട് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണിവര്‍. 

45 വര്‍ഷമായി ആദിയൂരിലുള്ള ചീരു മകള്‍ക്കൊപ്പമാണ് താമസം. നഫീസക്ക് മകള്‍ സുമയ്യ മാത്രമാണ് കൂട്ട്. മാതു മകന്‍ പവിത്രനൊപ്പമാണ് കഴിയുന്നത്. മൂവരും പട്ടയം ലഭിച്ചതിന്റെ സന്തോഷം പങ്കിട്ട് വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കൊപ്പം ഒരുമിച്ചാണ് മടങ്ങിയത്. 



സരോജിനിക്ക് സ്വപ്‌നസാഫല്യം.


വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതില്‍ ആഹ്ലാദമടക്കാനാവാതെ അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടില്‍ താമസിക്കുന്ന ചെമ്പ്രക്കാട്ട് സരോജിനി. 1995ല്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത ഇവര്‍ക്ക് 77ാം വയസ്സിലാണ് ജില്ലാതല പട്ടയമേളയില്‍ സ്വപ്‌നസാഫല്യമായി പട്ടയം ലഭിച്ചത്. 9.78 സെന്റ് ഭൂമിയില്‍ ഇവര്‍ താമസം തുടങ്ങിയിട്ട് 30 വര്‍ഷമായി. ഭര്‍ത്താവ് മരിക്കുകയും അഞ്ചു മക്കളും വിവാഹിതരാവുകയും ചെയ്തതോടെ ഇപ്പോള്‍ തനിച്ചാണ് താമസം. മരുമകന്‍ മാധവനൊപ്പമെത്തിയ സരോജിനി ഓരോരുത്തരോടും നന്ദി പറഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like