ഏവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം വികസനം; ആര്‍ടി മിഷന് വലിയ പങ്ക് വഹിക്കാനാകും- കേരള ഫോര്‍ ഓള്‍ ഉച്ചകോടി.
- Posted on February 02, 2026
- News
- By Goutham prakash
- 101 Views
കൊച്ചി:
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം വികസനത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കേരള ടൂറിസവും ദി ഹിന്ദു ദിനപ്പത്രവും ചേര്‍ന്ന് സംഘടിപ്പിച്ച കേരള ഫോര്‍ ഓള്‍, ടൂറിസം വിത്തൗട്ട് ബാരിയേഴ്സ് ദ്വിദിന ഉച്ചകോടിയിലെ പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു. കേന്ദ്ര ടൂറിസം മന്ത്രാലയ അഡി. സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല, കേരള ടൂറിസം സെക്രട്ടറി കെ ബിജു എന്നിവരാണ് വിഷയത്തില്‍ സംസാരിച്ചത്.
വിഷന്‍ കേരള ഫോര്‍ ഓള്‍-ഷേപ്പിംഗ് ദി ഫ്യൂച്ചര്‍ ഓഫ് കേരള ടൂറിസം എന്ന വിഷയത്തിലാണ് പാനല്‍ ചര്‍ച്ച നടന്നത്. നിര്‍മ്മാണ പ്രവൃത്തികളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവീകരണം മാത്രമല്ല ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമെന്ന് സുമന്‍ ബില്ല ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ താഴെത്തട്ട് മുതല്‍ ഭിന്നശേഷി-വയോജന-സ്ത്രീ-ശിശു സൗഹൃദ നടപടികളെക്കുറിച്ചുള്ള അവബോധം വേണം. ഭിന്നശേഷി സൗഹൃദത്തിന് വേണ്ടി ഉണ്ടാക്കുന്ന പ്രതലത്തിന്റെ ചരിവ് കൂടിയാലോ കുറഞ്ഞാലോ അതുപയോഗിക്കാനാകില്ല. മാനദണ്ഡം പാലിക്കാന്‍ മാത്രം ഇത്തരം നടപടികള്‍ എടുക്കാതെ നിര്‍മ്മാണത്തൊഴിലാളികള്‍ മുതല്‍ അവബോധം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമെന്നാല്‍ പൊതുധാരണ ചക്രക്കസേര മാത്രമാണെന്ന് സുമന്‍ ബില്ല പറഞ്ഞു. അതു മാത്രമല്ല, നേത്രഹീനരും, സംസാര-കേള്‍വി പരിമിതിയുള്ളവര്‍, വയോജനങ്ങള്‍, സ്തീകള്‍, കുട്ടികള്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ വരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മാറ്റത്തിനപ്പുറത്തേക്ക് മള്‍ട്ടിമീഡിയ, എഐ പോലുള്ള നൂതന സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളിലേക്ക് ചിന്ത മാറണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക അവബോധം സൃഷ്ടിക്കുന്നതില്‍ ഉത്തരവാദിത്ത ടൂറിസത്തിന് വലിയ പങ്ക് വഹിക്കാനാകുമെന്ന് സുമന്‍ ബില്ലയും കെ ബിജുവും ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഈ പദ്ധതി ഇന്ന് കേരള ടൂറിസത്തിന് ഏറെ ആഗോള അംഗീകാരം നേടി നല്‍കിയിട്ടുണ്ട്. സമാനമായ അവബോധവും ബോധവത്കരണവുമാണ് വളര്‍ത്തിയെടുക്കേണ്ടത്. ആര്‍ടി മിഷന്‍ സൊസൈറ്റികളുടെ പങ്കാളിത്തം ഈ ദിശയില്‍ വര്‍ധിപ്പിക്കണമെന്നും ഇരുവരും പറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം വികസനത്തിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്ന് കെ ബിജു ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മികച്ച സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. ഭിന്നശേഷി സമൂഹത്തിന് ഈ വിഷയത്തില്‍ ഏറെ സഹായം നല്‍കാനാകും. ഇത്തരം അന്താരാഷ്ട്ര സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാല്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സജീവപരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദി ഹിന്ദു കേരള റസിഡന്റ് എഡിറ്റര്‍ എസ് ആനന്ദന്‍ മോഡറേറ്ററായി.
