ഒരസ്സൽ സൂപ്പ് കഥ
- Posted on May 27, 2021
- Kitchen
- By Sabira Muhammed
- 417 Views
പാചകത്തിന്റെ ചരിത്രം പോലെ തന്നെ പഴക്കമുള്ളതാണ് സൂപ്പുകളുടെ ചരിത്രം. ഏകദേശം ബി.സി. 2000 ത്തോളം പഴക്കമുണ്ട് സൂപ്പ് ഉണ്ടായതിന്റെ തെളിവുകൾക്ക്. വാട്ടര്‍പ്രൂഫ് പാത്രങ്ങള്‍ കണ്ടുപിടിക്കുന്നതുവരെ തിളപ്പിക്കല്‍ സാധാരണ പാചകപ്രക്രിയ ആയിരുന്നില്ല. ആ കാലഘട്ടങ്ങളില്‍ മൃഗങ്ങളുടെ തൊലിയായിരിക്കാം ഇതിന് വേണ്ടി ഉപയോഗിച്ചത്. ഇതൊക്കെ കാരണമാകാം ഭക്ഷണചരിത്രകാരന്മാര്‍ സൂപ്പിന്റെ ചരിത്രം പാചകത്തിന്റെ ചരിത്രംപോലെതന്നെ പഴക്കമുള്ളതാണെന്ന് പറയുന്നത്. ആധുനിക റെസ്റ്റോറന്റ് വ്യവസായം സൂപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു. എന്തെങ്കിലും പുനഃസ്ഥാപിക്കാന്‍ എന്നര്‍ത്ഥം വരുന്ന 'റെസ്റ്റോറന്റ്' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 16-ാം നൂറ്റാണ്ടിൽ ഫ്രാന്‍സിലാണ്. തെരുവുകച്ചവടക്കാര്‍ വില്‍ക്കുന്ന, ഉയര്‍ന്ന സാന്ദ്രതയും കുറഞ്ഞ വിലയില്‍ ലഭ്യമായതുമായ ‘സൂപ്പ്’ എന്നതിനെ സൂചിപ്പിക്കുന്നതിനായിട്ടായിരുന്നു ഇത്. സൂപ്പുകള്‍ക്ക് പ്രത്യേകമായി കട തുറന്നത് 1765 ല്‍ ഒരു പാരീസുകാരനാണ്. ഇത് ഭക്ഷണശാലകള്‍ക്ക് ആധുനിക പദമായ ‘റെസ്റ്റോറന്റ്’ എന്ന് പേരുവരാൻ കാരണമാക്കി എന്നാണ് ചരിത്രം പറയുന്നത്. ഇന്നത്തെ സൂപ്പുകളെല്ലാം സൃഷ്ടിക്കാൻ കാരണം ക്ലാസ്സിക് ഫ്രഞ്ച് പാചകരീതിയാണ്.
പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് ഒരുപാട് ചേരുവകളുള്ള സൂപ്പ്. അതുപോലെ എളുപ്പത്തിൽ വയർ നിറയ്ക്കുവാനും എളുപ്പത്തിൽ ദഹനം നൽകാനും സൂപ്പിന് കഴിവുണ്ട്. ഈ സവിശേഷത കാരണം സൂപ്പിന് വിവിധ സംസ്‌കാരങ്ങളിലും, സമ്പന്നരിലും, ദരിദ്രരുടെ ഇടയിലും ഒരുപോലെ സ്ഥാനമുണ്ടാക്കി. സൂപ്പിനെ പരസ്യം ചെയ്തിരുന്നത് ശരീരക്ഷീണത്തിനുള്ള ഒരു മറുമരുന്നായാണ്. പച്ചക്കറികളുടെ എല്ലാ ഗുണഗണങ്ങളും സൂപ്പിലൂടെ മനുഷ്യ ശരീരത്തിലേക്ക് എത്തിച്ചേരുന്നു. വേവിച്ച പച്ചക്കറികളും, അതിന്റെ വെള്ളവും ശരീരത്തിന് ഒരുപാട് പോഷക ഗുണങ്ങൾ നൽകുന്നു. കുട്ടികൾക്കെല്ലാം വേണ്ട പച്ചക്കറികൾ ശരീരത്തിൽ എത്താൻ ഒരു എളുപ്പമാർഗം കൂടിയാണ് സൂപ്പ്. ബീന്‍സ്, മത്സ്യം പോലുള്ളവ കൊണ്ടുള്ള സൂപ്പുകള്‍ ശരീരത്തിന് വേണ്ട പ്രോട്ടീന്‍ നല്‍കുന്നു. തക്കാളി സൂപ്പിൽ ഉൾപ്പെടുത്തുന്നതിലൂടെ ക്യാന്സർ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. സൂപ്പിലെ പച്ചക്കറികളില്‍ ‘എ’, ‘സി’ പോലുള്ള ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ക്രീം സൂപ്പുകള്‍ കാത്സ്യം, വിറ്റാമിന്‍-ഡി എന്നിവയും ഉണ്ട്. ഇത് ആരോഗ്യത്തിനു ഗുണവും, നാവിനു രുചിയും നൽകുന്നു.