വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ്
- Posted on July 16, 2026
- News
- By Goutham prakash
- 28 Views
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ്. മുന്‍ വര്‍ഷത്തെക്കാള്‍ ഉപയോഗം കൂടുകയും ആഭ്യന്തര ഉല്‍പാദനം കുറയുകും ചെയ്തു. വൈദ്യുത വിപണിയിലെ വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നല്‍കേണ്ടി വരുന്നതും പ്രതിസന്ധി കൂട്ടി. യുഡിഎഫ് കാലത്തെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും സോളാര്‍ വൈദ്യുതി രാത്രിയിലേക്ക് സംഭരിക്കാനാകാത്തതും പ്രതിസന്ധിക്ക് കാരണമായി. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രണിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലും നടത്തുന്നുവെന്നും മന്ത്രി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി കാരണം ഇന്ന് രാത്രിയും പവര്‍ കട്ടിന് സാധ്യത. വൈകുന്നേരത്തെ പീക്ക് സമയത്ത് സംസ്ഥാന വ്യാപക പവര്‍ കട്ടിന് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ആവശ്യമായ അളവില്‍ വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ലഭ്യമാകാതിരുന്നതിനാല്‍ രാത്രി 07:15 മുതല്‍ 12:15 വരെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം അനിവാര്യമായെന്നാണ് കെ എസ് ഇ ബി അറിയിച്ചത്. ഇന്നും സമാന സാഹചര്യമാണെന്നാണ് അറിയിപ്പ്.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍, ഇന്നും സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും അറിയിപ്പില്‍ പറയുന്നു
