ഇറാന് നേരെ ശക്തമായ ആക്രമണത്തിനൊരുങ്ങി അമേരിക്കയും ഇസ്രായേലും

വാഷിംഗ്‌ടൺ: ഇറാൻ്റെ അടിസ്ഥാന ഊർജകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കനത്ത ബോംബാക്രമണത്തിന് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ലെങ്കിലും, ഈ വാരാന്ത്യത്തിൽ തന്നെ ഇറാനിൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അമേരിക്കൻ പ്രതിരോധ വകുപ്പായ പെൻ്റഗൺ ഏത് നിമിഷവും ആക്രമണത്തിന് സജ്ജമായി നിൽക്കുകയാണെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.


ആഗോള സമ്പദ്‌വ്യവസ്ഥയെ അമേരിക്കയുടെ ഈ സൈനിക നീക്കം എങ്ങനെ ബാധിക്കുമെന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനാൽ തിങ്കളാഴ്ച സാമ്പത്തിക വിപണികൾ തുറക്കുന്നതിന് മുൻപായി ആക്രമണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഉന്നതതല ചർച്ചകൾ നടന്നിട്ടുണ്ട്. വെള്ളിയാഴ്ച ക്യാമ്പ് ഡേവിഡിൽ നടന്ന കാബിനറ്റ് യോഗത്തിൽ പ്രസിഡൻ്റ് ട്രംപ് ഈ സൈനിക ആക്രമണ പദ്ധതികൾ വിശദമായി ചർച്ച ചെയ്തു. ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഈ നീക്കത്തെ ശക്തമായി എതിർത്തുവെങ്കിലും, കനത്ത തിരിച്ചടി നൽകണമെന്നാണ് ട്രംപിൻ്റെ നിലപാട്.


അവരെ നമ്മൾ കഠിനമായി പ്രഹരിക്കും. ഒരു ഘട്ടത്തിൽ ഇനി ഇത് താങ്ങാനാകില്ലെന്ന് അവർ തന്നെ പറയും' എന്ന് യോഗത്തിനിടെ ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഇറാൻ്റെ ഊർജ നിലയങ്ങളും റിഫൈനറികളുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അമേരിക്ക വിജയിക്കുമെന്നും ട്രംപിൻ്റെ ഭരണത്തിൻകീഴിൽ ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.


സംയുക്ത സൈനിക നീക്കങ്ങളെക്കുറിച്ച് അമേരിക്ക ഇസ്രായേലിനെ മുൻകൂട്ടി വിവരങ്ങൾ അറിയിക്കുകയും അവർ ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അമേരിക്കൻ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കുചേരാൻ തങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും, പൂർണ സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെക്കുറിച്ച് അറിവില്ലെന്നുമാണ് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ഈ ആഴ്ച ആദ്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കയിലെത്തി ട്രംപുമായും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ നെതന്യാഹു യുദ്ധത്തിനായുള്ള ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു.


സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ജോർദാനിലെ അമ്മാൻ, ജറുസലേം, ബാഗ്ദാദ് തുടങ്ങിയ നഗരങ്ങളിലെ അമേരിക്കൻ എംബസികൾ സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും വിമാനങ്ങൾ റദ്ദാക്കാനും വ്യോമപാതകൾ അടച്ചിടാനുമുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.


ഇറാൻ്റെ അടിസ്ഥാന സേവനങ്ങൾ നൽകാനുള്ള കഴിവിനെയും ഫലപ്രദമായി ഭരിക്കാനുള്ള സൈന്യത്തിൻ്റെ ശേഷിയേയും ദുർബലപ്പെടുത്തുക എന്നതാണ് ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിലൂടെ അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. തെഹ്‌റാനിലുടനീളം വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ഓരോ ആക്രമണത്തിനും പകരമായി ഇറാൻ്റെ ഓരോ പാലമോ വൈദ്യുത നിലയമോ തകർക്കുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ജനങ്ങളും സൈന്യവും ഒരുപോലെ ഉപയോഗിക്കുന്ന ചില പാലങ്ങൾ ഇതിനോടകം തന്നെ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like