കുസാറ്റും ജെയിംസ് കുക്ക് സർവകലാശാലയും അക്കാദമിക സഹകരണം വിപുലീകരിക്കുന്നു
- Posted on August 07, 2026
- News
- By Goutham prakash
- 17 Views
കൊച്ചി: കുസാറ്റും ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയും (JCU) തമ്മിലുള്ള അക്കാദമിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജെയിംസ് കുക്ക് സർവകലാശാലയുടെ ഉന്നതതല പ്രതിനിധിസംഘം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു. ജെയിംസ് കുക്ക് സർവകലാശാല കോളേജ് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്ങിന്റെ ഡീൻ പ്രൊഫ. റൊണാൾഡ് വൈറ്റ്, കോളേജ് ഓഫ് ബിസിനസ്, ലോ ആൻഡ് ഗവേണൻസിലെ പ്രൊഫ. ജാമി ഫെലോസ്, ഇന്റർനാഷണൽ പാർട്ണർഷിപ്സ് മാനേജർ ബെർണഡെറ്റ് സ്റ്റോർ, റീജിയണൽ മാനേജർ ശ്രുതി ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിയുമായി കൂടിക്കാഴ്ച നടത്തി സഹകരണം വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾ നടത്തിയത്.
തുടർന്ന് എൻജിനീയറിങ്, ശാസ്ത്ര വിഭാഗങ്ങളിലെയും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെയും അധ്യാപകരുമായി പ്രത്യേക യോഗങ്ങൾ ചേർന്നു. എൻജിനീയറിങ്, ശാസ്ത്ര വിഭാഗങ്ങളുമായുള്ള ചർച്ചയിൽ നിർദിഷ്ട 3.5+2 ഇന്റഗ്രേറ്റഡ് എൻജിനീയറിങ് മാസ്റ്റേഴ്സ് പ്രോഗ്രാം, ശാസ്ത്രവിഷയങ്ങളിലെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പഠനപാതകൾ, കോ-ട്യൂട്ടെൽ (Cotutelle) ഡോക്ടറൽ ഡിഗ്രി പ്രോഗ്രാം, അക്വാകൾച്ചർ ഉൾപ്പെടെയുള്ള സംയുക്ത ഗവേഷണ സാധ്യതകൾ എന്നിവ ചർച്ച ചെയ്തു. ഇന്ത്യ–ഓസ്‌ട്രേലിയ സംയുക്ത ഗവേഷണ പദ്ധതികൾക്കും ധനസഹായ അവസരങ്ങൾക്കുമായി സംയുക്ത ഗവേഷക സംഘങ്ങൾ രൂപീകരിക്കാനും ഇരു സർവകലാശാലകളും ധാരണയായി.
സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ജെയിംസ് കുക്ക് സർവകലാശാല പ്രതിനിധികൾ എം.ബി.എ വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിച്ചു. 2024 ജനുവരിയിൽ കുസാറ്റും ജെയിംസ് കുക്ക് സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതിനെ തുടർന്ന് 2025-ൽ ആരംഭിച്ച 1+1 ഡ്യുവൽ എം.ബി.എ പ്രോഗ്രാം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു. പുതിയ അക്കാദമിക സഹകരണ പദ്ധതികളെക്കുറിച്ചുള്ള തുടർചർച്ചകൾ സെപ്റ്റംബറിൽ നടക്കുന്ന അടുത്തഘട്ട യോഗങ്ങളിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
