സരസ്വതി ചേച്ചി എവിടാരിക്കും. ?

എന്നിട്ടും ആരും സരസ്വതി  ചേച്ചിയെ കുറ്റം പറയുന്നില്ല. അതാണ് അവരെ കൂടുതൽ വിഷമിപ്പിചത് ., അവരുടെ രൂപത്തിന്റ കുറവുകളെ എണ്ണി പറഞ്ഞ് പ്രതിഷേധം തുടർന്നപ്പോൾഎങ്ങനെ പെരുമാറണമെന്നറിയാതെ അവർ വീർപ്പുമുട്ടി.

2015ൽ നല്ല മഴയുള്ള രാവിലെയാണ് സരസ്വതി ചേച്ചിയെ ആദ്യായി കാണുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പരസ്പ്പരം സീരിയലിന്റ അസോസിയേറ്റ് സംവിധായകനായി ജോലി ചെയ്യുകയാണ് ഞാനപ്പം.

അവരെ കണ്ടപാടെ എനിക്കു പെരുത്തു കയറി.

കോളജ് പ്രിൻസിപ്പാളായി അഭിനയിക്കാൻ വിളിച്ചു വരുത്തിയതാ . കണ്ടാൽ തീർത്തും ലുക്കില്ലാത്ത രൂപഭാവം.

"ഇന്നലെ ഫോട്ടോ നോക്കി കൺഫോം

 ചെയ്തുടാരുന്നോ?" സംവിധായകന്റെ നീരസം . എനിക്കുത്തരം ഇല്ലായിരുന്നു.

രാവിലെ പ്ലാൻ ചെയ്ത സീനാണ്. ഇവരെ വച്ചു സീനെടുക്കാൻ പറ്റില്ല.

എന്റെ  ദേഷ്യം പ്രൊഡക്ഷൻ കൺട്രോളറോടായിരുന്നു.

 പ്രതിഷേധം  വാക്കുകൾ കൊണ്ടു അവതരിപ്പിച്ചപ്പോൾ അയാൾ ജൂനിയർ ആർട്ടിസ്റ്റ് സപ്ലയറെ വിളിച്ചു ആ ദേഷ്യം മുഴുവൻ തീർത്തു..

മാലപോലെ നീണ്ട പ്രതിഷേധം  മുകളിൽ നിന്നു താഴേക്കു പലരിലൂടെ അവർക്കു ചുറ്റും കടന്നു പൊയ്ക്കൊണ്ടിരുന്നു.

എന്നിട്ടും ആരും സരസ്വതി  ചേച്ചിയെ കുറ്റം പറയുന്നില്ല. അതാണ് അവരെ കൂടുതൽ വിഷമിപ്പിചത് ., അവരുടെ രൂപത്തിന്റ കുറവുകളെ എണ്ണി പറഞ്ഞ് പ്രതിഷേധം തുടർന്നപ്പോൾഎങ്ങനെ പെരുമാറണമെന്നറിയാതെ അവർ വീർപ്പുമുട്ടി.

പ്രൊഡക്ഷൻ ബോയ് നീട്ടിയ ചായ കയ്യിൽ വാങ്ങി കുടിച്ചിറക്കാനാവാതെ പരിചയമില്ലാത്ത എല്ലാ മുഖങ്ങളിലേക്കും അവർ മാറി മാറി നോക്കി നിൽക്കുകയാണ്.

രാവിലെ തന്നെ പ്ലാനിംഗ് പരാജയപ്പെട്ടതിന്റ ടെൻഷൻ കൊണ്ടാവാം ഞാൻ അവരുടെ മുന്നിൽ നിന്നു ആർട്ടിസ്റ്റ് സപ്ലയർക്കു ഫോൺ ചെയ്തു.

" ഇതുപോലെ ഒരു ലുക്കില്ലാത്തവരെയല്ല പ്രിൻസിപ്പാളായി അഭിനയിപ്പിക്കേണ്ടത്. അടുത്ത ആൾ ഉടനെ വന്നിരിക്കണം."

എന്റ ദേഷ്യം ഫോണിലൂടെ ഞാൻ തീർക്കുമ്പോൾ അതു കേട്ടിരിക്കുന്ന ആ സ്ത്രീയുടെ മാനസിക വിഷമത്തെ പറ്റി ഞാൻ ചിന്തിച്ചില്ല.

അതെന്റ വിഷയമല്ലായിരുന്നു. ഒരാൾ പോയാൽ അടുത്ത ആൾ'

പകരക്കാരി വരാതെ സീനെടുക്കാൻ പറ്റില്ലാത്തതു കൊണ്ടു തന്നെ സംവിധായകൻ ബ്രേക്ക് പറഞ്ഞു .എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോഴും പഴകിയ പ്ലാസ്റ്റിക്ക് കവറും പിടിച്ച് സരസ്വതി ചേച്ചി അവിടെ തന്നെ നിൽക്കുകയാണ്.

നിൽക്കണോ പോകണോ എന്നറിയാതെ..!

ആ കാഴ്ച്ച ഞാൻ കണ്ടു. 


ഉള്ളിലെ ടെൻഷൻ (വർക്കിൽ എന്റ കൂടെപിറപ്പാണ്) കുറഞ്ഞതു കൊണ്ടാവാം എനിക്കെന്തോ അവരുടെ നിൽപ്പു കണ്ടപ്പോ ആഹാരം കഴിക്കാൻ തോന്നിയില്ല.

ഞാനവരുടെ അടുത്തേക്കെത്തി.

" ചേച്ചി ഒന്നും തോന്നരുത്. ഈ വേഷത്തിനു പറ്റിയ രൂപമല്ല. പ്രിൻസിപ്പാളായാണെന്നു പ്രത്യേകം സപ്ലയറോടു പറഞ്ഞിരുന്നു. വേറെ വേഷം വരട്ടെ.."

അവരെന്നെ ദയനീയമായി നോക്കി.

" ചേച്ചി ചെന്ന് ആഹാരം കഴിക്ക്.എന്നിട്ടു പോയാൽ മതി"

ഞാനതു പറഞ്ഞെങ്കിലും അതവർ കേട്ടതായി നടിച്ചില്ല. അവരിൽ എന്തോ അസ്വസ്ഥത  ഞാൻ കണ്ടു.

ഞാൻ തിരിഞ്ഞു നടന്നപ്പോൾ അവർ പുറകീന്നു വിളിച്ചു.

"മോനെ..." 

വിളിയിൽ വിതുമ്പലുണ്ടായിരുന്നോ?

"എന്റ വീട് കട്ടാക്കടയാ. വെളുപ്പിനെ അഞ്ചു മണിക്കു എണീറ്റു റെഡിയായി , വീട്ടീന്നു പതിനഞ്ചു മിനിറ്റ് നടന്നു ബസ്റ്റോപ്പിലെത്തി ബസു പിടിച്ചു ഇവിടെ ഏഴു മണിക്കെത്തിയതാ . കാശെന്തെങ്കിലും തരുമായിരിക്കുമോ?"

ഞാനവരുടെ മുഖത്തേക്കു ഒന്നൂടെ സൂക്ഷിച്ചു നോക്കുമ്പോൾ ദയനീയമായിരുന്നു അവരുടെ ഭാവം .

അമ്മയോളം പ്രായമുണ്ട്. വൈകുന്നേരം വരെ അഭിനയിച്ചാൽ കിട്ടുന്ന500 രൂപക്കു വേണ്ടി(2015 ൽ) ആരോഗ്യം മറന്ന്, ഈ കഷ്ടപാടിലൂടെ എത്തിയവരാണ്.

നിയപപരമായി ഞങ്ങൾക്കു കൊടുക്കേണ്ട കാര്യമില്ല. 

ഞാൻ കൺട്രോളറെ വിളിച്ചു കാര്യം പറഞ്ഞു ഷോട്ടിലേക്കു പോയി.

ഏതോ സീനിന്റ ഇടവേളയിൽ അയാളാടു ഞാൻ ചോദിച്ചു.

"ആ ചേച്ചിക്കു വല്ലതും കൊടുത്തോ" ?

"" അതിന്റ ആവശ്യം തോന്നിയില്ല. ഏജന്റ് കൊടുക്കട്ടെ...!

അയാൾ പറഞ്ഞതാണ് ശരി. നിയമത്തിന്റ രീതിയിൽ 

എന്തെങ്കിലും കൊടുത്തു വിടാമായിരുന്നു. എന്റ മനസ്സ് എന്നോടു പറഞ്ഞപ്പോൾ എവിടെയോ ഒരു മനസാക്ഷി കുത്ത്.

വൈകുന്നേരം ജൂനിയർ ആർട്ടിസ്റ്റ് സപ്ലയർ വന്നപ്പോൾ രാവിലെ കാണിച്ച നെറികേടിനു കുറെ കൊടുത്തു. അപ്പോഴാണ് അയാൾ സരസ്വതി ചേച്ചിയെ പറ്റി പറഞ്ഞത്.

" ദയനീയമാണ് സാറെ അവരുടെ ജീവിതം . പുനലൂരാണ് വീട് . മകന് 29 വയസ്സുണ്ട്. കാൻസറാ. ഇവിടെ RCC ലാണ് ചികിത്സാ . അതിനു വേണ്ടി ഒരു കൊച്ചു വീട് വാടകക്കു എടുത്താണ് താമസം. ഭർത്താവ് കർണ്ണാടകയിലെ ഏതോ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നു. രണ്ടാമത്തെ മകൻ ജോലി തേടി നാലു വർഷം മുൻപ് ഹൈദരബാദ് പോയതാ. പിന്നെ ഒരു വിവരവും ഇല്ല . ഈ മകനുവേണ്ടിയാ ജീവിക്കുനത്. എല്ലാ ദിവസവും എവിടെയെങ്കിലും വർക്കു വിളിച്ചു കൊടുക്കും. കമ്മീഷൻ എടുക്കാറില്ല. ഈ വേഷത്തിനു വിളിച്ചു വിടാൻ പാടില്ലായിരുന്നു. സാറ് ക്ഷമിക്കണം."

അയാളുടെ വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു. രാവിലെ പ്ലാസ്റ്റിക്ക് കവറും തൂക്കി പിടിച്ചു ഗതികെട്ടു നിന്ന അവരുടെ രൂപം കൺമുന്നിൽ തെളിയുന്ന പോലെ.

"എന്തെങ്കിലും കാശ് കിട്ടാൻ വഴിയുണ്ടോ" എന്നു ചോദിച്ചഅവരുടെവേവലാതിക്കു ലൊക്കേഷനുകളിൽ പ്രാധാന്യം ഉള്ളതായിരുന്നില്ല.


ജൂനിയർ ആർട്ടിസ്റ്റുകൾ എന്നും ഗതികേടിന്റ രൂപ കൂടുകൾ ആയിരുന്നു. വലിയൊരു നടനോ , നടിയോ ആകാൻ കൊതിച്ചു വരുന്ന അവരോടുള്ള സമീപനം ഞാനുൾപ്പെടെയുള്ള മേൽത്തട്ടു ലോകം കണ്ടത് അടിമ കണ്ണിലൂടെ ആയിരുന്നോ? 

പിന്നീട് എപ്പോഴെക്കയോ ഞാനവരെ ഓർത്തു.

ഒരു നല്ല വേഷം അവരുടെ രൂപത്തിനു അനുസരിച്ചു കൊടുക്കണമെന്നു എന്റ മനസ്സ് പറഞ്ഞു.

ഏജന്റിനെ വിളിച്ചു കാര്യം പറഞ്ഞു.

" ചേച്ചിയോടു നാളെ കോവളത്തെത്താൻ പറയണം. കൺടിന്യൂറ്റി ഉള്ള ചെറിയ കഥാപാത്രമാ."

" ഇനി വേണ്ട സാറെ.. അവരുടെ മോൻ ആത്മഹത്യ ചെയ്തു. അവനു വേണ്ടി അവർ കഷ്ടപ്പെടുന്നത് ആ മകനു താങ്ങാൻ പറ്റി കാണില്ല. സ്വയം മരിച്ച് അമ്മക്ക് ആശ്വാസം കൊടുത്തു."

കേട്ടപ്പോൾ വല്ലാതായി പോയി.

" എന്നായിരുന്നു?

"ആറുമാസായി"

ആരും പറഞ്ഞു കേട്ടില്ല. കേട്ടാലും അതൊരു വാർത്ത അല്ലായിരുന്നു.

ഞാൻ സരസ്വതി ചേച്ചിയെ വെറുതെ ഓർത്തു നോക്കി. എത്രയോ ആർട്ടിസ്റ്റുകൾ വീടിന്റ ഗതികേടും മറ്റും പറഞ്ഞ് കൂടുതൽ ദിവസങ്ങൾ അഭിനയിക്കാൻ കൊടുക്കണമെന്നു  റിക്വസ്റ്റ് ചെയ്യുമ്പോൾ , സത്യത്തെ മറച്ചു പിടിച്ച് ഗതികേടിന്റ ആൾരൂപമായി കാശിനു കൈ നീട്ടിയ സരസ്വതി ചേച്ചി.

എനിക്കു വല്ലാത്ത മാനസിക സംഘർഷം തന്ന വാർത്തയായിരുന്നു.

"അവർ തിരിച്ചു പോയി സാറെ. പുനലൂർക്കല്ല അവിടുത്തെ കൊച്ചു വീട് കടക്കാരു കൊണ്ടുപോയി. കർണ്ണാടകത്തിലേക്ക്. ഭർത്താവിനെ കാണാൻ ."

ജയിലിലുള്ള ഭർത്താവിനെ കണ്ടാൽ പിന്നെ അവർ എങ്ങോട്ടു പോകും. ഞാൻ സ്വയം കുറെ ചോദ്യങ്ങൾ ഉണ്ടാക്കി.

ഒന്നിനും ഉത്തരങ്ങളില്ലായിരുന്നു.

2018 ൽ നീലകുയിൽ സീരിയലിന്റ വർക്കിനിടയിലാണ് ഏജന്റ് സരസ്വതി ചേച്ചിയെ കുറിച്ചു വീണ്ടും പറഞ്ഞത്.

"കഴിഞ്ഞ ആഴ്ച്ച വിളിച്ചിരുന്നു. ഭർത്താവ് ശിക്ഷ അനുഭവിക്കുന്ന ബെല്ലാരി സെൻട്രൽ ജയിലിനു അടുത്തു ഒരു വീട്ടിൽ കുട്ടികളെ നോക്കാൻ നിൽക്കുകയാ. ഭർത്താവ് ശിക്ഷകഴിഞ്ഞിറങ്ങുമ്പോൾ കൂട്ടികൊണ്ടുപോകാൻ കാത്തിരിക്ക്വാ"


ജീവിതത്തിൽ ഒരു നിർഭാഗ്യവതിഅനുഭവിക്കേണ്ട എല്ലാം യാതനകളും അവർ അനുഭവിക്കുകയാ .

നിയമം പതിച്ചു കൊടുക്കാത്ത ദൈവത്തിന്റ ശിക്ഷ പോലെ .

ഒന്നു വിളിക്കണമെന്നു തോന്നി. ഏജന്റിന്റ കൈയ്യിൽ നിന്നു നമ്പർ വാങ്ങി വിളിച്ചു. സ്വിച്ച് ഓഫായിരുന്നു.

പിന്നെ പലവട്ടം ഓർത്തു വിളിച്ചു. കിട്ടിയില്ല.

എന്തു പറയാനാണ് അവരോട്."

ഞാൻ വെറുതെ ചിന്തിച്ചു. പറയാൻ ഒന്നും ഇല്ല 

.

"ഇപ്പോ വിളിക്കാറില്ല സാറെ..." കഴിഞ്ഞ വർഷം ഏജന്റിന്റ ഓർമ്മപ്പെടുത്തൽ .

ഭർത്താവ് ജയിലിൽ നിന്നു ഇറങ്ങി അവരൊത്തു ജിവിതം തുടങ്ങി കാണുമോ?

ജോലി തേടി പോയ മകൻ തിരികെ വന്നു കാണുമോ? വന്നാലും കണ്ടെത്തിയിട്ടുണ്ടാക്കുമോ?

ചോദ്യങ്ങൾ ഒരു പാടുണ്ടായിരുന്നു. ഉത്തരം തരാൻ ആരുമുണ്ടായിരുന്നില്ല.ദൈവം പോലും...

Author
Citizen Journalist

Fazna

No description...

You May Also Like