തേഞ്ഞിപ്പാലം പോക്സോ കേസ്; പൊലീസ് പെൺകുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി
- Posted on January 22, 2022
- News
- By NAYANA VINEETH
- 48 Views
മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു

മലപ്പുറത്ത് പോക്സോ കേസിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പ്രതിശ്രുത വരൻ്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനൽകി. യുവാവിൻ്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി.
പരസ്പരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയിൽ ഫോൺ എടുക്കാൻ വൈകിയാൽ പെൺകുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി.
പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ സൈബർ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോൾ സംഭാഷണം, വാട്സപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്.
അതേസമയം, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. പോക്സോ കേസിൽ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ പോയതെന്നും റിപ്പോട്ടിൽ പറയുന്നു.