ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്
- Posted on October 19, 2021
- News
- By Sabira Muhammed
- 264 Views
പത്തിലൊരു ഭാഗം മാത്രം വെള്ളമാണ് 2018ലെ അപേക്ഷിച്ച് ഇത്തവണയൊഴുക്കുന്നത്.

ഇടുക്കി ഡാം തുറന്നു. 2397.96 അടിയായി ഡാമിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഷർട്ടറുകൾ തുറന്നത്. 35 സെന്റിമീറ്ററാണ് ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ ഉയര്‍ത്തിയത്. ഘട്ടംഘട്ടമായി ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ തുറക്കും. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നത്. റൂള്‍സ് കര്‍വ് അനുസരിച്ചാണ് ഡാം തുറക്കുന്നത്. മഴ കുറഞ്ഞാല്‍ റൂള്‍ കര്‍വ് അനുസരിച്ച് തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും.
മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും.
മൂന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.