മറ്റന്നാള്‍ മുതല്‍ സ്കൂളുകളില്‍ കുട്ടികൾക്ക് വാക്സീന്‍ നൽകിത്തുടങ്ങും

1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിൽ 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജനുവരി 19 മുതൽ  കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സീന് അർഹതയുള്ളത്.

നിലവിൽ 51% കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കി. 500 ന് മുകളിൽ വാക്സിൻ അർഹത ഉള്ള കുട്ടികളുള്ള സ്കൂളുകളാണ് വാക്സീന്‍ കേന്ദ്രമായി കണക്കാക്കുന്നത്. 967 സ്‌കൂളുകളാണ് അത്തരത്തില്‍ വാക്സീന്‍ കേന്ദ്രങ്ങളാളായി സജ്ജമാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ആംബുലൻസ് സർവീസും പ്രത്യേകം മുറികളും സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10,11,12 എന്നീ ക്ലാസുകളുടെ നടത്തിപ്പ് നിലവിലെ രീതിയിൽ തന്നെ തുടരുമെന്നും 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈൻ മുഖേന  തന്നെയായിരിക്കും നടക്കുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ഭിന്ന ശേഷിക്കാർക്ക് വാക്സിൻ വേണ്ടെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. രക്ഷിതാക്കളുടെ സമ്മതം ഉള്ള കുട്ടികള്‍ക്കേ വാക്സിൻ നൽകൂ. വാക്സീന്‍ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന സ്കൂളുകളില്‍ 18ന് വകുപ്പുതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

10,11,12 ക്ലാസുകൾ നടക്കുന്ന സ്ഥലങ്ങളിൽ ക്ളീനിംഗ് നടക്കും. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതൽ ഡിജിറ്റലും ഓണ്‍ലൈനും ആയിരിക്കും. വിക്ടേഴ്‌സ് ചാനൽ പുതുക്കിയ ടൈം ടേബിൾ നൽകും. അതേസമയം, അധ്യാപകര്‍ സ്കൂളുകളില്‍ വരണമെന്നും മന്ത്രി അറിയിച്ചു. വാക്സിനേഷൻ കേന്ദ്രമല്ലാത്ത സ്ഥലങ്ങളിൽ നിലവിലെ ആരോഗ്യവകുപ്പ് സംവിധാനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി ഇവിടുത്തെ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കും. ഇന്നുതന്നെ ഉത്തരവുകൾ ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂൾ മാർഗരേഖ സംബന്ധിച്ച് വിദ്യഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like