കുസാറ്റ്: കൊച്ചിയിൽ സമുദ്ര മലിനീകരണം ദേശീയ സമ്മേളനം സെപ്റ്റംബർ 25 ന്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ മറൈൻ ബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 25 മുതൽ 27 വരെ ‘നാഷണൽ കോൺഫറൻസ് ഓൺ മറൈൻ പൊല്ല്യൂഷൻ ആൻഡ് ഇക്കോടോക്സിക്കോളജി (എൻ.സി.എം.പി.ഇ 24) എന്ന വിഷയത്തിൽ ദേശീയ സമ്മേളനം കൊച്ചിയിൽ നടക്കും. ലക്നൗവിലെ CSIR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച് കേന്ദ്രവും (CSIR-IITR),ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (NCCR) എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ദേശീയ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മുപ്പതിൽ പരം ഗവേഷണ

സ്ഥാപനങ്ങളിൽ നിന്നും നാനൂറോളം ശാസ്ത്രഞ്ജരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുക്കും.സമ്മേളനത്തിന്റെ ഉദ്‌ഘാടന കർമ്മം ബഹുമാനപ്പെട്ട മത്സ്യ,മൃഗസംരക്ഷണ, ക്ഷീരവികസന സഹ മന്ത്രി ജോർജ് കുര്യൻ രാവിലെ പത്തു മണിക്ക് കളമശേരിയിലെ കുസാറ്റ്‌ സെമിനാർ ഹാളിൽ വച്ച് നടത്തും.ഇന്ത്യയിൽ തന്നെ ആദ്യമായാണ് സമുദ്ര മലിനീകരണത്തെകുറിച്ചും പരിസ്ഥിതി വിഷശാസ്ത്രത്തിലും ഒരു ദേശീയ സമ്മേളനം നടക്കാൻ പോകുന്നത് എന്നത് ശ്രദ്ധേയമാണ്.സമുദ്രത്തിലെയും തണ്ണീർതടങ്ങളിലെയും ഘനലോഹ മലിനീകരണം,കീടനാശിനികളുടെ മലിനീകരണം,പ്ലാസ്റ്റിക-മൈക്രോപ്ലാസ്റ്റിക് തുടങ്ങിവയുടെ മലിനീകരണം,അപകടകരമായ രാസപദാർഥങ്ങൾ ജലജീവികൾക്കു ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തുടങ്ങി വിവിധ ഗൗരവപരമായ ചർച്ചകൾ സമ്മേളനത്തിൽ നടക്കും. പരിസ്ഥിതി വിദ്യാഭ്യാസം, പൗര ശാസ്ത്രം എന്നിവയെ സമുദ്ര സംരക്ഷണത്തിന് ആവശ്യമായ ഉപകരണങ്ങളായി മുൻനിർത്തി ഈ സമ്മേളനം പുതിയ സാധ്യതകൾ കണ്ടെത്തി ഇന്ത്യയുടെ തീരദേശങ്ങളെയും,ആഗോള സമുദ്ര പരിസ്ഥിതിയെയും സംരക്ഷിക്കുവാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മലിനീകരണവുമായി ബന്ധപ്പെട്ടുള്ള ഇരുന്നൂറിലധികം പ്രബന്ധങ്ങളും പരിപാടിയിൽ അവതരിപ്പിക്കം.

ഉദ്ഘാടനത്തിനുശേഷം കടൽ ,കായൽ എന്നിവയിലെ മലിനീകരണ പ്രശ്നങ്ങളെ കുറിച്ചും അവയുടെ പരിഹാര മാർഗങ്ങളെ കുറിച്ചും തുറന്ന ചർച്ചകൾ നടക്കും. വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരും മലിനീകരണ നിയന്ത്രണ ബോർഡിലെ പ്രതിനിധികളും ഈ

ചർച്ചയിൽ പങ്കെടുക്കും.

 

സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിൽ തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങൾ അന്തരാഷ്ട്ര ശാസ്ത്ര ഗവേഷണ മാസിക ആയ ജേർണൽ ഓഫ് ഏർത് സിസ്റ്റം സയൻസിൽ പ്രസിദ്ധീകരിക്കും. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്,നാഷണൽ

എൻവിറോണ്മെന്റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്, അമേരിക്കയിലെ വുഡ്‌ഹോൾ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിട്യൂട്ട് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിലെ ഇരുപതിൽ പരം ശാസ്ത്രജ്ഞരും പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ

പ്രാധിനിധ്യം ഉറപ്പു വരുത്തുന്നതിനും വേണ്ടി യുവ ഗവേഷക യാത്ര ഗ്രാന്റ് നൽകും.

കൂടാതെ, സെമിനാർ കോംപ്ലെക്സിൽ പ്രത്യേകമായി സജ്ജീകരിച്ച സ്റ്റാളുകളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പങ്കാളികളായി ഒരു സമുദ്രശാസ്ത്ര പ്രദർശനം നടക്കും. പ്രസ്തുത പ്രദർശനത്തിൽ സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളും സാങ്കേതിക പുരോഗതികളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കും. സ്കൂൾ, കോളജ്, സർവകലാശാല തലങ്ങളിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഈ പ്രദർശനം സന്ദർശിക്കാം.

 

സമുദ്രമാലിന്യ ഗവേഷണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പ്രധാന സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞന്മാരായ ഡോ. എൻ. ബാലകൃഷ്ണൻ നായർ, ഡോ. എൻ. ആർ. മേനോൻ, ഡോ. അജ്മൽ ഖാൻ എന്നിവരുടെ പേരിലുള്ള മൂന്നു ദേശീയ പുരസ്കാരങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു മുതിർന്ന ശാസ്ത്രജ്ഞർക്കു നൽകും. അവരുടെ പ്രവർത്തനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് പുരസ്കാരം നൽകുന്നത്. സമുദ്രമേഖലയിലും തീരപ്രദേശങ്ങളിലും മലിനീകരണം കുറയ്ക്കാനുള്ള ശ്രദ്ധേയമായ ശ്രമങ്ങൾക്കുള്ള അംഗീകാരമായ കുസാറ്റിന്റെ പേരിലുള്ള ‘കുസാറ്റ് പരിസ്ഥിതി ശ്രേഷ്ഠ പുരസ്കാരവും’ പ്രാദേശിക തലത്തിൽ നൽകും. ഈ നാലു പുരസ്കാരങ്ങളും വിഷയ വിദഗ്ധരുമായി ചേർന്ന് സംഘാടക സമിതിയിലെ പ്രാഥമിക സംഘത്തിലൂടെ നിർണയിക്കുകയും,വിജയികളെ സമ്മേളനത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ പ്രഖ്യാപിച്ച് സമ്മാനിക്കുകയും ചെയ്യും.

 

സർവകലാശാല വൈസ്‌ചാൻസലർ പ്രൊഫ.ഡോ.ജുനൈദ് ബുഷ്റി, ഹൈബി ഈഡൻ (എം.പി), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എസ്.ശ്രീകല, ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. ഫാക്കൽറ്റി ഓഫ് മറൈൻ സയൻസിന്റെ ഡീൻ ഡോ. എസ്. ബിജോയ് നന്ദൻ, മറൈൻ ബയോളജി ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റൻറ് പ്രൊഫസർ

ഡോ. ലതിക സിസിലി തോമസ് എന്നിവരാണ് ചെയർമാൻ,ചീഫ് കൺവീനർ എന്നിവർ.





Author

Varsha Giri

No description...

You May Also Like