തിരഞ്ഞെടുപ്പ് ചട്ട പരിഷ്കരണം; ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്സഭയിൽ
- Posted on December 18, 2021
- News
- By Sabira Muhammed
- 193 Views
അന്തിമ ഉത്തരവ് പുറത്തിറക്കുക സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും

കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് അവതരിപ്പിക്കും. ഇതടക്കമുള്ള തിരഞ്ഞെടുപ്പ് ചട്ട പരിഷ്കരണത്തിന് കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.
ഇരട്ടവോട്ടും കള്ളവോട്ടും തടയാനും, വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനുമാണ് പുതിയ നിയമപരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്.
ഇതോടെ ഒരാൾക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. അന്തിമ ഉത്തരവ് പുറത്തിറക്കുക സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും.
പരിഷ്കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകുമെന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഭേദഗതി നിർദേശം സർക്കാരിന് സമർപ്പിച്ചത്.
ഇതോടൊപ്പം സൈന്യത്തിന്‍റെ നയങ്ങളിൽ കൂടുതൽ ലിംഗസമത്വം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി, വനിതാസൈനികരുടെ ഭർത്താക്കൻമാർക്കും അവർ താമസിക്കുന്ന നാട്ടിൽ വോട്ടർ പട്ടികയിൽ പേര് റജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കും.
നിലവിൽ സൈനികർക്ക് എല്ലാവർക്കും അവർ താമസിക്കുന്ന നാട്ടിലെ വോട്ടർപട്ടികയിൽ പേര് റജിസ്റ്റർ ചെയ്യാൻ കഴിയും. സൈനികനോടൊപ്പം ജോലിസ്ഥലത്ത് ഭാര്യ താമസിക്കുന്നുണ്ടെങ്കിൽ അവർക്കും സ്വന്തം നാട്ടിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാം.
എന്നാൽ ഒട്ടേറെ വനിതകൾ സൈന്യത്തിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ട് എന്നതിനാൽ അവരുടെ ഭർത്താവിനും ഒപ്പം താമസിക്കുന്നുണ്ടെങ്കിൽ നാട്ടിൽ പേര് റജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുന്ന ഭേദഗതിയും ബില്ലിലുണ്ട്. ഇതിനായി ചട്ടത്തിൽ നിലവിൽ 'ഭാര്യ' എന്ന് അടയാളപ്പെടുത്തിയ ഇടത്ത് 'ജീവിതപങ്കാളി' എന്നായി മാറ്റും.