ആഫ്രിക്കയിൽ നിന്നൊരു പ്രണയകഥയുമായി ‘ജിബൂട്ടി’
- Posted on August 30, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 260 Views
ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
അമിത് ചക്കാലക്കൽ നായകനാകുന്ന ആക്ഷന്‍ റൊമാന്റിക് ത്രില്ലര്‍ ‘ജിബൂട്ടി’യുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ എന്നിവർ ചേർന്ന് സോഷ്യൽ മീഡിയ വഴിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയത്. എസ്.ജെ സിനുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രം കൂടിയാണ് ജിബൂട്ടി.
കോമഡിയും പ്രണയവും ആക്ഷനും ഒരേപോലെ പറയുന്ന ചിത്രത്തില്‍ മനുഷ്യക്കടത്തും പ്രധാനവിഷയമാണ്. ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി. സാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്.
ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക. ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.