വൈദ്യര്‍ അക്കാദമിയില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.
ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് 12, 13 തീയതികളില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും ദി ബാനിയനും സംയുക്തമായി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.

ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് 12, 13 തീയതികളില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും ദി ബാനിയനും സംയുക്തമായി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പരിപാടി ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, കമ്മിറ്റി അംഗം പി. അബ്ദുറഹിമാന്‍, ദി ബാനിയന്‍ കേരള ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. സാലിഹ്, ഉന്മാദ് ഫൗണ്ടേഷന്‍ സഹസ്ഥാപക ഇ. ഷഹനാസ് എന്നിവര്‍ സംബന്ധിക്കും. ദി ബാനിയന്‍ 2017-ല്‍ കേരളത്തില്‍ തുടക്കം കുറിച്ച ദി ഹോം എഗെയ്ന്‍ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്ന ആദ്യത്തെ ഹോം യൂണിറ്റിന്റെ ഉദ്ഘാടനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹറാബി പരിപാടിയില്‍ നിര്‍വഹിക്കും.
വീടില്ലാത്ത കാരണത്താല്‍ ചികിത്സാനന്തരം മാനസീകാരോഗ്യകേന്ദ്രങ്ങളില്‍ ദീര്‍ഘകാലമായി അധിവസിച്ചുവരുന്ന വ്യക്തികളെ സാമൂഹികാന്തരീക്ഷത്തില്‍ പുനരധിവസിപ്പിക്കുന്ന ഹോം എഗൈന്‍ അഥവാ വീണ്ടും വീട് പദ്ധതി മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലായി ഇരുപതിലധികം യൂണിറ്റുകളില്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഫിലിം ഫെസ്റ്റിവലില്‍ മാനസീകാരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ദീദി ദാമോദരന്‍ ക്യൂറേറ്ററായി പങ്കെടുക്കും. കേഫാര്‍നം, മിറാക്ള്‍ ഇന്‍ സെല്‍നമ്പര്‍, വണ്ടര്‍, ബ്ലാക് സ്വാന്‍, പെര്‍ഫ്യൂം തുടങ്ങിയ ഇംഗ്ലീഷ്, ലബനീസ്, ടര്‍ക്കീഷ് സിനിമകളായിരിക്കും പ്രദര്‍ശിപ്പിക്കുക. സിനിമകള്‍ക്ക് ശേഷം ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും.