കാലാവസ്ഥാധിഷ്ടിത ഇൻഷുറൻസ് പദ്ധതിയിലെ ആശങ്കകൾ പരിഹരിച്ച് കർഷക സൗഹൃദമാക്കാൻ ശില്പശാല സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.
- Posted on October 10, 2025
- News
- By Goutham prakash
- 40 Views

സി.ഡി. സുനീഷ്.
കാലാവസ്ഥാധിഷ്ടിത ഇൻഷുറൻസ് പദ്ധതി നടത്തിപ്പ് സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതി കൂടുതൽ കർഷക സൗഹൃദമാക്കുന്നതിനും ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി ഈ മാസം 15 ന് ഒരു ശില്പശാല സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പ്രസ്താവിച്ചു. ശില്പശാലയിൽ ഉരുത്തിരിഞ്ഞ് വരുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിബന്ധനകൾ പരിഷ്കരിച്ച് പദ്ധതി കൂടുതൽ കർഷക സൗഹൃദമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും മലമ്പുഴ നിയോജക മണ്ഡല അംഗം എ. പ്രഭാകരന്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി 2023 ഖാരിഫ് സീസൺ മുതൽ പരിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു. തെങ്ങ്, വാഴ, റബ്ബർ, കുരുമുളക്, നെല്ല്, കാപ്പി, ഇഞ്ചി, തേയില, കശുമാവ്, മരച്ചീനി ഉൾപ്പെടെയുള്ള 27 വിളകളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കാലാവസ്ഥ കേന്ദ്രങ്ങളിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. നെല്‍കൃഷിക്ക് ഇന്‍ഷുറന്‍സ് തുകയുടെ 1.5% (റാബി1,2) മുതല്‍ 2% (ഖാരിഫ്) വരെ ആണ് കര്‍ഷക പ്രീമിയം. 80,000/- രൂപയാണ് ഇന്‍ഷുർ തുക. ഇന്‍ഷുർ തുകയുടെ 25%, 20%, 9% എന്നിങ്ങനെയാണ് ഖാരിഫ്, റാബി 1, 2 പ്രീമിയം നിരക്കുകള്‍. കര്‍ഷകർ അടയ്ക്കേണ്ട പ്രീമിയം തുകയ്ക്ക് ഉപരിയായ തുക പ്രീമിയം സബ്സിഡിയായിട്ടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തുല്യമായി വഹിക്കുന്നത്. കാര്‍ഷിക ലോൺ എടുത്ത കര്‍ഷകർ അതാത് ബാങ്ക് മുഖേനയും ലോൺ ഇല്ലാത്ത കര്‍ഷകർ കോമൺ സര്‍വ്വീസ് സെന്റർ, അക്ഷയ കേന്ദ്രങ്ങൾ വഴിയും പദ്ധതിയിൽ ചേരുന്നുണ്ട്.
പരിഷ്ക്കരിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഖാരിഫ് (വിരിപ്പ്) സീസണിന്റെ ഇന്‍ഷുറന്‍സ് കവറേജ് പാലക്കാട് ജില്ലയിൽ ജൂലൈ മുതൽ ഒക്ടോബർ വരെയും റാബി (2) പുഞ്ച സീസണിൽ ജനുവരി മുതൽ ഏപ്രിൽ വരെയും റാബി (2) പുഞ്ച സീസണിന്റെ കാലാവധി ജനുവരി മുതൽ ഏപ്രിൽ വരെയുമാണ്. പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി യഥാക്രമം ജൂൺ 30, സെപ്തംബർ 30, ഡിസംബർ 31 എന്നിങ്ങനെയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം പാലക്കാട് ജില്ലയിൽ റാബി (1) സീസണിൽ കർഷകർ വിളയിറക്കുന്നത് ഒക്ടോബർ രണ്ടാം വാരം മുതലാണ്. ദീർഘകാല നെല്ലിനങ്ങൾ കൃഷി ചെയ്യുന്നതിനാൽ വിളവെടുപ്പ് മാർച്ച് വരെ നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ റാബി (1) സീസണിലെ ഇന്‍ഷുറന്‍സ് പരിരക്ഷ കർഷകർക്ക് പൂർണ്ണായും ലഭ്യമാകാത്ത സാഹചര്യവും നിലവിലുണ്ട്. ഇൻഷുറൻസ് കമ്പനിയുമായി ഏർപ്പെട്ടിരിക്കുന്ന കരാറും ടേംഷീറ്റും പരിഷ്കരിച്ചാൽ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാകൂ. ഇതിനായി കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പോർട്ടലിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇക്കാര്യം വ്യകതമാക്കി കേന്ദ്ര സര്‍ക്കാരിനും നടത്തിപ്പ് ഏജന്‍സിയായ അഗ്രിക്കള്‍ച്ചർ ഇന്‍ഷുറന്‍സ് കമ്പനിക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.