കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യണം: കൃഷി മന്ത്രി പി പ്രസാദ്.



സ്വന്തം ലേഖകൻ.


തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതി (WBCI) കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഇൻഷുറൻസ് കമ്പനികളുമായി കൂടിയാലോചന നടത്തി പദ്ധതി മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു. സംസ്ഥാന കാർഷിക വില നിർണയ ബോർഡ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി - ദേശീയ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2007 മുതൽ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി തുടങ്ങി, വിവിധങ്ങളായ ഇൻഷുറൻസ് പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നുണ്ട്. നിലവിൽ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി (AIC) മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർ അംഗങ്ങൾ ആവുകയാണെകിലും നിരവധി പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട് മന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് 2023 ൽ പി.എം.എഫ്.ബി.വൈ. (പ്രധാന മന്ത്രി ഫസൽ ബീമാ യോജന) പദ്ധതി നിർത്തലാക്കുകയും പൂർണമായും കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതി പ്രോത്സാഹിപ്പിക്കാനും തുടങ്ങി. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രായോഗികമായ നിരവധി പ്രതിസന്ധികൾ കർഷകർക്കിടയിൽ ഉണ്ട്. നിലവിൽ 3 വർഷപദ്ധതിയായി വിജ്ഞാപനം നടത്തിയാണ് ഓരോ വിളകൾക്കും മാനദണ്ഡങ്ങൾ നിശ്ചയിച്ചു നടപ്പിലാക്കുന്നത്. ഇതുവരെ സംസ്ഥാനത്തെ 3,28,000-ത്തോളം കർഷകർക്ക് പദ്ധതി ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന 172 ആട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിലെ രേഖപ്പെടുത്തലുകൾ അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് ആനുകൂല്യം കർഷകർക്ക് ലഭ്യമാകുന്നത്. പുതുതായി 148 കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളും 799 മഴ മാപിനികൾ പഞ്ചായത്ത് അടിസ്ഥാനത്തിലും സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്നതിലൂടെ പദ്ധതി കൂടുതൽ കൃത്യതയോടെ നടപ്പിലാക്കാൻ കഴിയും മന്ത്രി പറഞ്ഞു.  

എന്നാൽ പദ്ധതിയിൽ കർഷകർക്ക് അംഗങ്ങൾ ആകാൻ ഏകീകൃതമായി നിശ്ചയിക്കുന്ന സമയപരിധി സംസ്ഥാനത്തിന്റെ പ്രത്യേക ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട് മന്ത്രി പറഞ്ഞു. പ്രാദേശികമായ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ അഗ്രോ എക്കോളജിക്കൽ യൂണിറ്റുകൾ അടിസ്ഥാനമാക്കി കർഷകർക്ക് പദ്ധതിയിൽ അംഗങ്ങൾ ആകാൻ അവസരം നൽകുന്ന തരത്തിൽ പദ്ധതി മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തണം മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പദ്ധതിയിൽ ഉൾപ്പെട്ട വിവിധ വിളകൾ കൃഷിയിറക്കുന്നത് അടിസ്ഥാനമാക്കി തയാറാക്കുന്ന ട്ടേം ഷീറ്റ് പുതുക്കി നൽകുന്നതിന് 45 ദിവസത്തെ സമയ പരിധി നൽകി കൃഷി ഉദ്യോഗസ്ഥരെയും കാർഷിക സർവകലാശാല പ്രതിനിധികളെയും ഉൾപ്പെടുത്തി ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും, കാർഷിക വായ്പകൾ നൽകുന്ന സ്ഥാപനങ്ങൾ നിർബന്ധമായും കർഷകരെ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങൾ ആകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന റവന്യു പ്രൊട്ടക്ഷൻ ഇൻഷുറൻസ് (RPI) പോലുള്ള കർഷകർക്ക് ആത്മവിശ്വാസവും ധൈര്യവും പകരുന്ന പദ്ധതികൾ കേരളത്തിലും നടപ്പിലാക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കും മന്ത്രി അറിയിച്ചു. സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ സ്വാഗതം ആശംസിച്ചു. കാർഷികോല്പാദന കമ്മിഷണർ ഡോ. ബി. അശോക് ഐ.എ.എസ്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്., കാലാവസ്ഥാധിഷ്ഠിത  ഇൻഷുറൻസ് പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന തല ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാല പ്രതിനിധികൾ, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ തുടങ്ങിയവർ സംസാരിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like