പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി

ഉദ്ഘാടനം 2025 നാളെ*


സ്വന്തം ലേഖിക


പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം 2025 സെപ്റ്റംബർ 22 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 2025 സെപ്റ്റംബർ 22 മുതല്‍ ഒക്ടോബര്‍ 22 വരെ നീളുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവിനും  ഔദ്യോഗികമായി തുടക്കമാകും. തിരുവനന്തപുരം ഹയാത്ത് റിജന്‍സിയില്‍ (ദ ഗ്രേറ്റ് ഹാള്‍) വൈകിട്ട് 6.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പും ചടങ്ങില്‍ പ്രകാശനം ചെയ്യും. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുളള ഇ-കാര്‍ഡ് ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ  പി. ശ്രീരാമകൃഷ്ണന്‍ കൈമാറും. 


ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍, ലോകകേരള സഭാ ഡയറക്ടര്‍ അസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ, എന്‍.ആര്‍.ഐ.(കെ) കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് (റിട്ട) സോഫി തോമസ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്  ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഗിരിജ സുബ്രമണ്യന്‍,  നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, ഓവര്‍സീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്  മാനേജിങ് ഡയറക്ടര്‍ ഡോ. ബാജു ജോര്‍ജ്ജ്, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍, വിഷിഷ്ടാതിഥികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. 


നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ്  നോര്‍ക്ക കെയര്‍. പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോര്‍ക്ക കെയര്‍’. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like